മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും; ഹാരിസ് ബീരാൻ എം.പി. മുഖ്യാതിഥി :::
മുംബൈ: വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈ പ്രൊവിൻസ് വർഷംതോറും നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണം സെപ്റ്റംബർ 12ന് വൈകിട്ട് വാഷിയിലെ തുംഗ ഹോട്ടലിൽ നടക്കും. കേരള എക്സൈസ് മന്ത്രി എം. ലിജു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹാരിസ് ബീരാൻ എം.പി. മുഖ്യാതിഥിയായിരിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ, SSC, HSC പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കാണ് ഈ വർഷവും വിദ്യാഭ്യാസ സഹായം നൽകുന്നത്. തുടർപഠനത്തിന് സാമ്പത്തിക പിന്തുണ ആവശ്യമുള്ള വിദ്യാർഥികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.
SSC, HSC പരീക്ഷകളിൽ 85 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളിൽനിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതെന്ന് WMC മുംബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി എം.കെ. നവാസ് അറിയിച്ചു.
പ്രതിസന്ധിയുടെ കാലഘട്ടങ്ങളിലും വിദ്യാർഥികളുടെ തുടർപഠനത്തിന് വിദ്യാഭ്യാസ സഹായം നൽകി അവരെ ചേർത്തുപിടിക്കുന്ന പ്രവർത്തനമാണ് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് വർഷംതോറും നടത്തിവരുന്നതെന്ന് ചെയർമാൻ കെ.കെ. നമ്പ്യാർ പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തുന്ന, സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം, മികവിനെയും സാമൂഹിക ഉത്തരവാദിത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന WMC-യുടെ സാമൂഹിക ഇടപെടലിന്റെ ഭാഗമായാണ് സ്കോളർഷിപ്പ് വിതരണം സംഘടിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
