മുംബൈയിലെ ബാന്ദ്ര രംഗ് ശാരദ ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 7.30 ന് മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് തിരി തെളിയും.
മുംബൈയിൽ നിന്നെത്തുന്ന പ്രതിഭകൾക്കായി ഇതാദ്യമായാണ് തുടർച്ചയായ മൂന്ന് ദിവസം നീണ്ട കഥകളി ഫെസ്റ്റിവലിനായി വേദിയൊരുങ്ങുന്നത്.
കലാനിലയം രാജശേഖര പണിക്കർ, കലാനിലയം മനോജ് കുമാർ, കലാനിലയം വിനോദ് കുമാർ, കലാമണ്ഡലം കൃഷ്ണകുമാർ, സദനം പ്രേമൻ, ആർ എൽ വി പ്രേം ശങ്കർ, കലാമണ്ഡലം ഹരികൃഷ്ണൻ, കലാകേന്ദ്രം പ്രവീൺ, കലാമണ്ഡലം ഹരിശങ്കർ, എം കമ്മത്ത്, അരുൺദേവ്, അനീഷ്, സജിത്ത്, മധു എന്നീ കഥകളി കലാകാരന്മാരാണ് മുംബൈയിൽ മലയാളനാടിന്റെ പെരുമ പകർന്നാടുക.
ചേർത്തലയിൽ ജനിച്ച കലാനിലയം രാജശേഖര പണിക്കർ പച്ചക്കത്തി വെള്ളത്തടി കാരി ഹംസം പോലെയുള്ള സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നതിലുള്ള അനുഭവപരിചയം കൊണ്ട് അദ്ദേഹം പ്രശസ്തനാണ്. നാലു പതിറ്റാണ്ടായി ഒട്ടേറെ വേദികളിൽ മികച്ച പ്രകടനവുമായി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള കലാകാരനാണ്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുള്ള കലാനിലയം മനോജ് കുമാർ മൂന്നര പതിറ്റാണ്ടായി കലാരംഗത്ത് സജീവമാണ്
തിരുവല്ലയിൽ ജനിച്ച വിനോദ് കുമാർ തൻ്റെ 15-ാം വയസ്സിൽ കലാനിലയത്തിൽ കഥകളി നടനായി പരിശീലനം നേടി മുപ്പതോളം വേദികളിൽ കഥകളി കഥാപാത്രങ്ങളുടെ ഒരു ശ്രേണി തന്നെ അവതരിപ്പിച്ച കലാകാരനാണ്.
Click flipbook to get more details >>>>
മുംബൈയിൽ അരങ്ങേറുന്ന കഥകളി ഉത്സവത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം മഹാ നഗരത്തിൽ ഒരു കഥകളിസംസ്കാരത്തിന് തുടക്കമിടുന്നതിൽ വലിയ സന്തോഷമുണ്ടെന്നാണ് കുന്നം വിഷ്ണു പ്രതികരിച്ചത്. കലാക്ഷേത്രത്തിന്റെ ബാനറിൽ തൊണ്ണൂറുകളിൽ നടത്തിയ വിവിധ ആസ്വാദന ക്ലാസുകൾ ഓർമ്മയിലെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനെയിൽ ഗോപി ആശാൻ, കോട്ടക്കൽ ശിവരാമനാശാൻ, ഹൈദരലി ആശാൻ തുടങ്ങിയ മഹാരഥന്മാരെ പങ്കെടുപ്പിച്ച് സ്റ്റേജ് ഇന്ത്യയുടെ ബാനറിൽ നടത്തിയ ആദ്യത്തെ കഥകളി ഓർമ്മയിൽ ഓടിയെത്തുന്നുവെന്നും മുംബൈയിൽ അരങ്ങേറുന്ന കഥകളി ഫെസ്റ്റിവൽ സന്തോഷം പകരുന്നതാണെന്നും കഥകളി കലാകാരി താര വർമ്മ പറഞ്ഞു.
മെയ് 17, 18, 19 തീയ്യതികളിലായാണ് ബാന്ദ്രയിലെ രംഗ് ശാരദ ഓഡിറ്റോറിയയിൽ വൈകീട്ട് 7.30 മുതൽ ചേർത്തല ശ്രീ നാല്പതനേശ്വരം കലാകേന്ദ്ര അവതരിപ്പിക്കുന്ന കുചേലവൃത്തം, പ്രഹ്‌ളാദ ചരിതം, കിരാതം എന്നീ കഥകളികൾ അരങ്ങിലെത്തുന്നത്.
ശൈലജ നായർ ഫൗണ്ടേഷനാണ് മൂന്ന് ദിവസം നീണ്ട കഥകളി ഫെസ്റ്റിവലിനായി വേദിയൊരുക്കി മുംബൈയിലെ ഇത്തരഭാഷക്കാരടങ്ങുന്ന കലാസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവം പകർന്നാടുന്നത്.