ഹൃദയം തൊട്ട നന്മക്ക് ആശംസകൾ നേർന്ന് പ്രവാസ ലോകവും പ്രമുഖരും

ഏപ്രിൽ 7 ഞായറാഴ്ച നവി മുംബൈയിൽ അരങ്ങേറുന്ന ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ വച്ച് പുരസ്‌കാരം കൈമാറും

0

ആംചി മുംബൈ 500 എപ്പിസോഡുകളുടെ ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ന്യൂസ് മേക്കർ ഓഫ് ദി ഇയർ അവാർഡിന് അർഹനായ കൃഷ്ണൻ കുട്ടി നായർക്ക് ആശംസകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ. പോയ വർഷം മുംബൈ മലയാളികൾക്കിടയിൽ വാർത്തകളിൽ ഇടം നേടിയ നിരവധി വ്യക്തികളിൽ നിന്നാണ് കൃഷ്ണൻകുട്ടി നായരെ തിരഞ്ഞെടുത്തത്.

മകൾ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ കുരുന്നുകളെ പുതു ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുകയായിരുന്നു ഈ മുംബൈ മലയാളിയായ പാലക്കാട്ടുകാരൻ. മകൾ അഞ്ജുഷയുടെ വിവാഹത്തിന്റെ അനാവശ്യ ചെലവുകൾ ഒഴിവാക്കി നിർധനരായ 13 കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്കുള്ള ചിലവുകൾ വഹിച്ചാണ് ചളവറ സ്വദേശിയായ കൃഷ്ണൻകുട്ടി നായർ നന്മയെ ഹൃദയത്തിലേറ്റുന്നത്. മുംബൈയില്‍ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു ജീവിക്കുന്ന കൃഷ്ണൻകുട്ടി നായർ എന്ന സാമൂഹിക സേവകനാണ് ആംചി മുംബൈ ന്യൂസ് മേക്കർ ഓഫ് ദി ഇയർ 2018 ബഹുമതിക്ക് അർഹനാകുന്നത് .

ടെലിവിഷനിലും ഓൺലൈൻ ന്യൂസ് പോർട്ടലിലും വന്ന വാർത്തയോട് പ്രതികരിച്ചു നിരവധി പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുന്നത്. പ്രവാസി മലയാളികൾക്ക് അഭിമാനമാണ് ഈ മുംബൈ മലയാളിയെന്നാണ് പലരുടെയും പ്രതികരണം. ദോഹയിൽ നിന്നും രാജീവൻ അയച്ച സന്ദേശത്തിൽ മുംബൈ മലയാളികളുടെ മാത്രമല്ല പ്രവാസി മലയാളികളുടെ തന്നെ ഉണ്ണിയേട്ടനാണ് സമൂഹത്തിന് മാതൃകയായ കൃഷ്ണൻ കുട്ടി നായരെന്നാണ് പ്രകടിപ്പിച്ചത്. ദുബായിൽ നിന്നും ബിന്ദു, ആശാ മോഹൻദാസ്, അഷ്‌റഫ്, ഡാനിയൽ എബ്രഹാം തുടങ്ങിയവരും ഇനിയും നന്മ നശിക്കാത്തൊരു സമൂഹത്തിന്റെ പ്രതീകമാണ് കൃഷ്ണൻകുട്ടി നായരെന്ന് പ്രതികരിച്ചു. യു എസ്സിലുള്ള കോട്ടയം സ്വദേശി സണ്ണി തോമസും, തിരുവല്ലക്കാരൻ അഭിജിത്തും ഒന്നും പറയാനില്ലെന്നും ഉണ്ണിയേട്ടനും കുടുംബത്തിനും ആശംസകൾ നേര്ന്നുമാണ് സന്ദേശം അയച്ചിരിക്കുന്നത്. യൂ കെ യിൽ നിന്നും നിഥിൻ ചന്ദ്‌, ധീരജ് നമ്പ്യാർ തുടങ്ങിയവരും കൃഷ്ണൻകുട്ടി നായരുടെ നന്മയെ പ്രകീർത്തിക്കുകയും ഒപ്പം മകൾ അഞ്ജുഷക്ക് മംഗളാശംസകൾ നേർന്നും നന്മയുടെ ഭാഗമായി.

Dr. Brijesh, Pediatric Cardiologist, Amrita Institute of Medical Sciences, Kochi

ഇക്കഴിഞ്ഞ വർഷം അമൃത ഹോസ്പിറ്റലില്‍ ഡോ ബ്രിജേഷിന്റെ നേതൃത്വത്തിൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോ വിജയകുമാർ, ഡോ ഇഷാൻ അഹമ്മദ്, തുടങ്ങിയവരടങ്ങുന്ന മെഡിക്കൽ ടീമായിരുന്നു ഹൃദയശസ്ത്രക്രിയകളിലൂടെ പാവപ്പെട്ട 13 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ സമ്മാനിച്ചത്. ആദ്യം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 7 കുട്ടികളുടെ ചികിത്സാ ചിലവുകൾ വഹിക്കുവാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് തനിക്ക് ലഭിച്ച 13 കുട്ടികളുടെയും അപേക്ഷകൾ പരിഗണിക്കുകയായിരുന്നു കൃഷ്ണൻകുട്ടി നായർ.

