സിനിമ എന്ന ലോകം ആർഭാടങ്ങളുടെയാണ്, പണം വീശിയെറിയുന്ന ഒരു തൊഴിലിടം എന്നൊക്കെയാണ് പുറമെനിന്ന് നോക്കിക്കാണുന്നവരുടെ ധാരണ. ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ചവർ പുത്തൻ കാറും ബംഗ്ലാവും വാങ്ങുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ, ഇതിനപ്പുറം വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് ആരാലും ആശ്രയമില്ലാതെ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന പലരുടെയും കഥകൾ നമ്മൾ ഓർത്തു വക്കാറില്ല. പലപ്പോഴും അവരുടെ മരണശേഷമായിരിക്കും പുറംലോകം അവരെക്കുറിച്ചറിയുന്നത് .
ഇന്ത്യയിലെ മറ്റൊരു ഭാഷക്കും അവകാശപ്പെടാൻ കഴിയാത്ത ഒത്തൊരുമയും കരുതലുമാണ് മലയാള സിനിമയിൽ കാണാൻ കഴിയുന്നത്. അത് കൊണ്ട് തന്നെയാണ് താര സംഘടനക്ക് ഇന്നൊരു ആസ്ഥാനമുണ്ടാകുന്നതും മികവുറ്റ കർമ്മ പരിപാടികളുമായി മുന്നോട്ട് പോകുവാൻ കഴിയുന്നതും. പൊതുയോഗങ്ങളിലും മെഗാ ഷോകളിലും ഇവരെല്ലാം ഒത്തു കൂടുമ്പോൾ ഉണ്ടാകുന്ന ഊഷ്മളമായ സൗഹൃദവും സന്തോഷവും കുറെ കൂടി ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ മോഹൻലാൽ, ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ്, തുടങ്ങിയ സംഘടനാ ഭാരവാഹികളും മമ്മൂട്ടി, സുരേഷ് ഗോപി,മുകേഷ്, പൃഥ്വിരാജ്, ജയറാം, ദിലീപ്, ടോവിനോ, ബാബുരാജ്, ഉണ്ണി മുകുന്ദൻ, തുടങ്ങിയ താര നിരകളും ശ്രമിക്കേണ്ടതാണ്. മന്ത്രി കെ ബി ഗണേഷ് കുമാർ, മുകേഷ്, തുടങ്ങിയവരുടെ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാകണം.
അവശ കലാകാരന്മാർക്ക് നൽകി വരുന്ന കൈനീട്ടത്തിന് പകരമായി ഒരു ആശ്രയ കേന്ദ്രത്തെ കുറിച്ചാണ് സംഘടന ഇനിയുള്ള കാലം ചിന്തിക്കേണ്ടത്.
ഇത് പറയാൻ കാരണം ജീവിത സായാഹ്നത്തിൽ ആരോരും നോക്കാനില്ലാതെ ഏകാന്ത ജീവിതം നയിക്കുന്ന കുറെ നടീനടന്മാരുടെ വാർത്തകൾ ഒന്നൊന്നായി പുറത്ത് വന്നതോടെയാണ്. കഴിഞ്ഞ ദിവസം കാലയവനികക്കുള്ളിൽ മറഞ്ഞ നടി കനകലതയുടെ അവസാന നാളുകൾ ദുരിത പൂർണമായിരുന്നു.
തനിക്കിനി ജീവിക്കേണ്ട മരിച്ചാൽ മതിയെന്നാണ് നടി മീന ഗണേഷ് ആരോരും തുണയില്ലാത്ത അവസ്ഥയിൽ വിതുമ്പുന്നത്. ചാള മേരിയുടെ അവസ്ഥയും വ്യത്യസ്തമല്ല. മുതിർന്ന നടൻ ടി പി മാധവൻ ഒരു വൃദ്ധാശ്രമത്തിലെ അന്തേവാസിയായിട്ട് കാലങ്ങൾ ഏറെയായി. നടി കവിയൂർ പൊന്നമ്മയും ഏകാന്ത ജീവിതത്തിലാണ്. ഇനിയുമുണ്ട് നിരവധി താരങ്ങൾ. നഷ്ടപ്പെട്ട പഴയ പ്രതാപ കാലത്തിന്റെ ദുഖവും പേറി കഴിയുന്നവർ. മക്കൾ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ ജീവിക്കുന്നവർ. അവരെയെല്ലാം കണ്ടെത്തി സമാധാനവും സന്തോഷവും പകർന്ന് നൽകുന്ന അന്തരീക്ഷവും സഹപ്രവർത്തകരുടെ കരുതലും നൽകാൻ ഇത്തരം കേന്ദ്രങ്ങൾക്ക് കഴിയും.
ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന പലരും ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ് കഴിയുന്നത് . തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇവിടെയെല്ലാം ഓടിയെത്തുക എന്നത് സഹപ്രവർത്തകർക്കും പ്രായോഗികമല്ല. എന്നാൽ ഇവരെയെല്ലാം സംഘടനയുടെ തണലിൽ സംരക്ഷിക്കാൻ ഒരു ആശ്രയ കേന്ദ്രത്തെ കുറിച്ച് സംഘടനക്ക് ചിന്തിക്കാവുന്ന കാര്യമാണ്. ഇതൊരു റീക്രീയേഷൻ കേന്ദ്രം പോലെയാകണം. ആരോഗ്യ സംരക്ഷണവും, സിനിമയും നാടകവും പാട്ടും ഡാൻസുമായി മാനസികോല്ലാസവും നൽകാനുള്ള സൗകര്യങ്ങളും എളുപ്പത്തിൽ പ്രാപ്തമാക്കാൻ കഴിയും. ഇത്തരം കേന്ദ്രങ്ങൾക്ക് സർക്കാർ സഹായമോ, കോർപ്പറേറ്റ് സി എസ് ആർ ഫണ്ടോ ലഭിക്കാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താനാകും.
വാർധ്യ കാലത്ത് ഒറ്റപ്പെട്ട് പോകുന്ന സഹപ്രവർത്തകർക്കായി ഒരു കരുതൽ കേന്ദ്രം നിർമ്മിച്ച് നൽകാൻ പ്രാപ്തരാണ് മലയാളത്തിലെ താര സംഘടന. ഇത്തരമൊരു കേന്ദ്രമാകുമ്പോൾ ഒഴിവ് വേളകളിൽ ഇവരെ സന്ദർശിക്കാനും ക്ഷേമം അന്വേഷിക്കാനും തിരക്കുള്ള താരങ്ങൾക്കും കഴിഞ്ഞേക്കും. സഹപ്രവർത്തകരുടെ സാന്നിധ്യവും കരുതലും പ്രദാനം ചെയ്യുന്ന ഇവരുടെയെല്ലാം ജീവിതത്തെ ധന്യമാക്കും. കൈനീട്ടം നൽകുന്ന പണം ഇത്തരമൊരു ആശയത്തിനായി ചിലവഴിച്ചാൽ നന്മയുടെ കൈയ്യൊപ്പായി ചരിത്രത്തിൽ ലിഖിതപ്പെടും. മരണാന്തരം നൽകുന്ന ബഹുമതിയെക്കാൾ പുണ്യമാണ് ജീവിച്ചിരിക്കുമ്പോൾ നൽകുന്ന തലോടൽ.
ഇത്തരം ഒരു ആശ്രയ കേന്ദ്രത്തിൻ്റെ കൂരയ്ക്ക് കീഴിൽ എല്ലാവരും ഒത്തുകൂടുമ്പോൾ തങ്ങൾ പുറം തള്ളപ്പെട്ടിട്ടില്ല, ഇപ്പോഴും സിനിമയിൽ തന്നെ തുടരുന്നു എന്നുള്ള ഒരു തോന്നൽ അവരിലുണ്ടാകും. പഴയ കാല ഓർമ്മകൾ പരസ്പരം പങ്കുവച്ച് അവർക്ക് ഒറ്റപ്പെടലിൻ്റെ വിങ്ങലിൽ നിന്ന് പുറത്ത് വരാനും ജീവിതം ഒരു ഭാരമല്ല എന്നനുഭവപ്പെടാനും സഹായിക്കും. മലയാളത്തിലെ മുൻനിര നടൻമാരുടെയും നടിമാരുടെയും മനസ്സ് മാത്രം മതിയാവും ആശ്രയ കേന്ദ്രത്തിൻ്റെ സാക്ഷാൽക്കാരം സാധ്യമാകാൻ .
- ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ
- ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്
- മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ് പാട്ടീലും വിശിഷ്ടാതിഥികൾ
- നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി
- വയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