ചെമ്പൂർ ആദർശ വിദ്യാലയത്തിലെ 1977-ലെ SSLC ബാച്ചിലെ സഹപാഠികൾ, താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ മൂന്ന് ദശകമായി നേതൃത്വം നൽകുന്ന സെക്രട്ടറി ശശികുമാർ നായരെ ആദരിച്ചു.
അയ്യപ്പ ഭക്തിയുടെ ആത്മാവും ഊഷ്മളമായ സൗഹൃദവും ചേർന്ന ആദരവിന്റെ ഭാഗമായി, സഹപാഠിയും കലാകാരിയുമായ ഉഷാ പ്രഭാകരൻ കാപ്പിപ്പൊടി ഉപയോഗിച്ച് വരച്ച അയ്യപ്പന്റെ മനോഹര ചിത്രമാണ് ശശികുമാർ നായർക്കു സമ്മാനിച്ചത്.
പാലക്കാട് താമസമാക്കിയ ഉഷാ പ്രഭാകരൻ വരയ്ക്കുന്ന ചിത്രങ്ങൾ അയ്യപ്പ ഭക്ത സംഘം ലേലം ചെയ്ത് ലഭിക്കുന്ന തുക വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന പതിവ് തുടരുകയാണ്.
ഭക്ത സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്കായി, ഉഷാ പ്രഭാകരൻ പ്രതിവർഷം പത്തോളം ചിത്രങ്ങൾ കാൻവാസിൽ വരച്ച് പാലക്കാടിൽ നിന്ന് കോറിയർ വഴി അയച്ചു നൽകാറുണ്ടെന്ന് പ്രസിഡന്റ് കെ ജി കുട്ടി പറഞ്ഞു.
ചെമ്പൂർ ആദർശ വിദ്യാലയത്തിലെ 1977 ബാച്ചിലെ പത്താം ക്ലാസ് പഠിച്ച ഇരുപതോളം സഹപാഠികൾ ചേർന്ന് ഉഷാ പ്രഭാകരനെയും പ്രത്യേകം ആദരിച്ചു.
സംഘത്തിന്റെ വിവിധ ജീവകാരുണ്യ സേവന പരിപാടികളിൽ സഹപാഠികൾ തുടർച്ചയായി പങ്കുചേരുന്നുണ്ടെന്ന് അയ്യപ്പ ഭക്ത സംഘത്തിന്റെ ഭാരവാഹികൾ അറിയിച്ചു.
