കാമോത്തേ: മാനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്റെ കീഴിലുള്ള മലയാളം ക്ലാസുകളുടെ 2026 വർഷത്തെ പ്രവേശനോത്സവം സെക്ടർ 11-ലെ സുഷമാ പാട്ടീൽ സ്കൂളിൽ വർണശബളമായി നടന്നു.
സമാജം പ്രസിഡന്റ് സി. പി. ജലേഷ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ മഹാഡ്–കാമോത്തേ മേഖല പ്രസിഡന്റ്, മലയാളം ക്ലാസ് കോർഡിനേറ്റർ, സമാജം ട്രഷറർ എന്നീ ചുമതലകൾ വഹിക്കുന്ന വി. ഗോകുൽദാസ് സ്വാഗതം പറഞ്ഞു.
മലയാളം മിഷൻ അവതരണഗാനവും പ്രവേശനോത്സവഗാനവും കുട്ടികൾ ആലപിച്ചു. മലയാളം മിഷൻ മഹാഡ്–കാമോത്തേ മേഖല കോർഡിനേറ്റർ വിനോദ്‌കുമാർ, മലയാളം മിഷൻ മുംബൈ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി നിഷ പ്രകാശ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
മലയാളം മിഷൻ ക്ലാസുകളുടെ പാഠ്യഘടന, ഭാഷാപഠനത്തിന്റെ പ്രാധാന്യം, പ്രവാസി സമൂഹത്തിൽ മലയാള ഭാഷയുടെ സംരക്ഷണവും പുതുതലമുറയിലേക്കുള്ള കൈമാറ്റവും തുടങ്ങിയ വിഷയങ്ങൾ നിഷ പ്രകാശ് ആശംസാപ്രസംഗത്തിൽ വിശദീകരിച്ചു. മലയാളം മിഷൻ ക്ലാസുകളുടെ പ്രവർത്തനങ്ങളും പ്രവേശനോത്സവത്തിന്റെ പ്രസക്തിയും വിനോദ്‌കുമാർ വിശദീകരിച്ചു. സമാജം സെക്രട്ടറി എൻ. ബി. ശിവപ്രസാദ് ആശംസകൾ നേർന്നു.
ചടങ്ങിൽ മലയാളം ക്ലാസ് അധ്യാപകരായ ലീന പ്രേമാനന്ദ്, നിഷ പ്രകാശ്, സുമീഷ രാധാകൃഷ്ണൻ, സ്നിയ ദിലീപ്, ലിജി രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. ഈ വർഷം പുതുതായി മലയാളം ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവിധ മലയാളം ക്ലാസ് പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി. സ്നേഹം, കരുണ, പരസ്പരസഹായം തുടങ്ങിയ ജീവിതമൂല്യങ്ങളുടെ പ്രാധാന്യം വ്യക്തിത്വവികസനവുമായി ബന്ധപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച ‘തിരുവനന്തപുരം എക്സ്പ്രസ്’ നാടകം ഏറെ ശ്രദ്ധേയമായി.
പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോർഡിനേറ്റർ നിഷ ഗോകുൽദാസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
സമാജം കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, കെ. എസ്. ദിലീപ്, പ്രേമനാഥൻ, ഉല്ലാസ്, ചന്ദ്രൻ മാടത്തുംകര, രമേശ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിജി രാധാകൃഷ്ണൻ നന്ദി പ്രകാശനം നടത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
📺 AMCHI MUMBAI
Every Saturday | 4:30 PM
Kairali News
