മുംബൈയിലെ ഒരു മലയാളിയുടെ മൃതദേഹം രണ്ടാഴ്ചയോളമായി ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥമായി കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏറ്റെടുക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തതിനെത്തുടർന്ന് ഘാട്കോപ്പറിലെ രാജവാഡി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിക്കുകയാണ്.
ജോയ് എന്നറിയപ്പെടുന്ന വിനോദ് കൃഷ്ണൻ നായരുടെ(56) മൃതദേഹമാണ് മാർച്ച് എട്ടിന് കുർളയിലെ വാടകവീട്ടിൽ അയൽവാസികൾ കണ്ടെത്തിയത്. ഫെയ്മാ മഹാരാഷ്ട്ര യാത്രാ സഹായവേദി വിവിധ ഗ്രൂപ്പുകളിൽ വിശദ വിവരങ്ങൾ അറിയിച്ച് ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.
ബുധനാഴ്ച ഫെയ്മ മഹാരാഷ്ട്ര അടക്കമുള്ള സംഘടനാ പ്രവർത്തകർ എത്തിയതിനെ തുടർന്ന് മൃതദേഹം വ്യാഴാഴ്ച അവർക്ക് കൈമാറുമെന്ന് കുർള പൈപ്പ് ലൈനിലെ ചിരാഗ് നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ നമ്രതാ ഡോംഗ്രെ പറഞ്ഞു.
ഫെയ്മ മഹാരാഷ്ട്ര യാത്ര സഹായ വേദി / വനിതാവേദി പ്രവർത്തകരായ അനു ബി നായർ , രജനി മേനോൻ , മായാ ദേവി എന്നിവരും സാമൂഹ്യ പ്രവർത്തകരായ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.എൻ. മുരളീധരൻ, പവിത്രൻ മുതലായവർ പോലീസിന്റെ മേൽനോട്ടത്തിൽ മുംബൈയിൽ തന്നെ സംസ്കരിക്കാനുള്ള തുടർ നടപടികൾ പൂർത്തിയാക്കി.
ഭൗതിക ശരീരം ഇന്ന് മുംബൈയിലെ സാമൂഹിക പ്രവർത്തകർ ഏറ്റു വാങ്ങും. തുടർന്ന് ഘാട്കോപ്പർ രാജവാടി ശ്മാശാനത്തിൽ 11.30 ന് സംസ്കാര ചടങ്ങുകൾ നടത്തുവാനാണ് തീരുമാനം.