സിംഗപ്പൂരിൽ നിന്നും കെ ആർ ചന്ദ്രനും, സംഗമേശ്വർ അയ്യരും, ലക്ഷ്മി മേനോനും വാർത്ത പ്രസരിപ്പിക്കുന്ന നന്മയെ പ്രകീർത്തിക്കുന്നതിനോടൊപ്പം ആംചി മുംബൈ ഏർപ്പെടുത്തിയ അംഗീകാരത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം വ്യക്തികളെ സമൂഹത്തിന് മാതൃകയാക്കി ഉയർത്തി കാണിക്കേണ്ടത് മാധ്യമ ധർമ്മമാണെന്നും ഇവർ പ്രതികരിച്ചു.

സമൂഹത്തിന് നന്മയുടെ സന്ദേശം പകർന്നാടിയ വാർത്ത നല്ല മനോഭാവത്തെയാണ് ഉയർത്തി കാണിക്കുന്നതെന്നാണ് ഡൽഹിയിൽ നിന്നും രാധാകൃഷ്ണൻ മഠത്തിൽ അറിയിച്ചത്. മാതൃകയാക്കാവുന്ന വ്യക്തിത്വമെന്നാണ് ഐരോളിയിലുള്ള രാജേഷ് മുംബൈ പ്രതികരിച്ചത്.

കൂടാതെ മുംബൈയിലെ പ്രമുഖരായ വി ജി നായർ ( വി ജി എൻ ജ്വല്ലേഴ്‌സ്), എം പി രാമചന്ദ്രൻ (ഉജാല), സുനിൽ കുമാർ (ഗുഡ് വിൻ), വ്യവസായി അജയകുമാർ (UNICO), വേണുഗോപാൽ (ഗോദ്‌റെജ്‌ മുംബൈ), ഡോ ഉമ്മൻ ഡേവിഡ് (ഹോളി ഏഞ്ചൽസ്) , ചിത്തിര വിജയൻ, രാജൻ നായർ (താനെ), വർഗീസ് ഫിലിപ്പ് , മനോജ് അയ്യനേത്ത്, തുടങ്ങിയവരും കൃഷ്ണൻകുട്ടി നായരുടെ മഹാ മനസ്കതയെ പ്രകീർത്തിച്ചു.

ചലച്ചിത്ര താരങ്ങളായ ജയറാം ശരത് തുടങ്ങിയ പ്രശസ്തരും അനുമോദനവും ആശംസകളും അറിയിച്ചാണ് വാർത്തയോട് പ്രതികരിച്ചത്.

കേരളത്തിൽ നിന്നും നിരവധി പ്രശസ്തരും വാർത്തയോട് പ്രതികരിച്ചത് തുറന്ന മനസ്സോടെയായിരുന്നു. പാലക്കാട്ട് നിന്ന് എം ബി രാജേഷ് എം പി, മുൻ എം പി എൻ എൻ കൃഷ്ണദാസ്, ചലച്ചിത്ര താരങ്ങളായ ജയറാം, ശരത് കൂടാതെ പാലക്കാട്ട് കർഷക സംഘം നേതാവ് പി കെ സുധാകരൻ, ഒറ്റപ്പാലം സഹകരണ ബാങ്ക് ചെയർമാൻ ഐ എം സതീശൻ തുടങ്ങിയ പ്രമുഖരും കൃഷ്ണൻ കുട്ടി നായരുടെ സന്മനസിന് ലഭിച്ച അംഗീകാരത്തിൽ സന്തോഷം രേഖപ്പെടുത്തി. ഇവരെല്ലാം മകൾ അഞ്ജുഷക്ക് വിവാഹാശംസകൾ നേർന്നു കൊണ്ടാണ് അഭിമാന മുഹൂർത്തത്തെ നെഞ്ചിലേറ്റിയത്.

Read More >>>>>



കൈരളി ടി വി, പീപ്പിൾ ടി വി കൂടാതെ ആംചി മുംബൈയിലും വളരെ പ്രാധാന്യത്തോടെയാണ് ഈ വാർത്ത പ്രക്ഷേപണം ചെയ്തിരുന്നത്. രാജ്യത്തും വിദേശത്തുമുള്ള നിരവധി പ്രമുഖരും പ്രശസ്തരും കൃഷ്ണൻകുട്ടി നായർ ചെയ്ത നന്മയെ പ്രകീർത്തിച്ചു സന്ദേശങ്ങൾ അയച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് ഈ വാർത്ത ഷെയർ ചെയ്തു നന്മയുടെ സന്ദേശത്തിന് പ്രചാരം നൽകിയത്.

ഉല്ലാസനഗറിലാണ് കൃഷ്ണൻ കുട്ടി നായർ കുടുംബ സമേതം താമസിക്കുന്നത്. പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ഈ പാലക്കാട്ടുകാരൻ.



ആംചി മുംബൈ മ്യൂസിക് റിയാലിറ്റി ഷോയോട് അനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക ചടങ്ങിൽ വച്ച് പുരസ്‌കാരം കൈമാറും. എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ മുഖ്യാതിഥിയായ ചടങ്ങിൽ പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ, ചലച്ചിത്ര താരം ശ്രീധന്യ തുടങ്ങിയ പ്രമുഖർ വിശിഷ്ടാതിഥികളായിരിക്കും. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here