നവി മുംബൈയിൽ നെരൂളിൽ കഴിഞ്ഞ മൂന്ന് വർഷമായി അടച്ചിട്ട മുറിയിൽ ശോചനീയാവസ്ഥയിൽ കഴിയുകയായിരുന്നു ഐ ടി വിദഗ്ദനായ അനൂപ് കുമാർ നായർ. 53കാരനായ അനൂപ് കതകിനടുത്ത് നീങ്ങാൻ പോലും കഴിയാത്ത നിലയിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിലായിരുന്നു. ഭക്ഷണമെല്ലാം ഓൺലൈനിൽ വാങ്ങുമായിരുന്നു.
അതികഠിനമായ ശാരീരികവും മാനസികവുമായ അവസ്ഥയിലാണ് അനൂപിനെ നെരൂളിലെ മലയാളി സമാജം പ്രവർത്തകർ കണ്ടെത്തുന്നത്. അങ്ങിനെയാണ് സീൽ ആശ്രമവുമായി ബന്ധപ്പെടുന്നത്. പാസ്റ്റർ കെ എം ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള രക്ഷാ പ്രവർത്തന സംഘമെത്തിയാണ് വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് അവശ നിലയിലായിരുന്ന അനൂപിനെ പുറത്തെടുത്തത്. തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി സീൽ ആശ്രമത്തിന്റെ പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള ബന്ധുക്കളെത്തിയാണ് അനൂപിനെ ആയുർവേദ ചികിത്സക്കായി കൊണ്ട് പോയത്.

മുൻ ATS – കസ്റ്റംസ് ജീവനക്കാരിയായ അമ്മ കോവിഡ് കാലത്ത് മരണപ്പെട്ടു. മാനസിക രോഗിയായിരുന്ന സഹോദരൻ ആത്മഹത്യ ചെയ്തതോടെയാണ് അനൂപ് വിഷാദ രോഗത്തിന് അടിമയായത്. പിതാവ് വി. പി. കുട്ടികൃഷ്ണൻ നായർ (മുൻ ടാറ്റാ പിആർഒ) മൂന്ന് വർഷം മുൻപ് മരിച്ചതോടെ അനൂപ് ഫ്ലാറ്റിൽ ഒറ്റപ്പെടുകയായിരുന്നു.
നെരൂളിലെ ഫ്ലാറ്റ് കൂടാതെ അന്ധേരിയിലും സ്വത്തുക്കൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. LIC ഏജന്റായ ഒരു സ്ത്രീ അനൂപിനെ ചൂഷണം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഒറ്റപ്പെട്ട ജീവിതമാണ് ആരോരും തുണയില്ലാതെ ഇത്തരമൊരു അവസ്ഥയിലേക്ക് അനൂപിനെയും കുടുംബത്തെയും നയിച്ചത്. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് അത്താണിയായ സീൽ ആശ്രമം നേരിടുന്ന പുതിയ വെല്ലുവിളി ഫ്ലാറ്റുകളിൽ ഒറ്റപ്പെടുന്ന ജീവിതങ്ങളാണെന്ന് പാസ്റ്റർ ഫിലിപ്പ് പറയുന്നു. അനൂപിനെ കൂടാതെ കല്യാണിൽ സമാനമായ അവസ്ഥയിലായിരുന്നു മഞ്ജുളയും . സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നിട്ടും ചേർത്ത് പിടിക്കാൻ ആരുമില്ലാതായ അവസ്ഥയിലാണ് ഇവരെല്ലാം വിഷാദ രോഗത്തിന് അടിമകളാകുന്നത്.
Also Read നെരൂളിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിക്ക് രക്ഷകരായി സീൽ ആശ്രമം
