കേരളത്തിന് അർഹതയുള്ള 57,000 കോടി രൂപയുടെ വെട്ടിക്കുറയ്ക്കൽ നടത്തിയും 43,000 കോടിയുടെ കടമെടുപ്പിൽ തടസ്സം സൃഷ്ടിച്ചും ക്ഷേമപദ്ധതികളിൽ കടിഞ്ഞാണിട്ടും കേന്ര ഏജൻസികളെക്കൊണ്ട് നീതിരഹിത ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് പിണറായി വിജയൻ നയിക്കുന്ന എൽ ഡി എഫ് സർക്കാരിന്റെ 2024-25 ലേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കേണ്ടി വന്നത്. എന്നാൽ ഈ കടമ്പകളെല്ലാം മറി കടന്നു കൊണ്ടുള്ളതായാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ തെളിയിപ്പിക്കുന്നത്. ഈ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി വർധിപ്പിക്കുമെന്നതാണ്.
കാർഷിക മേഖലയ്ക്ക് 1698 കോടി രൂപയും കുടുംബശ്രീക്ക് 430 കൊടിയും വകയിരുത്തുകയും ചെയ്തതിന് പുറമെ റബ്ബറിന്റെ താങ്ങുവില 180 രൂപയായി ഉയർത്തിയിട്ടുമുണ്ട്. ഇത് കാർഷികമേഖലയ്ക്ക് ആശ്വാസം പകരുന്ന വസ്തുതയാണ്. ഇതോടൊപ്പം എടുത്തു പറയേണ്ട വസ്തുതയാണ് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി നടത്തിയിട്ടുള്ള പ്രഖ്യാപനം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, ഖാദി വ്യവസായങ്ങൾക്ക് വേണ്ടിയുള്ള നീക്കിവെപ്പുകൾ. ഗ്രാമീണ മേഖലക്കും ഉൾനാടൻ ജീവിതത്തിനും പുത്തനുണർവ് നൽകുന്നതാണ് ഈ തീരുമാനങ്ങൾ.
ഇവിടെ എടുത്തു പറയേണ്ട ഒരു വസ്തുതയാണ് നേഴ്‌സിങ് മേഖലയിൽ അഞ്ചു പുതിയ കോളേജുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം. പൊതു വിദ്യാഭ്യാസത്തിന് 1032.62 കൊടിയും ഉന്നതവിദ്യാഭ്യാസത്തിന് 456 കൊടിയും നീക്കി വച്ചിട്ടുണ്ട്. ഇത് പോലെ എടുത്തു പറയേണ്ടതാണ് പുതുതായി 26 വ്യവസായ പാർക്കുകൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും മട്ടാഞ്ചേരിയിൽ പുതുതായി അന്താരാഷ്ട്ര വാണിജ്യ സമുച്ചയം നിർമ്മിക്കുമെന്ന പ്രഖ്യാപനവും. ഐ.ടി മേഖല കൂടുതൽ ഊർജസ്വലമാക്കാൻ 507 കോടിയുടെ നീക്കിവെപ്പുണ്ട്. ഇത് പോലെ ശ്രദ്ധേയമാണ് വ്യവസായ മേഖലക്ക് വേണ്ടി 1829 കോടിയുടെ വകയിരുത്തുലുണ്ടെന്ന പ്രഖ്യാപനം.
പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി എക്കാലത്തേക്കാളും കൂടുതലാണ് ഇത്തവണത്തെ നീക്കിവെപ്പ്. വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണത്തിന് വേണ്ടി 352 കൊടിയും സൗജന്യ യൂണിഫോറത്തിന് വേണ്ടി 155 കൊടിയും വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ സുരക്ഷാ ഫണ്ട്, യുവജന ക്ഷേമപദ്ധതി, കായിക മേഖല, കലാ സാംസ്‌കാരിക മേഖല എന്നിവക്ക് വേണ്ടിയുള്ള വകയിരുത്തലുകളും ഈ ബജറ്റിലെ പ്രത്യേകതകളാണ്. റീബിൾഡ് കേരളം പദ്ധതിക്ക് വേണ്ടി 1000 കോടി വകയിരുത്തിയതിന് പുറമെ അങ്കണവാഡി ജീവനക്കാർക്ക് വേണ്ടി പ്രത്യേക ഇൻഷുറൻസ് പദ്ധതിയുടെ പ്രഖ്യാപനവുമുണ്ട്.
സർക്കാർ ജീവനക്കാർക്ക് വേണ്ടി പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. നോർക്ക വഴി പ്രവാസികളുടെ ക്ഷേമപദ്ധതികൾക്ക് കാതലായ മാറ്റങ്ങൾ വരുത്തുമെന്ന ഉറപ്പും ശ്രദ്ധേയമാണ്. സമഗ്ര ഗ്രാമവികസന പദ്ധതിക്ക് പുറമെ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
ചുരുക്കി പറഞ്ഞാൽ ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ എത്ര കണ്ട് ഞെരുക്കിയാലും സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രയത്നവുമായി എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് തന്നെ പോകുമെന്ന ദൃഢ നിശ്ചയ പ്രഖ്യാപനമാണ് ഈ ബജറ്റ് എന്ന് വേണം പറയാൻ.
(ലേഖകൻ മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവാണ് )