മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കെ ഏക്‌നാഥ് ഷിൻഡെയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ വിദഗ്‌ധ സംഘമാണ് പരിശോധിക്കുന്നത്. ഡെങ്കിപ്പനി മലേറിയ ടെസ്റ്റുകളുടെ റിപ്പോർട്ട് നെഗറ്റീവാണെങ്കിലും രക്തത്തിൽ വെളുത്ത കോശങ്ങൾ കുറയുന്നതാണ് അസുഖ കാരണമായി പറയുന്നത്. പനി വിട്ടുമാറാത്ത അവസ്ഥയിൽ ആൻറിബയോട്ടിക്കുകൾ ആരംഭിച്ചിരിക്കയാണ്. ഇതോടെ ഷിൻഡെ ക്ഷീണിതനാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
മഹായുതി സഖ്യത്തിന്റെ യോഗത്തിനായി ഡൽഹിയിലേക്ക് പോയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഏകനാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ പങ്കെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും യോഗത്തിലുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഏകനാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങാതെ നേരിട്ട് ജന്മനാടായ സത്താറയിലെ വസതിയിലേക്ക് പോകുകയായിരുന്നു. ഇതേതുടർന്ന് ഏകനാഥ് ഷിൻഡെ അസ്വസ്ഥനാണെന്ന രീതിയിൽ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഗ്രാമത്തിൽ തുടരവെയാണ് അസുഖം റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം ഏകനാഥ് ഷിൻഡെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
സത്താറയിൽ നിന്ന് രണ്ട് ദിവസത്തിനകം ഏകനാഥ് ഷിൻഡെ താനെയിലെ വസതിയിലെത്തി. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുത്തിരുന്നില്ല. നിലവിൽ താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിലാണ്.
ഏക്‌നാഥ് ഷിൻഡെയുടെ ആരോഗ്യനില മോശമായതിനാൽ ഇന്ന് പങ്കെടുക്കാനിരുന്ന യോഗങ്ങളെല്ലാം റദ്ദാക്കിയിരിക്കയാണ്. ഇത് മൂന്നാം തവണയാണ് മുംബൈയിലെ നിർണായ യോഗങ്ങൾ ആരോഗ്യ കാരണങ്ങളാൽ മുടങ്ങുന്നത്. അതെ സമയം സർക്കാർ രൂപീകരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബിജിപിയുടെ കേന്ദ്ര നിരീക്ഷണ സംഘം ഇന്ന് മുംബൈയിലെത്തും.