മുംബൈയിലെ തന്റെ പോരാട്ട നാളുകൾ ഓർത്തെടുത്ത് നടൻ സോനു സൂദ്

0

മഹാമാരിയെ തുടർന്നുണ്ടായ ലോക് ഡൌൺ ദുരിതത്തിലാക്കിയ കുടിയേറ്റ തൊഴിലാളികളെ ജന്മനാട്ടിലെത്തിക്കാൻ സഹായിച്ചതിന്റെ ഫലമായി നടൻ സോനു സൂദിനെ കുടിയേറ്റക്കാരുടെ മിശിഹാ എന്ന് മാധ്യമങ്ങളടക്കമാണ് പ്രകീർത്തിച്ചത്. സോനു സൂദിനെ സോഷ്യല്‍ മീഡിയയും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. എന്നിരുന്നാലും, മുംബൈ നഗരത്തിലെ തന്റെ ആദ്യ ദിവസങ്ങൾ സംഘർഷം നിറഞ്ഞതായിരുന്നുവെന്നാണ് സോനു സൂദ് പറയുന്നത്. സോണി ടെലിവിഷന്റെ “ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ” എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് സോനു മനസ്സ് തുറന്നത്.

“ഞാനിപ്പോഴും ഓർക്കുന്നു ആദ്യമായി മുംബൈയിൽ എത്തിയപ്പോൾ എന്റെ കൈവശം 5,500 രൂപയാണ് ഉണ്ടായിരുന്നത്. മുംബൈയിലെത്തി ആദ്യം പോയത് ഫിലിം സിറ്റിയിലേക്കായിരുന്നു. എന്നാൽ പ്രവേശനം നിഷേധിച്ചപ്പോൾ എൻട്രി ലഭിക്കാൻ 400 രൂപ നൽകിയാണ് അകത്ത് കടന്നത്. ഞാൻ ഫിലിം സിറ്റിയുടെ അകത്ത് വെറുതെ കറങ്ങി നടന്നു. ഏതെങ്കിലും ഒരു സംവിധായകനോ നിർമ്മാതാവോ എന്നെ കണ്ടെത്തി അവരുടെ പ്രോജക്റ്റിൽ അവതരിപ്പിക്കുമെന്ന ധാരണയിലായിരുന്നു കറക്കം. പക്ഷെ അത് ഒരിക്കലും സംഭവിച്ചിട്ടില്ല. എന്റെ മാതാപിതാക്കളുടെ അനുഗ്രഹത്താൽ മാത്രമാണ് ഞാൻ ഇപ്പോൾ ഇവിടെയുള്ളത്, ” മുംബൈയിലെ തന്റെ അതിജീവനത്തിന്റെ നാളുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

“ഇന്ത്യയിലെ മികച്ച നർത്തകി” എന്ന ഷോയുടെ ആസാദി സ്പെഷ്യൽ എപ്പിസോഡിന്റെ ഷൂട്ടിംഗിനിടെയാണ് സോനു തന്റെ ചലച്ചിത്ര യാത്രയുടെ വിശേഷങ്ങൾ പങ്കു വച്ചത്. മുംബൈ മലയാളിയായ ശ്വേതാ വാര്യരാണ് ഈ എപ്പിസോഡിൽ വ്യത്യസ്തമായ പ്രകടനവുമായെത്തുന്നത്. ഒരു മറുനാടൻ തൊഴിലാളിയുടെ ലോക് ഡൌൺ കാലത്തെ വിവരിക്കാനാവാത്ത വേദനകൾ നൃത്തഭാഷയിലൂടെ അവതരിപ്പിക്കുകയാണ് ശ്വേതയും കൊറിയോഗ്രാഫർ ഭാവനയും. സെലിബ്രിറ്റി ഗസ്റ്റ് ആയാണ് സോനു സൂദ് പങ്കെടുക്കുന്നത്.

വിധികർത്താക്കളെയും ആതിഥേയരെയും സോനു സൂദിനെയും വികാരാധീനമാക്കിയ നൃത്താവതാരമായിരുന്നു മത്സരാർത്ഥി ശ്വേത വാരിയർ കാഴ്ച വച്ചത്. പകർച്ചവ്യാധിയുടെ ആദ്യ മാസങ്ങളിൽ കുടുങ്ങിപ്പോയ ഒരു ഗർഭിണിയായ കുടിയേറ്റ തൊഴിലാളിയുടെ കഥ ചിത്രീകരിക്കുന്ന ‘തു നാ ജാനെ ആസ് പാസ് ഹായ് ഖുദ’ എന്ന ഗാനത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിലും സമാനമായ സാഹചര്യം കണ്ടുവെന്നും ഈ ഗർഭിണിയായ സ്ത്രീയെ സഹായിക്കാനും അവരുടെ ജന്മനാട്ടിലെത്തിക്കാനും കഴിഞ്ഞുവെന്നും സോനു പറഞ്ഞു. ശ്വേതയുടെയും ഭാവനയുടെയും പ്രകടനം എല്ലാവരേയും വികാരാധീനരാക്കി.

യഥാർഥ ജീവിതത്തിലെ സാഹചര്യം നൃത്താവിഷ്കാരത്തിലൂടെ ഹൃദയസ്പർശിയാക്കിയ മത്സരാർഥിയെ സോനു അഭിനന്ദിച്ചു.
ഈറനണിഞ്ഞ കണ്ണുകളോടെയാണ് സോനു തന്റെ അനുഭവങ്ങൾ പങ്കു വച്ചത്. നാളെ സ്വാതന്ത്ര്യ ദിന സ്പെഷ്യൽ ഷോയിലാണ് ഈ എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here