എസ്.എൻ.ഡി.പി. യോഗം മുംബൈ-താനെ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ, ശാഖായോഗങ്ങൾ, വനിതാസംഘം, വനിതാസംഘം യൂണിറ്റുകൾ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ് തുടങ്ങിയ പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയും ഓണാഘോഷവും സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10 മുതൽ നെരൂൾ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി കോംപ്ലക്സിലാണ് ആഘോഷപരിപാടികൾ നടക്കുക. കേരള സഹകരണ-എക്സൈസ് മന്ത്രി എം. ലിജു മുഖ്യാതിഥിയായി പങ്കെടുക്കും.
യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരള വനിതാ-ശിശുവികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കേന്ദ്ര നൂതന-പുനരുപയോഗ ഊർജ വകുപ്പ് സഹമന്ത്രി ശ്രീപദ് വൈ. നായിക്, മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ഗണേഷ് നായിക് എന്നിവർ മുഖ്യാതിഥികളാകും.
ശിവഗിരി മഠം മുൻ പ്രസിഡന്റ് പദ്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശവും അനുഗ്രഹപ്രഭാഷണവും നടത്തും. എസ്.എൻ.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിൽ അംഗവുമായ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും.
മുംബൈ സൗത്ത് സെൻട്രൽ ലോക്സഭാ മണ്ഡലം എം.പി. അനിൽ ദേശായി, മുൻ എം.പി. സഞ്ജീവ് നായിക്, മുൻ എം.എൽ.എ. സന്ദീപ് നായിക്, നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഡർ ഓഫ് ഹൗസ് സാഗർ നായിക്, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുൾ നാസർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
‘ഗുരു ചൈതന്യ’ പുരസ്കാരം
ഗുരുധർമ്മ പ്രചാരകയും എഴുത്തുകാരിയും അധ്യാപികയുമായ നിർമല മോഹന് യൂണിയൻ ഏർപ്പെടുത്തിയ ‘ഗുരു ചൈതന്യ’ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ, കെയർ 4 മുംബൈ പ്രസിഡന്റും സീസാഗ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.കെ. നവാസ്, ഹോട്ടൽ റോയൽ റസോയി സ്ഥാപകനും കേശവ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.കെ. മുരളീധരൻ, എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മെറിഡിയൻ പ്ലേസ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.പി. വിജയൻ, ചലച്ചിത്ര നിർമ്മാതാവും വുഡ് ആപ്പിൾ മീഡിയ സി.ഇ.ഒയുമായ മുരളി മട്ടുമ്മൽ എന്നിവരെയും ചടങ്ങിൽ ആദരിക്കും.
കഴിഞ്ഞ അധ്യയന വർഷത്തെ SSC, HSC പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡുകളും സമ്മാനിക്കും.
വൈവിധ്യമാർന്ന കലാപരിപാടികൾ
ശാഖാ അംഗങ്ങളുടെ കലാപരിപാടികൾക്കൊപ്പം കലാഭവൻ ജയൻ, കലാഭവൻ ഉദ്ദേഷ്, നവീൻ പാലക്കാട്, ജിനു തൊടുപുഴ, വിജേഷ് പെരുംകുടി എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ചതയ-ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി. വിജയൻ നന്ദിയും പറയും. യോഗം ഡയറക്ടർ ബോർഡ് അംഗം ബാലേഷ് ബാലപ്പൻ, കൗൺസിൽ അംഗം പി.കെ. ബാലകൃഷ്ണൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് അംഗം വി.കെ. ഉത്തമൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വൈദിക സമിതി സെക്രട്ടറി എ.വി. സുനിൽ, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ എ.ആർ. ശശിധരൻ, രാധിക ഗിരീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ പരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
