ഡോംബിവ്‌ലി കേരളീയ സമാജം പ്ലാറ്റിനം ജൂബിലി വർഷാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവം എഴുത്തുകാരുടെ സജീവ സാന്നിധ്യം കൊണ്ട് സമ്പന്നമായി. സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. പ്രസിഡന്റ് ഇ പി വാസുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ വർഗീസ് ഡാനിയൽ പുരസ്‌കാരം എം മുകുന്ദന് സമ്മാനിച്ചു.
വൈകാരികയി തന്നെ സ്പർശിച്ച അംഗീകാരമാണിതെന്നും മുംബൈ എന്നും തന്റെ സ്വപ്ന നഗരമായിരുന്നുവെന്നും അവാർഡ് സ്വീകരിച്ചു കൊണ്ട് എം മുകുന്ദൻ പറഞ്ഞു. മുംബൈ വായനക്കാർ തന്ന ഈ അനുമോദനങ്ങൾ അവിസ്മരണീയമാണെന്നും കഥാകാരൻ കൂട്ടിച്ചേർത്തു.
പ്രശസ്ത നാടക കലാകാരനും ആർട്ടിസ്റ്റുമായ രാമു കണ്ണൂർ രൂപകൽപ്പന ചെയ്ത ഫലകവും 25000 രൂപയും അടങ്ങുന്നതായിരുന്നു അവാർഡ്.
ചടങ്ങിൽ കൽപ്പറ്റ നാരായണൻ, വി ആർ സുധീഷ് എന്നിവരെയും ആദരിച്ചു.
സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, കലാ വിഭാഗം സെക്രട്ടറി സുരേഷ് കുമാർ, പ്രേമൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു.

മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പൂനെയിൽ നിന്നുമായി നൂറു കണക്കിന് എഴുത്തുകാരും വായനക്കാരും ഡോംബിവ്‌ലി കമ്പൽപാഡയിലുള്ള മോഡൽ കോളേജ് അങ്കണത്തിൽ ഒരു ദിവസം നീണ്ട പരിപാടികൾ അവിസ്മരണീയമായി. നഗരത്തിലെ സാഹിത്യ സ്നേഹികളുടെ ഉത്സവമായി മാറി കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ സംവാദ പരിപാടി.
കാലത്തോടൊപ്പം നിരന്തരം നവീകരിക്കപ്പെടുന്ന എഴുത്തുകാരനാണ് മുകുന്ദനെന്ന് കല്പറ്റ നാരായണൻ
നോവലും കഥയും കവിതയും മലയാള സാഹിത്യത്തിൻറെ സമകാലിക പ്രവണതകളും സമഗ്രമായ ചർച്ചകളും സംവാദങ്ങളും അരങ്ങേറി
മലയാള ഭാഷയെ നോവൽ കൊണ്ടും കഥ കൊണ്ടും കവിത കൊണ്ടും വിസ്മയിപ്പിച്ച എഴുത്തുകാരായ എം മുകുന്ദനും, വി ആർ സുധീഷും, കൽപ്പറ്റ നാരായണനും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ, കേരളീയ സമാജത്തിന്റെ 75 വർഷങ്ങളിലെ സാംസ്കാരിക ഗാഥ, മറ്റൊരു ചരിത്ര നിർമ്മിതിയായി മാറിയെന്ന് സംഘാടകർ പറഞ്ഞു.

