മമ്മൂട്ടിയുടെ മരുമകൻ അഷ്‌ക്കർ സൗദാൻ നായകനായ ക്രൈം ത്രില്ലർ ‘ഡി.എൻ.എ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന നായിക ഹന്ന റെജിയോടായിരുന്നു അഷ്‌കർ രോഷം കൊണ്ടത്.
മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിൻറെ അവതാരക അഞ്ജു എബ്രഹാമാണ് തുടക്കമിട്ടത്. അഷ്കറിനെ ആദ്യമായി കണ്ടപ്പോൾ എന്ത് തോന്നിയെന്നായിരുന്നു കുസൃതി ചോദ്യം. ഇതിനോട് ഹന്ന പ്രതികരിച്ചതാണ് അഷ്കറിനെ ചൊടിപ്പിച്ചത്.
എല്ലാവരും പറയുന്ന പോലെ മമ്മൂട്ടിയെ പോലെയാണ് തോന്നിയതെന്നായിരുന്നു ഹന്നയുടെ നിഷ്കളങ്കമായ മറുപടി. കാണാൻ മാത്രമല്ല ശബ്ദവും മമ്മൂട്ടിയുടേത് പോലെ തന്നെയാണെന്നും ദുൽഖർ സൽമാന് പോലും ഇത്ര സാദൃശ്യം കിട്ടിയിട്ടില്ലെന്നും നടി വാചാലയായതോടെ തൊട്ടടുത്തിരുന്ന അഷ്‌കർ പൊട്ടിത്തെറിക്കുകയായിരുന്നു.
എവിടെ ചെന്നാലും മമ്മൂട്ടിയുമായി തന്നെ സാദൃശ്യം ചെയ്യുന്നതിൽ പൊറുതി മുട്ടിയെന്നും പറഞ്ഞായിരുന്നു അഷ്‌ക്കർ തട്ടിക്കയറിയത്. തനിക്ക് സ്വന്തമായി ഐഡൻറിറ്റി ഉണ്ടെന്നും മറ്റുള്ളവരോട് താരതമ്യം ചെയ്യുന്നതിനോട് താല്പര്യമില്ലെന്നും പറഞ്ഞ നടൻ ഷോ പ്രൊഡ്യൂസറെ വിളിക്കാനും അഭിമുഖം തുടരാൻ താല്പര്യമില്ലെന്നും പറഞ്ഞു എണീറ്റതോടെ നടി കരച്ചിലിന്റെ വക്കിലായി. ഈ ഭാഗങ്ങൾ മുറിച്ചു നീക്കണമെന്ന് അവതാരകയോട് നടി കൈകൂപ്പി ആവശ്യപ്പെട്ട നടി അഭിമുഖം തുടരാൻ അഷ്കറിനോട് ആവശ്യപ്പെട്ടെങ്കിലും നടൻ ഇറങ്ങി പോകുകയായിരുന്നു.
ക്രൈം ത്രില്ലറിന്റെ പ്രമോഷൻ വേദിയിൽ മറ്റൊരു സസ്പെൻസ് ത്രില്ലർ ഒരുക്കുകയായിരുന്നു നായകനായ അഷ്‌കർ. സംഗതി പ്രാങ്ക് ആണെന്ന് അഷ്‌കർ പറഞ്ഞു കൊണ്ട് അഷ്‌കർ തിരിച്ചെത്തിയപ്പോഴാണ് പൊട്ടിച്ചിരിയോടെ അഭിമുഖം തുടർന്നത്.
മമ്മൂട്ടിയുടെ രൂപവും ശബ്ദവും കിട്ടിയതിൽ അഭിമാനമുണ്ടെന്നും തന്റെ അമ്മാവനാണ് മെഗാ സ്റ്റാറെന്നും പറഞ്ഞായിരുന്നു ഹന്നയെ അഷ്‌കർ ശാന്തമാക്കിയത്
മമ്മുട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ആക്ഷൻ ചിത്രം ജൂൺ 14ന് തീയേറ്ററുകളിലെത്തും.കേരളത്തിന് പുറത്ത് അമ്പതോളം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം മഹാരാഷ്ട്രയിലും ഗോവയിലുമായി എട്ടിടങ്ങളിലും പ്രദർശിപ്പിക്കും.
മുംബൈ ആസ്ഥാനമായ ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച ക്രൈം ത്രില്ലറായ ഡി.എൻ.എയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് എ.കെ സന്തോഷാണ്.
ഹിറ്റ്‌മേക്കർ ടി.എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ ആക്ഷൻ ജോണറിലുള്ള ചിത്രമാണ്. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് സ്റ്റണ്ട് സിൽവ, കനൽകണ്ണൻ, പഴനിരാജ്, റൺ രവി എന്നിവരാണ്. തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി കൂടാതെ ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.