നൂപുർ സ്കൂൾ ഓഫ് ഡാൻസ് ന്റെ പതിനാലാമത് വാർഷികം മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ വെച്ച് വിപുലമായി ആഘോഷിച്ചു. കെ. ഈ. എം ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം മേധാവി ഡോ :സംഗീത റാവത് ഉത്‌ഘാടനം നിർവഹിച്ചു. ഹോളി ക്രോസ്സ് സ്കൂൾ പ്രിൻസിപ്പൽ ആർലീൻ ഗോമസ് അതിഥിയായി. തുടർന്ന് നൃത്താധ്യാപിക നിഷ ഗിൽബർട്ട് ന്റെ നേതൃത്വത്തിൽ നാൽപ്പതിലേറെ കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ വേദിയിൽ വിസ്മയക്കാഴ്ചയൊരുക്കി
ശൈലി ശുദ്ധിയിൽ ഊന്നി കൊണ്ട് തന്നെ പുതു കാലത്തെ അഭി സംബോധന ചെയ്യുന്ന ഒരു വ്യാകരണമാണ് ഈ മാർഗ്ഗത്തിൽ നിഷ അവലംബിച്ചി ട്ടുള്ളത്. 5 വയസ്സുമുതൽ 50 വയസ്സ് വരെയുള്ള കലാകാരികൾ ഈ നൃത്തവിരുന്നിൻറെ ഭാഗമായി.
ലാൽ ഗുഡി ജയരാമന്റെ 9 താളങ്ങളിൽ 9 രസങ്ങളെ അവതരിപ്പിച്ച വർണ്ണം ശ്രദ്ധേയമായി. തഞ്ചാവൂർ നാൽവരുടെ പരമ്പരയിലെ കൃതിയായ പെരും കോവിൽ എന്ന ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ കൃതിയും ഉന്നത നിലവാരം പുലർത്തി. ബൃഹദീശ്വര ക്ഷേത്രം സന്ദർശിക്കുന്ന ഒരു ദേവദാസിയുടെ ദൃശ്യാനുഭവങ്ങൾ മനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ കൃതി താള ജ്ഞാനവും, സ്വരജ്ഞാനവും, കലവറയില്ലാത്ത അറിവും, ശമനമില്ലാതെ വർഷിക്കുന്ന ചുവടുകളും തന്നനുഗ്രഹിക്കുവാൻ ബൃഹദീശ്വരനോട് പ്രാർത്ഥിക്കുന്ന ഒന്നാണ്. ഈ കീർത്തനം നൂപുർ അവലംബിക്കുന്ന അറിവിന്റെ നാനാംശങ്ങൾ സ്വാംശീകരിക്കുന്ന കലാ സമീപനത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ടാണ് ഈയവസരത്തിൽ തെരഞ്ഞെടുത്തതെന്ന് നിഷ ഗിൽ ബർട്ട് പറഞ്ഞു.
ത്യാഗരാജ കൃതികളായ നഗുമോമു, സാമജ വരഗമന, മൈസൂർ വാസുദേവാചാര്യരുടെ ചാമുണ്ഡേശ്വരിസ്തോത്രം , കലിംഗ നർത്തന തില്ലാന, മഹിഷാസുര മർദ്ദിനി സ്തോത്രം , സ്വാതി തിരുനാൾ കൃതിയായ ചലിയെ, അഭംഗ്, ആട് പാമ്പേ തുടങ്ങി മൂന്ന് മണിക്കൂർ നീണ്ടു നിന്ന നൃത്ത വിരുന്ന് ആദ്യാവസാനം ആസ്വദിച്ചാണ് നിറഞ്ഞ മനസ്സോടെ സദസ്സും മടങ്ങിയത്
പവായ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പിൾ ഷേർലി പിള്ളയും, സാമൂഹ്യ പ്രവർത്തകയായ രാഖി സുനിലും, നർത്തകികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നല്കി. Click here for more photos of the event >>>