രാവിലെ 11 മണിക്ക് ആരംഭിച്ച മുകുന്ദ പർവ്വം സെഷൻ, മലയാളിയുടെ പ്രിയപ്പെട്ട കഥാകാരൻ എം മുകുന്ദന്റെ കഥാലോകം, സാഹിത്യ കുതുകികൾക്ക് ഹൃദ്യമായ അനുഭവമായി
മുംബൈ നഗരത്തെ അടയാളപ്പെടുത്തുന്ന ഒരു കൃതിയും മുംബൈ എഴുത്തുകാർ എഴുതിയതായി കരുതുന്നില്ല – ജി വിശ്വനാഥൻ
കഥാകൃത്ത് സുരേഷ് വർമ്മ മുകുന്ദന്റെ കഥകളെ കുറിച്ച് പ്രബന്ധമവതരിപ്പിച്ചു. മുകുന്ദന്റെ നാൽപ്പതോളം രചനകളുടെ ഉള്ളടക്കങ്ങൾ വേദയിൽ ചർച്ചയിൽ പങ്കെടുത്തവരെ അനുധാവനം ചെയ്തു.
ചർച്ച ഉത്ഘാടനം ചെയ്ത കല്പറ്റ നാരായണന്റെ കാവ്യാത്മകമായ ഇടപെടൽ എം മുകുന്ദന്റെ കഥാപാത്രങ്ങളുടെ വഴിത്താരയിലൂടെ യാത്ര ചെയ്യുന്ന അനുഭവമായി
കാലത്തോടൊപ്പം നിരന്തരം നവീകരിക്കപ്പെടുന്ന എഴുത്തുകാരനാണ് മുകുന്ദനെന്ന് കല്പറ്റ പറഞ്ഞു.
എം മുകുന്ദൻ ഗുരുസ്ഥാനീയനായ എഴുത്തുകാരനാണെന്ന് വി ആർ സുധീഷ് പറഞ്ഞു .

പറഞ്ഞു തീരാത്ത കഥകളുടെ കലവറയാണ് മുകുന്ദന്റെ സർഗ്ഗ സിദ്ധിയെന്നും സുധീഷ് കൂട്ടിച്ചേർത്തു. ജോയ് ഗുരുവായൂർ, സി പി കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് നടന്ന വി ആർ സുധീഷിന്റെ കഥയുടെ അമ്പതു വർഷങ്ങൾ സംവദിച്ചു. സി പി കൃഷ്ണകുമാർ പ്രബന്ധം അവതരിപ്പിച്ചു. എം മുകുന്ദൻ ചർച്ച ഉത്ഘാടനം ചെയ്തു. കൽപ്പറ്റ നാരായണൻ, സുധീഷിന്റെ കഥകളിലെ കാൽപ്പനിക ധാരണകളുടെയും, മാനവിക മൂല്യങ്ങളെയും അടയാളപ്പെടുത്തി. തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ തന്റെ കഥകളിൽ സംഗീതത്തിന്റെ അനുയാത്രയെക്കുറിച്ച് ബാബുരാജിന്റെ പാട്ടുകളിലൂടെ വിശദീകരിച്ചത് വേറിട്ട അനുഭവമായി.

മുംബൈ കഥാലോകം നഗരത്തിലെ എഴുത്തുകാരുടെ കഥകളെ കുറിച്ചുള്ള സമഗ്രമായ അവലോകനമായി. നഗരകവി സന്തോഷ് പല്ലശ്ശന, ആമുഖ പ്രസംഗത്തിൽ നഗരജീവിതത്തിന്റെ സ്പന്ദനങ്ങൾ കോറിയിടുന്ന നിരവധി പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ടെന്നും ഇത്തരം സാഹിത്യോത്സവങ്ങളും സംവാദങ്ങളും അവർക്കെല്ലാം ഊർജം നൽകുമെന്നും അഭിപ്രായപ്പെട്ടു.

ഉത്ഘാടകൻ ജി വിശ്വനാഥൻ മുംബൈ കഥാലോകം തനിക്കിതുവരെ മനസിലായിട്ടില്ലെന്നും മുംബൈ നഗരത്തെ അടയാളപ്പെടുത്തുന്ന ഒരു കൃതിയും മുംബൈ എഴുത്തുകാർ എഴുതിയതായി കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടി. സുരേഷ് വർമ്മ, കാട്ടൂർ മുരളി, തുടങ്ങി പത്തോളം പ്രമുഖ എഴുത്തുകാരുടെ കഥകളുടെ പേരുകൾ പറഞ്ഞായിരുന്നു അഭിപ്രായം. തുടർന്ന് നടന്ന ചർച്ചയിൽ പി ആർ കൃഷ്ണൻ, മേഘനാഥൻ, സുരേഷ് വർമ്മ, സി പി കൃഷ്ണകുമാർ, ഗിരിജ മേനോൻ, മുരളീധരൻ വേട്ടനാട്ട്, കെ വി എസ് നെല്ലുവായ്, പി ജി സുരേഷ്‌കുമാർ, അമ്പിളി കൃഷ്ണകുമാർ, സുരേഷ് കുമാർ കൊട്ടാരക്കര, തുടങ്ങിയവർ പങ്കെടുത്തു.
