മുംബൈ: കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതി ഐറോളി സെന്റ് ജോസഫ് ദേവാലയത്തിൽ ഓണാഘോഷം വർണാഭമായി. ഓഗസ്റ്റ് 30ന് നടന്ന ആഘോഷത്തിൽ ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 400-ലധികം പേർ പങ്കെടുത്തു.
മാവേലിയുടെ വരവേൽപ്പ്, പുലികളി, തിരുവാതിര എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായി. ദേവാലയാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സദസ്സിന് ആവേശവും സന്തോഷവും പകർന്നു.

ഓണത്തിന്റെ ഐക്യം, സമൃദ്ധി, സൗഹാർദ്ദം, കൂട്ടായ്മ എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷ പരിപാടികൾ. ഇടവകാംഗങ്ങൾക്കും കുടുംബങ്ങൾക്കും ഒരുമിച്ചുകൂടാനും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കാനും പരിപാടി അവസരമൊരുക്കി.
ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ പരമ്പരാഗത ഓണസദ്യയിലും മുഴുവൻ പങ്കെടുത്തവരും ആവേശത്തോടെ പങ്കുചേർന്നു. വിവിധ പരമ്പരാഗത വിഭവങ്ങളാൽ സമൃദ്ധമായ സദ്യ ഓണാഘോഷത്തിന് കൂടുതൽ മികവേകി.
ഇടവക വികാരി റവ. ഫാ. ബിപിൻ ചൊവ്വാട്ടുകുന്നേൽ നേതൃത്വം നൽകിയ ആഘോഷ പരിപാടികൾ ദേവാലയ ട്രസ്റ്റിമാരായ എ. സി. ജോൺ, സ്റ്റീഫൻ പാലാട്ടി, ഗ്രേജോ ജോബി എന്നിവരുടെ മാർഗനിർദേശത്തിലും സഹകരണത്തിലുമാണ് സംഘടിപ്പിച്ചത്.
പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനൊപ്പം ഇടവകാംഗങ്ങൾക്കിടയിലെ സ്നേഹവും സൗഹൃദവും ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഓണാഘോഷം എല്ലാവർക്കും സന്തോഷത്തിന്റെയും ഒരുമയുടെയും മനോഹര അനുഭവമായി മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
