മാനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ 2025 ഏപ്രിൽ മാസം ആറാം തീയതി കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് നടന്നു. സെക്ടർ പതിനൊന്നിലുള്ള സുഷമ പാട്ടീൽ സ്കൂളിൽ വെച്ച് പി ആർ സഞ്ജയിന്റെയും സംഘത്തിന്റെയും നിയന്ത്രണത്തിലാണ് ക്യാമ്പ് നടന്നത്. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകർന്ന് കഥയും കളിയും പാട്ടും കൂത്തും നാടകവും പഠനവുമായി വിവിധ ഘട്ടങ്ങളിലായാണ് ക്യാമ്പ് അരങ്ങേറിയത്.
രാവിലെ ഏഴു മണിക്ക് കുട്ടികളുടെ രെജിസ്‌ട്രേഷനും ID കാർഡ് വിതരണവും ആരംഭിച്ചു. കുട്ടികളെ ആമ്പൽ, അരളി, മന്ദാരം, മുക്കുറ്റി, ചെമ്പകം, ചെമ്പരത്തി എന്നീ ഗ്രൂപ്പുകളാക്കി.

ക്യാമ്പ് തുടങ്ങിയത് ഇന്ത്യയുടെ ഭൂപടവും സ്വാതന്ത്ര്യ സമരവും അടിസ്ഥാനമാക്കിയുള്ള നിധി വേട്ടയിലൂടെയാണ്. മലൈക്കോട്ടെ മന്ദാകിനി എന്ന നാടോടി, ക്യാമ്പിൽ വന്നു കയറി കുട്ടികളോട് കഥ പറഞ്ഞത് അതീവ രസകരമായി.
സൈക്കിൾ ടയറും പാളയുമെല്ലാം പഴമയുടെ ശക്തിയായി കുട്ടികളിൽ ആവേശമുണർത്തി. കണ്ണുകെട്ടി മറ്റൊരാളുടെ സഹായത്താൽ എങ്ങനെ ജീവിതപാതയിലെ ദുർഘടങ്ങളെ അതിജീവിക്കാം ഒപ്പം കനിവും എന്നത് മനോഹരമായി ക്യാമ്പിൽ അവതരിക്കപ്പെട്ടു.
നാടൻ പാട്ടുകളുടെയും നന്തുണിപ്പാട്ടിൻ്റെയും ഉത്ഭവം, വളർച്ച, ജനപ്രീതി എന്നിവ വിശദീകരിച്ചു. കുട്ടികളെ കാണാൻ വന്ന വൈകല്യങ്ങളെ ധീരമായി നേരിട്ട ഹെലൻ കെല്ലററെ ചോദ്യങ്ങളും സഹായങ്ങളുമായി കുട്ടികൾ പൊതിഞ്ഞു.
“ദൈവത്തെ കാത്ത് ” എന്ന കുട്ടികളുടെ നാടകം, കൊടുത്ത മൂലകഥയുടെ അടിസ്ഥാനത്തിൽ ആമ്പൽ, അരളി, മന്ദാരം, മുക്കുറ്റി, ചെമ്പകം, ചെമ്പരത്തി എന്നീ ഗ്രുപ്പുകൾ ചേർന്ന് പരിശീലിച്ച് അവതരിപ്പിച്ചു . ഇലക്ട്രിസിറ്റി ഉത്പാദനത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരാനായി വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചു.
സമാജം പ്രസിഡണ്ട് സി പി ജലേഷ് , സെക്രട്ടറി എൻ ബി ശിവപ്രസാദ്, ട്രഷറർ വി ഗോകുൽദാസ് , വൈസ് പ്രസിഡണ്ട് എൽദോ ചാക്കോ, ജോയിൻറ് സെക്രട്ടറി ചന്ദ്രൻ മാടത്തുംകര, ജോയിൻറ് സെക്രട്ടറി ലീന പ്രേമാനന്ദ്, ജോയിൻറ് ട്രഷറർ ലിജി രാധാകൃഷ്ണൻ, മറ്റ് കമ്മറ്റി അംഗങ്ങളായ പ്രേമാനന്ദ് തൈക്കാണ്ടി, ദിലീപ്, ശ്രീമതി വത്സല കുറുപ്പ്, പ്രേമനാഥൻ, രാധാകൃഷ്ണൻ, മോഹൻദാസ് , ഉല്ലാസ് , കുമാരി കീർത്തന ജലേഷ് , രാഹുൽ ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി .