ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെയുള്ള വെടിവെയ്പ്പിനു മുൻപായി ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘം നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് അക്രമികളുമായി സംവദിച്ചിരുന്നുവെന്ന് മുംബൈ പൊലീസ് പറയുന്നു. 9 മിനിട്ട് ദൈർഘ്യമുള്ള ശബ്ദസന്ദേശമാണ് സൽമാന്‍റെ വീടിനു നേരെ വെടിവച്ച വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരുടെ മൊബൈലിലേക്ക് ബിഷ്ണോയി അയച്ചിരിക്കുന്നത്.
സൽമാൻ ഖാനെ വകവരുത്തുന്നത് മതത്തിനും സമൂഹത്തിനും വേണ്ടിയാണെന്നും ബിഷ്ണോയ് പറഞ്ഞതായി പ്രതികൾ കുറ്റസമ്മതം നടത്തി. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായക വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
സൽമാൻ ഖാനെ വധിക്കുക എന്ന കൃത്യം തികച്ചും പ്രൊഫഷണൽ ആയി പൂർത്തിയാക്കണമെന്നും ഭയക്കേണ്ടതില്ലെന്നും ബിഷ്‌ണോയി ധൈര്യം പകർന്നിരുന്നതും സന്ദേശത്തിലുണ്ട്.
“സമൂഹത്തിനും മതത്തിനും വേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. ലക്ഷ്യം പൂർത്തിയാക്കിയാൽ നിങ്ങൾ രചിക്കുന്നത് ചരിത്രമായിരിക്കും” ബിഷ്ണോയി പ്രതികൾക്കയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
ബിഷ്ണോയ് ഗാങ് വെടിവയ്ക്കുന്ന അതേ രീതിയിൽ തന്നെ വെടിവയ്ക്കണമെന്നും പ്രതികളോട് ബിഷ്ണോയ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാൻ ഖാന്‍റെ ഗാലക്സി അപ്പാർട്മെന്‍റിനു മുന്നിലെത്തിയ സംഘം അഞ്ച് തവണയാണ് വീടിനു നേരെ വെടിവച്ചത്. കേസിൽ വിക്കി ഗുപ്തയും സാഗർ പാലും അടക്കം ആറു പേരാണ് അറസ്റ്റിലായിരുന്നത്. അറസ്റിലായ ആറു പ്രതികളിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ ആത്മഹത്യചെയ്തു. അഞ്ചുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ 1,735 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.
- ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ
- ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്
- മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ് പാട്ടീലും വിശിഷ്ടാതിഥികൾ
- നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി
- വയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