കഴിഞ്ഞ ദിവസമാണ് മുംബൈ ഉപനഗരമായ ഡോംബിവിലിയിലെ റിവർവുഡ് പാർക്കിനോട് ചേർന്നുള്ള ബസ് സ്റ്റോപ്പിന് സമീപം ദയനീയാവസ്ഥയിൽ ഒരു 70 വയസ്സിന് മുകളിൽ പ്രായമുള്ള മലയാളിയെ കണ്ടെത്തിയത്. തുടർന്ന് സമീപവാസികളായ അനിൽകുമാർ, മോഹൻകുമാർ, മുരളി നായർ എന്നിവർ ചേർന്നാണ് ഭക്ഷണം നൽകി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കി കൊടുത്തത്.
സംസാരത്തിൽ ഓർമ്മക്കുറവ് പ്രകടിപ്പിച്ചിരുന്നു. സോമൻ ചിറക്കര എന്നാണ് പേര് പറഞ്ഞത്.
തുടർന്ന് മോഹൻ കുമാർ, സാമൂഹ്യ പ്രവർത്തകനും കേരളീയ സമാജത്തിൻ്റെ മുതിർന്ന അംഗവുമായ ഉണ്ണികൃഷ്ണകുറുപ്പിനെ വിവരമറിയിക്കുകയായിരുന്നു . ഉണ്ണികൃഷ്ണനാണ് കേരളീയ സമാജം ട്രഷറർ മനോജ് നായർ, തനിമ ട്രഷറർ വിദേഹ് എന്നിവരോടൊപ്പം സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിയത്. ബന്ധുക്കളെ കുറിച്ചൊന്നും വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ സോമന് താൽക്കാലിക സംരക്ഷണം ഉറപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
സാമൂഹ്യപ്രവർത്തകൻ റെന്നി ഫിലിപ്പോസാണ് പൻവേൽ സീൽ ആശ്രമത്തിലെത്തിക്കാൻ സഹായിച്ചത്. രാത്രി 11:30 മണിക്ക് റെന്നിയുടെ കാറിലായിരുന്നു എല്ലാവരും ചേർന്ന് സോമനെ സീൽ ആശ്രമത്തിൽ എത്തിച്ചത്.
കേരളീയ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ, ചെയർമാൻ വർഗീസ് ഡാനിയേൽ, മുതിർന്ന സമാജ അംഗം പി മുകുന്ദൻ, മാധ്യമ പ്രവർത്തകൻ പ്രേംലാൽ എന്നിവരാണ് സമയോചിതമായി ഇടപെട്ട് സഹായങ്ങൾ ഏകോപ്പിച്ചത്.
അതെ സമയം ഡോംബിവ്‌ലി വിഷ്ണു നഗർ പോലീസ് സ്റ്റേഷനിൽ സോമൻ എന്നയാളെ ജനുവരി ഒന്ന് മുതൽ കാണാതായതായി മകൻ ജയ്‌സൺ പരാതി നൽകിയതായാണ് അറിയാൻ കഴിഞ്ഞത്. പരാതി നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ട് സോമനെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.