പൂനെ മലയാളികളുടെ നിരന്തരമായ നിവേദനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ശേഷം അനുവദിച്ച പൂനെ എറണാകുളം സൂപ്പർ ഫാസ്റ്റ് (Pune ERS 22150) ട്രെയിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് ഭാരത് ഭാരതിയുടെ പൂനെ കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ രാജീവ് കുറ്റ്യാട്ടൂർ പരാതിപ്പെടുന്നത്. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ട്രെയിനിൽ ഇല്ലെന്ന് രാജീവ് പറഞ്ഞു. കൂടാതെ സമയം തെറ്റിയുള്ള ഓട്ടവും വൃത്തിഹീനവും പഴകിയതുമായ ബോഗികളും ഏറ്റവും ദുരിതത്തിലാക്കുന്നത് കുട്ടികളുമായി കുടുംബസമേതം യാത്ര ചെയ്യുന്നവരാണെന്നും രാജീവ് ചൂണ്ടിക്കാട്ടി.
സമയം തെറ്റിയുള്ള യാത്രയിൽ ഭക്ഷണം പോലും വാങ്ങി കഴിക്കാനാകില്ലെന്നാണ് നിരവധി യാത്രക്കാർ പരാതിപ്പെടുന്നതെന്നും രാജീവ് പറഞ്ഞു.
പൂനെയിലെ ബിജെപി അടക്കമുള്ള ഇതര രാഷ്ട്രീയ പാർട്ടികളുടെ മുൻ നിരയിൽ പ്രവർത്തിക്കുന്ന മലയാളി നേതാക്കൾ പരസ്പരം ചെളി വാരി എറിയുന്ന രാഷ്ട്രീയം മതിയാക്കി പൂനെ മലയാളികളുടെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടിഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും രാജീവ് ആവശ്യപ്പെട്ടു. പ്രദേശത്തെ മറ്റു മലയാളി സമാജങ്ങളും സാമുദായിക സംഘടനകളും ഇതിനായി മുന്നോട്ട് വരണമെന്നും രാജീവ് വ്യക്തമാക്കി.
പൂനെയിൽ നിന്നും വൈകീട്ട് 6.45 ന് പുറപ്പെടുന്ന ട്രെയിൻ 1667 കിലോമീറ്റർ താണ്ടി മൂന്നാം ദിവസമാണ് എറണാകുളത്ത് എത്തുന്നത്.
പ്രതികരണങ്ങൾ
ഇവിടെ ചോദിയ്ക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. കാര്യങ്ങള് ഏതാണ്ട് നടക്കും എന്ന് ചുളുവിൽ അറിഞ്ഞു അത് ഞങ്ങളായിട്ടു ചെയ്തതാണ് എന്ന് വരുത്തി തീർക്കാൻ ഉള്ള കിടമത്സരത്തിൽ ചില ഫോട്ടോ ഷൂട്ടുകൾ മാത്രം കാണുന്നു. വർഷങ്ങളായി പുണെ മലയാളികളുടെ യാത്രാ പ്രശ്നങ്ങളെ കുറിച്ച് എത്രയെത്ര പരാതികൾ കൊടുത്തു. ഭരണകക്ഷി- പ്രതിപക്ഷ കക്ഷികൾ മാറി മാറി കേന്ദ്ര മന്ത്രിമാരെയും മഹാരാഷ്ട്ര – കേരള എം പി മാരെയും കണ്ടു നിവേദനങ്ങൾ കൊടുത്തു… ചിഞ്ചുവാഡ് സ്റ്റോപ്പ് വേണമെന്ന ആവശ്യവും എവിടേയും എത്തിയില്ല ..പൂണെയിലെ ആഗോള സംഘടനകളും കേന്ദ്രീയ മലയാളി സംഘടനകളും ഇല്ലാത്ത അവകാശവാദങ്ങൾ നിരത്തി പത്രവാർത്തയും ഫോട്ടോയും നൽകി പൂണെ മലയാളി സമൂഹത്തെ കളിപ്പിക്കുന്നു.
വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ,വേണ്ടത്ര സുരക്ഷ ഇല്ലാതെ കുടുംബത്തോടെ യാത്ര ചെയ്യേണ്ടി വരുന്നവരുടെ നിരവധി പരാതികൾ ഉയർന്നിട്ടും ആർക്കും ഒരു അനക്കവും ഇല്ല.. സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളിൽ പോലും പൊട്ടി പൊളിഞ്ഞ കച്ചറ ഡബ്ബകളും വൃത്തിയില്ലാത്ത ദുർഗന്ധം വഹിയ്ക്കുന്ന ശുചി മുറികളും കൊണ്ട് വീർപ്പുമുട്ടുകയാണ് യാത്രികർ… രാജീവ് അത് ഒന്ന് കൂടി തുറന്നു കാട്ടി..നമുക്ക് അതല്ലേ കഴിയൂ..പ്രതിഷേധങ്ങൾ ഉയരട്ടെ!
രാമകൃഷ്ണൻ പാലക്കാട്