ദിൽരാജ് ഗോപി, സ്വർണ കെ.എസ്. എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്ന്; തിരുവാതിരയും സിനിമാറ്റിക് ഡാൻസും കളരിപ്പയറ്റ് പ്രദർശനവും
മീരാ ഭയന്ദർ: മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷമായ ‘കേരളീയം 2026’ നവംബർ ഒന്നിന് ഞായറാഴ്ച മീരാ റോഡിലെ ലതാ മങ്കേഷ്‌കർ ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നീളുന്ന പരിപാടിയിൽ സംഗീതം, നൃത്തം, ആയോധനകല എന്നിവയുൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ഫെയിം ദിൽരാജ് ഗോപി, സ്വർണ കെ.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. മീരാ റോഡിലെ കലാകാരികൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും സിനിമാറ്റിക് ഡാൻസും വേദിയിലെത്തും. എ7 ഡാൻസ് അക്കാദമിയുടെ സിനിമാറ്റിക് ഡാൻസും വില്ല്യാപ്പിള്ളി ചൂരക്കൊടി കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും ആഘോഷത്തിന് മാറ്റുകൂട്ടും.
മലയാള ഭാഷയുടെ പ്രചാരണത്തിനും കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള കലാസ്വാദകർക്കും ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന കലാവിരുന്നാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി 15-ാമത് മലയാളോത്സവത്തിന്റെ അവതരണഗാനവും പ്രകാശനം ചെയ്യും. മലയാള ഭാഷാ പ്രചാരണ സംഘം ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
സംഘാടക സമിതി രക്ഷാധികാരി ഐ.പി. സജി, ചെയർമാൻ പ്രവീൺ നായർ, ജനറൽ കൺവീനർ കെ.വി. കുഞ്ഞികൃഷ്ണൻ എന്നിവർക്കൊപ്പം മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് ശ്രീകല നമ്പ്യാർ, സെക്രട്ടറി വിനോദ് നായർ എന്നിവരും പരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചു.
മലയാള ഭാഷയോടും കേരളീയ സംസ്കാരത്തോടും സ്നേഹമുള്ള എല്ലാ കലാസ്വാദകരെയും ‘കേരളീയം 2026’-ലേക്ക് സംഘാടക സമിതി ഹൃദയപൂർവം സ്വാഗതം ചെയ്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
