നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്. ‘നേര്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ‘ക്വീൻ എലിസബ’ത്തിലെ പ്രകടനത്തിലൂടെ മീര ജാസ്മിന്‍ മികച്ച നടിയായി. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് മികച്ച ചിത്രം.
ജീത്തു ജോസഫ്–മോഹൻലാൽ ടീം വീണ്ടും ഒന്നിച്ച സിനിമയായിരുന്നു നേര്. അഭിഭാഷകന്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ഒരു കോർട്ട് റൂം ത്രില്ലറാണ്. പ്രിയാമണി, സിദ്ദീഖ്, അനശ്വര രാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രം അൻപത് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.
മീര ജാസ്മിനെ നായികയാക്കി എം. പദ്മകുമാർ ഒരുക്കിയ ഫാമിലി എന്റർടെയ്നറാണ് ക്വീൻ എലിസബത്ത്. ഡിസംബർ 29ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കുടുംബ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സമീപകാലത്ത് സ്ത്രീകേന്ദ്രീകൃത ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ക്വീൻ എലിസബത്തിന് പ്രേക്ഷകർ നൽകിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്.
