മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്നു വരുന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ നവകേരള സംഘടിപ്പിച്ച ഓണപ്പുലരി വേറിട്ട് നിന്നത് യുവജന പങ്കാളിത്തം കൊണ്ടാണ്. പലാവ ഫേസ് 2 താമസ സമുച്ചയത്തിൽ വസിക്കുന്ന പുതുതലമുറയിലെ മലയാളികൾ ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് നവകേരള വെൽഫെയർ അസോസിയേഷൻ.
നവകേരള സംഘടിപ്പിച്ച ആദ്യ ഓണാഘോഷപരിപാടി ഡോംബിവിലിയിലെ ഹോട്ടൽ കുശാല ഗ്രീൻസിൽ വച്ച് നടന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരിയും സംരംഭകയുമായ ഡോ ശശികല പണിക്കർ, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഓണാഘോഷ പരിപാടിക്ക് രാവിലെ ഒമ്പതരയ്ക്ക് ഭദ്രദീപം കൊളുത്തി തുടക്കമിട്ടു.
മറുനാട്ടിൽ ജീവിക്കുമ്പോഴും മാതൃഭാഷ സ്വായത്തമാക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും മാതൃഭാഷയും സംസ്കാരവും സംരക്ഷിക്കപ്പെടണമെന്നും ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. പ്രവാസി മലയാളികൾക്കായി കേരള സർക്കാർ രൂപീകരിച്ച നോർക്കയുടെ സേവനങ്ങളെ കുറിച്ച് പരാമർശിച്ച ലോക കേരള സഭാ ക്ഷണിതാവ് കൂടിയായ ഡോ ഡേവിഡ് പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ വേണ്ട നിർദ്ദേശങ്ങളും വിശദീകരിച്ചു.
ഓണം സമൃദ്ധിയുടെ മഹോത്സവം മാത്രമല്ല. അത് കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം കൂടിയാണെന്ന് ഡോ ശശികല പണിക്കർ പറഞ്ഞു.
മുംബൈയിലെ മലയാളി സംഘടനാ രംഗത്തേക്ക് പുതിയ തലമുറയുടെ കടന്നു വരവ് പ്രത്യാശയുടെ ഓണപ്പുലരിയുമായാണെന്ന് നവകേരളയുടെ ആദ്യ ഓണാഘോഷപരിപാടിക്ക് ആശംസകൾ നേർന്ന് മാധ്യമ പ്രവർത്തകൻ പ്രേംലാൽ സംസാരിച്ചു.
തുടർന്ന് അംഗങ്ങൾ ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന കേരളീയ കലകളും നാടൻ കായിക വിനോദങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ആഘോഷ പരിപാടികൾ.
നവകേരള വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സാവിയോ അഗസ്റ്റിൻ, സെക്രട്ടറി നിഷാന്ത് ബാബു, ട്രഷറർ ശാലിനി നായർ, കൺവീനർ ഡോ. നവീൻ പ്രേംദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
രാജേഷ് നായർ ചടങ്ങ് നിയന്ത്രിച്ചു.
- ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി
- കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന
- ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
- കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു
- പടയണിയും പാട്ടുമായി ലെജന്റ്സ് ലൈവ് നാളെ
- ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തിളങ്ങി മലയാളികൾ (Watch Video)
- ട്രെയിനിടയിൽ വീണ 40 കാരനെ സാഹസികമായി രക്ഷപ്പെടുത്തി യാത്രക്കാരും റെയിൽവേ പോലീസും (Watch Video)
- മുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ 10ന്
- പ്രൊഫ. സരിത അയ്യർ സീവുഡ്സ് ക്ഷേത്രത്തിൽ
- മുംബൈ ഓണാഘോഷം 2024; കൊട്ടിക്കലാശവുമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ (Watch Video)