മുംബൈ മലയാളിയായ നിഖിലിന്റെ ആശയത്തിലും ആവിഷ്കാരത്തിലും ഒരുങ്ങുന്ന ആദ്യ മെഗാ സംഗീത നിശക്കായി മഹാനഗരമൊരുങ്ങുന്നു. മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഹിന്ദി മറാഠി ഗാനങ്ങളിലൂടെ ഭാരതത്തിന്‍റെ ഹൃദയം കവർന്ന സുരേഷ് വാഡ്‌കർ പുതിയൊരു സംഗീത പരമ്പരക്ക് തുടക്കമിടും. അത്യാധുനിക സങ്കേതങ്ങളുടെ അകമ്പടിയോടെ അന്തരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച ശബ്ദ വെളിച്ച രൂപകല്പനയിലാവും ലെജന്‍ഡ്സ് ലൈവ് അരങ്ങേറുക.
മധ്യതിരുവിതാംകൂറിലെ ഒരു അനുഷ്ഠാന കലാരൂപമായ പടയണിയുടെ എട്ടോളം കോലങ്ങളും വേദിയെ ത്രസിപ്പിക്കും. തെക്കൻ കേരളത്തിലെ പ്രാചീന കലാരൂപങ്ങളിൽ മുന്നിൽ നിൽക്കുന്ന പടയണിയുടെ സാന്നിധ്യം മുംബൈയിലെ സംഗീതപ്രേമികൾക്കും നൂതനാനുഭവമാകും. പ്രവേശന കവാടങ്ങൾ അടക്കം പടയണി തീമിൽ ഒരുക്കിയാണ് ലെജന്‍ഡ്സ് ലൈവിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതെന്ന് നിഖിൽ നായർ പറയുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ അന്തരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച ശബ്ദ വെളിച്ച രൂപകല്പനയിലാവും ലെജന്‍ഡ്സ് ലൈവ് അരങ്ങിലെത്തിക്കുകയെന്നും നിഖിൽ കൂട്ടിച്ചേർത്തു.
നിഖിൽ സംവിധാനം ചെയ്യുന്ന ലെജൻഡ് ലൈവ് തലമുറകളിലൂടെ ലക്ഷക്കണക്കിനാളുകളെ സ്വാധീനിച്ച സുരേഷ് വാഡ്കറുടെ ക്ലാസ്സിക് ഗാനങ്ങളിലൂടെയുള്ള സംഗീത യാത്രയാകും. നൂതന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി ഇതിനകം നിരവധി മെഗാ ഷോകളിലൂടെ ശ്രദ്ധ നേടിയ നിഖിൽ ഇതാദ്യമായാണ് ശ്രവണ ദൃശ്യ കലാവിരുന്നിനായി വേദിയൊരുക്കുന്നത്. പടയണിയുടെ ദൃശ്യ ചാരുതയും ഇതിഹാസ ഗായകന്റെ ശബ്‍ദമാധുര്യവും സംഗമിക്കുന്ന അപൂർവ്വ വേദിയാകും ലെജൻഡ് ലൈവ്.
ബോളിവുഡ് കൊറിയോഗ്രാഫറായും നിരവധി സിനിമകളിൽ കൈയ്യൊപ്പ് പതിപ്പിച്ച നിഖിൽ കോർപ്പറേറ്റ് ഇവെന്റുകൾ രൂപകൽപ്പന ചെയ്യുന്നതിലും ഏകോപനം നിർവഹിക്കുന്നതിലും സജീവമാണ്.
മുൻ ലോക കേരള സഭാംഗവും മലയാളം മിഷൻ അധ്യാപികയും കേരള കേന്ദ്രീയ സംഘടന കമ്മിറ്റി അംഗവുമായ രാജശ്രീ മോഹന്‍റെയും സി.കെ. മോഹൻ കുമാറിന്‍റെയും മകനാണ് നിഖിൽ. മുംബൈയുടെ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങൾ സജീവ സാന്നിദ്ധ്യമായ നിഖിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ MBA ചെയ്യുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറും ഇവന്‍റ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രിയും എടുത്തിട്ടുണ്ട് നിഖിൽ.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു