മുതിർന്ന കലാകാരൻ വിശ്വനാഥൻ പള്ളൂർ അരങ്ങൊഴിഞ്ഞു

0

മുംബൈയിലെ ആദ്യ കാല നാടകപ്രവര്‍ത്തകനും കഥാകൃത്തുമായിരുന്ന വിശ്വനാഥന്‍ പള്ളൂര്‍ നിര്യാതനായി. മുംബൈയിൽ ബോറിവിലിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

1943 ൽ ഫ്രഞ്ച് മയ്യഴിയിൽ ജനിച്ച വിശ്വനാഥൻ അറുപതുകളിലാണ് ജോലി തേടി മുംബൈയിലെത്തുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ജോലി ചെയ്യുന്നതോടൊപ്പം സാംസ്‌കാരിക പ്രവർത്തനത്തിനും തുടക്കമിട്ടു. നാല് പതിറ്റാണ്ടു കാലം മുംബൈ നാടക വേദിക്ക് സുപരിചിതനായ നടനാണ് വിട പറഞ്ഞ വിശ്വനാഥൻ പള്ളൂർ.

നാടക സംവിധായകൻ, നാടക നിരൂപണം, ഗ്രന്ഥ നിരൂപണം കോടതി ഏകാങ്കങ്ങൾ നാടക ഗാന രചന കഥാരചന എന്നീ രംഗങ്ങളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. പാപം ചെയ്യാത്തവർ, മലരമ്പ്, രാമരാജ്യത്തിലെ പൗരൻ എന്നീ രചനകളും അദ്ദേഹത്തിന്റേതാണ്.

ജോലിക്കൊപ്പം കുർള മലയാളി സമാജത്തിന്റെ നാടക പ്രവർത്തനങ്ങളിലെത്തിയ വിശ്വനാഥൻ പള്ളൂർ മുംബൈ മലയാളികളുടെ ആദ്യകാല നാടക കൂട്ടായ്മകളായ ആദം തിയ്യറ്റർ , രാഗം തിയ്യറ്റർ, പ്രതിഭ തിയ്യറ്റർ സുനൈന ആർട്സ് തുടങ്ങിയ നാടക സംഘങ്ങളിലും മലയാളി സമാജങ്ങളുടെ നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു . ഹാസ്യ താരമായി രംഗത്തെത്തി വ്യത്യസ്ത വേഷങ്ങളിലൂടെ മുംബൈ മലയാള നാടക രംഗത്തിന്റെ അവിഭാജ്യ ഘടകമാകുകയായിരിരുന്നു അദ്ദേഹം. ബോംബെ കേരള സമാജം മുതലായ മലയാളി സംഘടനകളുടെ നാടകങ്ങളിൽ വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന പള്ളൂർ മുംബൈ നാടക വേദിക്ക് മറക്കാനാകാത്ത നിരവധി ഓർമ്മകൾ ബാക്കി വച്ചാണ് വിട പറയുന്നത് .

മുംബൈയിലെ മുതിർന്ന കലാകാരന്റെ വേർപാടിൽ ആദരാഞ്ജലിയർപ്പിച്ചു കലാ സാംസ്‌കാരിക ലോകം

മുംബൈയിലെ ആദ്യകാല നാടക പ്രവർത്തകനായ വിശ്വനാഥൻ പള്ളൂരിന്റെ വിയോഗത്തിൽ നഗരത്തിലെ നാടകലോകം ആദരാജ്ഞലികൾ അർപ്പിച്ചു. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ നാടകങ്ങളിലെല്ലാം പള്ളൂർ അഭിനയിച്ചിരുന്നുവെന്ന് സാംസ്‌കാരിക പ്രവർത്തകനായ സുരേന്ദ്രബാബു ഓർമ്മകൾ പങ്കു വച്ചു.

നിരവധി നാടകങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നാടക പ്രവർത്തകനായ സി കെ കെ പൊതുവാൾ വിശ്വനാഥൻ പള്ളൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 1963 മുതലുള്ള പരിചയമായിരുന്നുവെന്നും പിന്നീട് നിരവധി നാടകങ്ങളിൽ ഒരുമിച്ചു അരങ്ങ് പങ്കിട്ടിട്ടുണ്ടെന്നും പൊതുവാൾ ഓർമിച്ചു. നല്ലൊരു ഹാസ്യ നടനായിട്ടാണ് നാടകരംഗത്ത് പള്ളൂർ അറിയപ്പെട്ടിരുന്നതെന്നും 1968 ൽ ഏഴു രാത്രികൾ എന്ന നാടകത്തിൽ പാഷാണം വർക്കി എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചതിന് ശേഷം പാഷാണം എന്ന വിളിപ്പേര് വരെ പള്ളൂരിന്നു പ്രേക്ഷകർ ചാർത്തിക്കൊടുത്തുവെന്നും മുളുണ്ട് കേരള സമാജം പ്രസിഡന്റ് കൂടിയായ പൊതുവാൾ പഴയ കാല ഓർമ്മകൾ പങ്കു വച്ചു.

മുംബൈയിലെ മുതിർന്ന കലാകാരന്റെ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി എം കെ നവാസ്, കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ , മലയാളം മിഷൻ കൺവീനർ മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത്, എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ പ്രസിഡന്റ് ബിജു കുമാർ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് പത്മ ദിവാകരൻ, സാരഥി തീയറ്റേഴ്സിന്റെ സന്തോഷ്കുമാർ, മുളുണ്ട് കേരള സമാജം ജനറൽ സെക്രട്ടറി ഇടശ്ശേരി രാമചന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

മുംബൈയിലെ മുതിർന്ന നാടകപ്രവർത്തകനും കഥാകൃത്തുമായിരുന്ന പള്ളൂരിന്റെ നിര്യാണത്തിലൂടെ മുംബൈയിലെ കലാപ്രേമികൾക്കു ഒരു മികച്ച കലാകാരനെയാണ് നഷ്ടമായിരിക്കുന്നതെന്നു സാമൂഹിക പ്രവർത്തകനായ ഇ പി വാസു അനുശോചിച്ചു.

മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഗിരിജാവല്ലഭൻ, സി പി കൃഷ്ണകുമാർ, രാജൻ കിണറ്റിങ്കര, പ്രിയ വർഗീസ്, വത്സൻ മൂർക്കോത്ത്, സുമാ മുകുന്ദൻ തുടങ്ങിയവരും മുംബൈയിലെ മുതിർന്ന കലാകാരന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here