കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

0

കേരളത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ ഭൗതികശരീരം ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്‌. മുംബൈയിൽ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് അമേരിക്കയിലെ സിയാറ്റിലുള്ള മകൻ ശന്തനു അച്ഛനെ അവസാനമായി കാണാൻ മുംബൈയിലെത്തിയത്.

മുംബൈയിലെ ചാന്ദിവ്‌ലി നഗർ അമൃത്ശക്തി ഹൗസിങ് സൊസൈറ്റി കോംപ്ലക്സിൽ രാവിലെ പത്ത് മണിയോടെ ക്യാപ്റ്റൻ ദീപക് സാഠേയുടെ ഭൗതികശരീരം എത്തിച്ചു.

ഇന്ത്യൻ വ്യോമസേനാതലവനുവേണ്ടി സേനാംഗങ്ങളും സഹപ്രവർത്തകരും പുഷ്പചക്രം സമർപ്പിച്ചു. സംസ്ക്കാര ചടങ്ങുകൾ മഹാരാഷ്ട്രാ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു, കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ. മുംബൈ മലയാളികൾക്കു വേണ്ടി നാഹർ മലയാളി അസോസിയേഷൻ ഭാരവാഹി പ്രിയാ വർഗീസ് റീത്ത് സമർപ്പിച്ചു. എം പി പൂനം മഹാജൻ, എം എൽ എ ദിലീപ് ലാൻഡെ തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

എയർ ഇന്ത്യ എക്സ്പ്രസ്സിലെ കോ പൈലറ്റായ അഖിലേഷ് കുമാറിന്റെ മൃതദേഹം ജന്മനാടായ ഉത്തർപ്രദേശിലെ മധുരയിൽ സംസ്കരിച്ചു. അപകടത്തിൽ പൈലറ്റുമാരടക്കം 18 പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലാണ് മരണസംഖ്യ കുറയാൻ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here