രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രമായ കൂലി റിലീസ് ചെയ്ത് നാലാം ദിവസം പിന്നിടുമ്പോൾ, ഇന്ത്യയിൽ 200 കോടി രൂപയിലെത്താൻ ഏതാനും കോടികൾ അകലെയാണെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ 35 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ചെങ്കിലും തുടർന്ന് കളക്ഷനിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. നാല് ദിവസങ്ങളിൽ സിനിമയുടെ ആകെ കളക്ഷൻ 194.25 കോടി രൂപയായി. ആമിർ ഖാൻ പോലുള്ള ബോളിവുഡ് സൂപ്പർസ്റ്റാർ ഉണ്ടായിട്ടും, മുംബൈയിലെ തീയേറ്ററുകളിൽ ചിത്രത്തിന് തണുത്ത പ്രതികരണമാണ്.
അതേസമയം, കൂലിയുടെ പ്രചാരണത്തിനായി മുൻപെങ്ങും കാണാത്ത വിപുലമായ തന്ത്രങ്ങളാണ് നിർമ്മാതാക്കൾ പരീക്ഷിച്ചത്. അമസോൺ ഇന്ത്യ നടത്തിയ ഓൺ-പാക്കേജ് പരസ്യ കാമ്പെയ്‌ൻ വഴി ബംഗളൂരു, ഹൈദരാബാദ്, ഡെൽഹി, മുംബൈ, പൂനെ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ 4 ലക്ഷത്തിലധികം ഡെലിവറി ബോക്‌സുകൾ സിനിമാറ്റിക് ടച്ച്പോയിന്റുകളാക്കി. പ്രത്യേകമായി തയ്യാറാക്കിയ കൂലി ബാഡ്ജും ഉപഭോക്താക്കൾക്കായി ഉൾപ്പെടുത്തി.

മുംബൈയിലെ വെസ്റ്റേൺ, സെൻട്രൽ എസി ലോക്കൽ ട്രെയിനുകൾ മുഴുവൻ കൂലി പ്രമോഷൻ ദൃശ്യങ്ങളാൽ നിറഞ്ഞതോടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ ഒരു മലയാളി താരം പ്രമോഷൻ പോസ്റ്ററുകളിൽ ഇടം നേടുന്നത്. സൗബിൻ ഷാഹിറിന്റെ ചിത്രം പതിച്ച ട്രെയിനോടൊപ്പം സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മുംബൈ മലയാളികൾ ആഘോഷിക്കുന്നതാണ് ഇപ്പോൾ ട്രെൻഡായിരിക്കുന്നത്.
ദിവസേന 70 ലക്ഷത്തോളം പേർ ആശ്രയിക്കുന്ന മുംബൈ ലോക്കൽ ട്രെയിനുകളിൽ ഇത്തരത്തിലുള്ള പരസ്യങ്ങൾ യാത്രക്കാർക്ക് ആവേശം പകർന്നെങ്കിലും, തീയേറ്ററുകളിൽ ആരവമുണ്ടാക്കാൻ ചിത്രത്തിനായില്ല.

