മുംബൈ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമാണെന്നും 2008-ൽ നഗരം തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതിനാൽ സംസ്ഥാന സർക്കാർ പൂർണമായും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷിൻഡെ .
മുംബൈ സാമ്പത്തിക കേന്ദ്രമാണ്. അതിനാൽ മുംബൈ എല്ലായ്‌പ്പോഴും ലക്ഷ്യമാണ്. നമ്മൾ പൂർണമായും ജാഗ്രത പാലിക്കേണ്ടതുണ്ട് . ഏക്‌നാഥ് ഷിന്ദേ പറഞ്ഞു. സ്ഥിതിഗതികൾ എത്ര മോശമായാലും സായുധ സേനയ്ക്ക് സ്വാതന്ത്ര്യം നൽകാൻ മുൻപ് ആരും ധൈര്യപ്പെട്ടിരുന്നില്ലെന്നും ഇക്കാര്യത്തിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു കൊണ്ട് ഷിൻഡെ വ്യക്തമാക്കി.
ബോംബ് ഭീഷണി; മുംബൈ പോലീസ് അതീവ ജാഗ്രതയിൽ
മഹാരാഷ്ട്ര പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശത്തിലാണ് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ബോംബ് സ്ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. ഒരു അജ്ഞാത ഇമെയിൽ ലഭിച്ചതായി മഹാരാഷ്ട്ര പോലീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് സംസ്ഥാനത്തുടനീളം സുരക്ഷാ നടപടികൾ ശക്തമാക്കി.
സംസ്ഥാന ദുരന്ത നിവാരണ കൺട്രോൾ റൂമിലേക്ക് അയച്ച ഇമെയിൽ, സന്ദേശം അവഗണിക്കരുതെന്ന് അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തോ രാജ്യത്തിന്റെ മറ്റെവിടെയെങ്കിലുമോ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് സന്ദേശം മുന്നറിയിപ്പ് നൽകിയതെങ്കിലും സ്ഥലം അല്ലെങ്കിൽ സമയം സംബന്ധിച്ച പ്രത്യേക വിശദാംശങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ മുംബൈ പോലീസ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിനെ (എടിഎസ്) അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.