മഹാരാഷ്ട്രയിൽ 59 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 20 എണ്ണം മുംബൈയിൽ മാത്രം സംസ്ഥാനത്ത് ജനുവരി 1 മുതൽ ആകെ രോഗികളുടെ എണ്ണം 873 ആയി വർധിച്ചു.
ആരോഗ്യ വകുപ്പിന്റെ പ്രസ്താവന പ്രകാരം, 2025 ജനുവരി മുതൽ സംസ്ഥാനത്ത് ആകെ 12,011 കോവിഡ്-19 പരിശോധനകൾ നടത്തിയിട്ടുണ്ട്, ഇതിൽ സജീവമായ കേസുകളുടെ എണ്ണം 494 ആണ്, അതേസമയം 369 രോഗികൾ സുഖം പ്രാപിച്ചു.
പുതിയ കേസുകളിൽ 20 എണ്ണം മുംബൈയിലും 17 എണ്ണം പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലും, നാല് എണ്ണം താനെയിലും കണ്ടെത്തി. സംസ്ഥാനത്തെ കോവിഡ് -19 രോഗികളിൽ നേരിയ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ടെന്നും പരിശോധനയ്ക്കും ചികിത്സാ സൗകര്യങ്ങൾക്കും വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.
ജനുവരി 1 മുതൽ മുംബൈയിൽ 483 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 477 കേസുകൾ മെയ് മാസത്തിൽ മാത്രം രേഖപ്പെടുത്തിയതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ വർഷം തുടക്കം മുതൽ സംസ്ഥാനത്ത് ഒമ്പത് രോഗികൾ കോവിഡ് ബാധിച്ച് മരിച്ചു. അവരിൽ ഏഴ് പേർക്ക് കാൻസർ, പ്രമേഹം, രക്താതിമർദ്ദം, നെഫ്രോട്ടിക് സിൻഡ്രോം (വൃക്ക തകരാറ്), ഹൈപ്പോഗ്ലൈസമിക് അപസ്മാരം എന്നീ രോഗങ്ങൾ ഉണ്ടായിരുന്നു.
കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു.