മാലയും പൂച്ചെണ്ടുകളും ഒഴിവാക്കാനും പോലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്ന സംസ്‌കാരം അവസാനിപ്പിക്കാനുമുള്ള നിർദ്ദേശത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വലിയ മാലകളും പൂച്ചെണ്ടുകളുമായി ദിവസേന പതിനായിരക്കണക്കിന് രൂപ ധൂർത്തടിക്കുന്ന രാഷ്ട്രീയ സംസ്കാരം നിർത്തലാക്കാനുള്ള തീരുമാനത്തെ സോഷ്യൽ മീഡിയയും കൈയ്യടിച്ച് അഭിനന്ദിച്ചു.
തീരുമാനം ജനപ്രതിനിധികൾ പ്രാബല്യത്തിൽ കൊണ്ട് വന്നാൽ സംസ്ഥാനത്തിന് ദിവസേന ലക്ഷക്കണക്കിന് രൂപയുടെ അനാവശ്യ ധൂർത്ത് ഒഴിവാക്കാനാകുമെന്നും പലരും ചൂണ്ടിക്കാട്ടി
ഇനി മുതൽ സന്ദർശന വേളയിൽ ആരും മാലകളോ പൂച്ചെണ്ടുകളോ കൊണ്ടുവരരുതെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ എല്ലാ ജില്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ ആചാരം അവസാനിപ്പിക്കണമെന്നും നിർദ്ദേശം കർശനമായി പാലിക്കണമെന്നും കത്തിൽ പരാമർശിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി വികാസ് ഖാർഗെയാണ് വിജ്ഞാപനം പുറപ്പെടുവിച്ച് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും പോലീസ് കമ്മീഷണർമാർക്കും പോലീസ് സൂപ്രണ്ടിനും അയച്ചിരിക്കുന്നത് .