മറാഠി അസ്മിത (മറാഠി അഭിമാനം) ഉയർത്തിക്കാട്ടി മീരാ ഭയന്തറിൽ എംഎൻഎസും സാമൂഹികസംഘടനകളും ചേർന്ന് സംഘടിപ്പിച്ച പ്രകടനത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
ഉദ്ധവ് വിഭാഗം ശിവസേനക്കാരും ശരദ്‌പവാർ വിഭാഗം എൻസിപി പ്രവർത്തകരും പ്രകടനത്തിൽ പങ്കുചേർന്നു. ക്രമസമാധാനത്തിന് ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടി പോലീസ് പ്രകടനത്തിന് ആദ്യം അനുമതി നിഷേധിച്ചിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് സംഘാടകർ നിർദേശിച്ച വഴിയിലൂടെ പ്രകടനം കടന്നു പോകുകയായിരുന്നു.
മറാഠി സംസാരിക്കാത്തതിന് എംഎൻഎസ് പ്രവർത്തകർ ഒരു ഭക്ഷണശാല ഉടമയെ തല്ലിയ സംഭവത്തെത്തുടർന്ന് ഇവിടെ വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറാഠി ഏകീകരണസമിതിയുടെ ആഭിമുഖ്യത്തിൽ എംഎൻഎസും മറ്റു സംഘടനകളും ചേർന്ന് പ്രകടനം സംഘടിപ്പിച്ചത്.
പ്രകടനത്തിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നും സംഘർഷം സംജാതമാകുന്നുവെന്നും അറിഞ്ഞതോടെ, ഷിന്ദേ വിഭാഗം ശിവസേനയുടെ മന്ത്രി പ്രതാപ് സർനായിക് സ്ഥലത്തെത്തി പോലീസിനെതിരെ വിമർശനമുയർത്തി പ്രകടനക്കാരെ ശാന്തമാക്കാൻ ശ്രമിച്ചു. സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായ നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി വിമർശിച്ചു. പ്രകടനം നടത്താതിരിക്കാൻ സർക്കാർ നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾ മീരാറോഡിലും തൊട്ടടുത്തുള്ള ഭയന്തറിലുമുള്ള തെരുവുകളിലൂടെ പ്രകടനം നടത്തി. എംഎൻഎസിലെയും ഉദ്ധവ് വിഭാഗം ശിവസേനയിലെയും പ്രവർത്തകർ ഒരുമിച്ചായിരുന്നു പ്രകടനം.
മീര ഭയന്ദർ പട്ടണത്തിൽ പ്രതിഷേധറാലിക്ക് മുന്നോടിയായി മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) ഒട്ടേറെ നേതാക്കളെയും പ്രവർത്തകരെയും ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. മറാഠി ഏകികാരൻ സമിതി നിർദേശിച്ച റാലിയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പോലീസ് വളഞ്ഞതിനെത്തുടർന്ന് മീര ഭയന്ദറിൽ സംഘർഷം ഉടലെടുത്തു. എംഎൻഎസ് നേതാക്കൾ പങ്കെടുക്കാൻ പദ്ധതിയിട്ട റാലിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും എന്നാൽ, ക്രമസമാധാന വെല്ലുവിളികൾ ഉയർത്തുന്നതിനാലാണ് അറസ്റ്റ് നടന്നതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ എംഎൻഎസ് പ്രവർത്തകർ പോലീസ് വാനുകളിൽ കുടുങ്ങിയതിന്റെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വന്നിട്ടുണ്ടെങ്കിലും എത്ര പേരെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.
റാലി അനുവദിക്കാത്തതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് പ്രതിഷേധക്കാർ സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചു. മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധം വേദിയിലെത്തുന്നതിന് തൊട്ടുമുമ്പുതന്നെ എംഎൻഎസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി എംഎൻഎസ് വൃത്തങ്ങൾ അറിയിച്ചു.
