മലയാള ചലച്ചിത്ര ഗാനത്തെ നാട്ടുമൊഴിച്ചന്തത്തിൻ്റെയും സൂക്ഷ്മമായ ജനകീയ കാവ്യ സംസ്കാരത്തിൻ്റെയും പാതയിലൂടെ നിത്യഹരിതമാക്കിയ പ്രതിഭയാണ് പി.ഭാസ്കരൻ മാസ്റ്ററെന്ന് ബാബു മണ്ടൂർ.
നെരൂളിൽ ഇപ്റ്റ, കേരള മുംബയ് ചാപ്റ്റർ സംഘടിപ്പിച്ച ഭാസ്കരസന്ധ്യ നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലനാമങ്ങളിലൂടെ, സൂക്ഷ്മമായ മാനസിക വ്യാപാരങ്ങളുടെ ചിത്രണങ്ങളിലൂടെ, പ്രണയത്തിൻ്റെ മനോഹര വാങ്മയങ്ങളിലൂടെ ഭാസ്കരൻ മാഷ് തീർത്ത പാട്ടിൻ്റെ പാലാഴിയിലൂടെ ബാബു മണ്ടൂർ സദസ്സിനെ രണ്ടു മണിക്കൂറോളം നീരാടിച്ചപ്പോൾ എൻ. ബി. കെ.എസ് ഹാളിൽ നിറഞ്ഞ മലയാളി സദസ് ഗൃഹാതുരത്വത്തിൻ്റെ ലഹരിയിൽ അക്ഷരാർത്ഥത്തിൽ ആറാടുകയായിരുന്നു.
കവിതയും പാട്ടും പാട്ടുവഴികളും പാട്ടിൻ്റെ പിന്നിലെ കഥകളുമായി സദസ്സും അരങ്ങും ഒന്നായി ഒഴുകുന്ന അനുഭവം.
ഭാസ്കരൻ മാഷിൻ്റെ തൂലിക തീർത്ത അനശ്വര വരികളെ സദസ്സിനായി ആലപിച്ചു കൊണ്ട്, സ്മൃതി മോഹൻ, ശ്രീരാം ശ്രീകാന്ത്, അർജുൻ കേശവൻ, ജന്യ പ്രവീൺ നായർ, അശ്വിൻ നമ്പ്യാർ, എന്നിവരും കൂടെ കൂടി.
ബാബു മണ്ടൂരിൻ്റെ ആലാപനങ്ങൾ കാർത്തികേയൻ്റെ ഹാർമ്മോണിയം കൂടെ ചേർന്നത് നവ്യാനുഭവമായി.
നമ്മുടെ ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളോട് ചേർന്നു നിന്ന് സിനിമയിലും നാടകത്തിലും ഒക്കെ ജനകീയ അഭിലാഷങ്ങളെയും ഭാവനയെയും പ്രതിഫലിപ്പിച്ച ചരിത്രമാണ് ഇപ്റ്റയുടെത്. മുൽക് രാജ് ആനന്ദും കെ എ അബ്ബാസും കെയ്ഫി ആസ്മിയും ഒക്കെ നേതൃത്വം കൊടുത്ത ഇപ്റ്റയ്ക്ക്, മലയാളത്തിലും പ്രതിഫലനമുണ്ടായി. ഈ കാലത്ത്, മലയാളിയുടെ ജനകീയ ഭാവനയെ പ്രോജ്വലിപ്പിച്ച പാട്ടും സിനിമയും തീർത്ത ആളാണ് ഭാസ്കരൻ മാഷെന്ന് ഇപ്റ്റ പ്രവർത്തകർ പറഞ്ഞു. കവിതയിലൂടെയും ഗാനങ്ങളിലൂടെയും സാമാന്യജനതയുടെ തുടിപ്പും കിതപ്പുമാണ് ഭാസ്കരൻ മാഷ് കോറിയിട്ടത്. നമ്മുടെ ജനകീയ സംഗീതം പിറക്കുന്നത് അങ്ങനെ മാഷിലൂടെ കൂടിയാണ്.
അതുകൊണ്ടുതന്നെ ഭാസ്കരൻമാഷിൻ്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത് ഇപ്റ്റയുടെ ദൗത്യം തന്നെയാകുന്നു എന്ന് ഇപ്റ്റ പ്രവർത്തകർ പറഞ്ഞു.
ഡിസംബർ 7-ാം തീയതി വൈകിട്ട് 6 മുതൽ നടന്ന ഭാസ്കരസന്ധ്യ , അവിസ്മരണീയമായ അനുഭവം ഓരോ ശ്രോതാവിനും പകർന്നു കൊണ്ടാണ് അവസാനിച്ചത്.
ഇപ്റ്റയുടെ ജി വിശ്വനാഥൻ, ഷാബു ഭാർഗ്ഗവൻ, എൻ കെ ബാബു, സുബ്രഹ്മണ്യൻ, അജിത് ശങ്കരൻ, ശ്യാംലാൽ എം, മുരളി മാട്ടുമ്മൽ തുടങ്ങിയവർ ഭാസ്കരസന്ധ്യക്ക് നേതൃത്വം നൽകി.
ഇപ്റ്റ കേരള മുംബൈ ഘടകം സെക്രട്ടറി പി. ആർ. സഞ്ജയ് സ്വാഗതവും പ്രസിഡണ്ട് അഡ്വ. ബിജു കോമത്ത് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ മുംബൈയിലെ സാംസ്കാരിക രംഗത്തെ ധാരാളം പ്രമുഖരും പങ്കെടുത്തു.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്