ചൂടിനെ പഴിച്ചു മുംബൈ; ബൂത്തുകളിൽ തിരക്കൊഴിഞ്ഞു.

0

രാവിലെ ഏഴു മണി മുതൽ ഏകദേശം പത്തു മണി വരെ മുംബൈയിലെ ബൂത്തുകളിൽ തിരക്കനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ നഗരത്തിലെ വോട്ടർമാർ മലക്കം മറിഞ്ഞു. മിക്കവാറും ബൂത്തുകളിൽ ആളില്ലാത്ത അവസ്ഥക്ക് കാരണമായത് ചുട്ടു പൊള്ളുന്ന വെയിലാണ്. പൊള്ളുന്ന ചൂടിൽ നിന്നും തൽക്കാലം മാറി നിൽക്കുന്ന വോട്ടർമാർ വൈകുന്നേരത്തോടെ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നിരുന്നാലും ചൂടിന്റെ ഒഴിവുകഴിവ് പറഞ്ഞു വോട്ടു ചെയ്യാതിരിക്കരുതെന്നുള്ള നടി റിച്ചാ ചദ്ദയുടെ ട്വീറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്.

വീട്ടമ്മമാർ അടങ്ങുന്ന വിഭാഗം മിക്കവാറും വൈകീട്ട് 4 മണിയോടെ വോട്ടു ചെയ്യുവാൻ എത്തിയേക്കും. പ്രവർത്തി ദിവസമായതിനാൽ രാവിലെ വോട്ടു ചെയ്തു മടങ്ങിയവരെ കൂടാതെ വൈകീട്ട് നേരത്തെ ഓഫീസിൽ നിന്നിറങ്ങി വോട്ടു ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നവരും 5 മണിയോടെ ബൂത്തുകളെ സജീവമാക്കും. കൃത്യമായ ബൂത്ത് വിവരങ്ങളും രേഖകളും കൈവശമുണ്ടെങ്കിൽ പെട്ടെന്ന് വോട്ടു ചെയ്തു മടങ്ങാമെന്നത് മുൻകാലങ്ങളെ അപേക്ഷിച്ചു സമ്മതിദാന പ്രക്രിയ വേഗത്തിലാക്കിയതും തിരക്ക് കുറക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഓൺലൈൻ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും വോട്ടർ ഐ ഡി കാർഡ് പ്രതീക്ഷിച്ചിരുന്ന പലർക്കും ലഭ്യമാക്കാൻ കഴിയാതിരുന്നതും ബൂത്തുകളിൽ തിരക്കൊഴിയാൻ കാരണമായി.

നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മതോണ്ഡ്കര്‍, പ്രിയ ദത്ത് ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ഹേമ മാലിനി, രേഖ, ആമിർഖാൻ, സൽമാൻ ഖാൻ, വരുൺ ധവാൻ, വിദ്യാ ബാലൻ, സഞ്ജയ് ദത്ത്, പരേഷ് റാവൽ കൂടാതെ ഉദ്ദവ് താക്കറെ, സച്ചിൻ ടെണ്ടുൽക്കർ, രാജ് താക്കറെ തുടങ്ങി നിരവധി പ്രമുഖർ രാവിലെ തന്നെ സമ്മതിദാനം നിർവഹിച്ചവരിൽ പെടും . മഹാരാഷ്ട്രയിലെ അവസാനഘട്ട വോട്ടെടുപ്പിൽ ഉച്ചക്ക് 2 മണി വരെയുള്ള വോട്ടിങ് ശതമാനം 29.93 % രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വരെയുള്ള വോട്ടെടുപ്പിൽ കല്യാണിലാണ് ഏറ്റവും കുറവ് വോട്ടിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here