മുംബൈ: ദഹിസർ മലയാളി സമാജം (രജി.) സംഘടിപ്പിക്കുന്ന ഓണം 2026 ആഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച ദഹിസർ ഈസ്റ്റിലെ സുധീന്ദ്ര നഗറിലുള്ള ശ്രീ വിത്തൽ രഖുമായീ മന്ദിർ – ദഹിസർ കാശി മഠം ഹാളിൽ നടക്കും. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ആഘോഷത്തിൽ കേരളത്തിന്റെ തനത് സംസ്കാരവും കലാപാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത പൂക്കളം മത്സരം, മാവേലിയെ സ്വീകരിക്കൽ, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, കായിക-വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. സമാജം അംഗങ്ങളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗാനങ്ങൾ, നൃത്തങ്ങൾ, ബാൻഡ്, നാടൻപാട്ട്, നാടകം, സ്കിറ്റുകൾ, കൈകൊട്ടിക്കളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും. കൂടാതെ സ്പോട്ട് ക്വിസും സമ്മാനവിതരണവും, ഗിഫ്റ്റ് ലക്കി – ഡ്രോയും, ഫിഫ ഫുട്ബോൾ ഫൈനല്‍ വിജയിയെ ” Predict & Win” കളിയില്‍ കൃത്യമായി പ്രവചിച്ചവർക്കുള്ള പാരിതോഷിക വിതരണവും ആഘോഷത്തിന്റെ ഭാഗമാകും.
കേരളത്തിന്റെ ഓണപ്പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. അംഗങ്ങളും കുടുംബങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന സദ്യ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
2025–26 അധ്യയന വർഷത്തിൽ SSC, HSC പരീക്ഷകളിൽ മികച്ച വിജയം നേടിയ സമാജം വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും. യുവതലമുറയുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സമാജം ഈ ആദരം സംഘടിപ്പിക്കുന്നത്.
ആഘോഷത്തിന്റെ ഭാഗമായി വിവിധ എക്സിബിഷൻ, സെയിൽസ്, പ്രമോഷണൽ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
മുംബൈയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓണം ആഘോഷം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി സമാജം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 9820140075
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
