Search for an article

HomeNewsകണ്ണൻ്റെ ലീലകൾ (Rajan Kinattinkara)

കണ്ണൻ്റെ ലീലകൾ (Rajan Kinattinkara)

Published on

spot_img

ഇന്നലെയാണ് ഗുരുവായൂരപ്പൻ്റെ അദ്ഭുതങ്ങളെ കുറിച്ചുള്ള ഒരു യുട്യൂബ് വീഡിയോ കണ്ടത്. അത് കണ്ടപ്പോൾ ഒന്നൂടെ കണ്ണനെ കാണാൻ തോന്നി. പതിവുപോലെ അത്താഴപൂജ കഴിഞ്ഞ് ക്ഷേത്രവും പരിസരവും വിജനമായപ്പോൾ ഞാൻ ക്ഷേത്രകവാടത്തിലെത്തി. പകലാരവങ്ങളുടെ അലകൾ കൃഷ്ണമന്ത്രങ്ങളായി അടഞ്ഞ കോവിലിന് മുന്നിൽ ശയനപ്രദക്ഷിണം ചെയ്യുന്നു. കണ്ണൻ്റെ ചിലങ്ക നാദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്, പിന്നിൽ പുഞ്ചിരിച്ച് നിൽക്കുന്ന കണ്ണൻ. പതിവ് വേഷമല്ല, മയിൽപ്പീലി തുണ്ടും ഓടക്കുഴലും മാത്രമുണ്ട് തിരിച്ചറിവിനായി . അതില്ലെങ്കിൽ ഒരു ബ്രാഹ്മണബാലൻ തന്നെ.

ഇങ്ങനെയൊക്കെ നടന്നാൽ തിരിച്ചറിയാൻ പറ്റോ? ഞാൻ ചോദിച്ചു

ഭക്തർക്ക് എന്നെ ഏത് വേഷത്തിലും തിരിച്ചറിയും, ഭിക്ഷക്കാരനായും രാജാവായും ഞാൻ നടക്കും. അത് പോട്ടെ, നീ കഴിഞ്ഞാഴ്ച വന്നതല്ലേ ഉള്ളു , എന്താ ഇത്ര പെട്ടെന്ന് വീണ്ടും.

മനസ്സ് അസ്വസ്ഥമാകുമ്പോൾ ഇവിടേക്കല്ലാതെ എവിടേക്കാ പോവാ ? ഞാൻ ചോദിച്ചു.

എന്താപ്പൊ ഇത്ര അസ്വസ്ഥമാവാൻ? ഭഗവാൻ തിരിച്ച് ചോദിച്ചു

38 വർഷം മഹാനഗരത്തിൽ ജീവിതം ഹോമിച്ച ഒരാളോട് അസ്വസ്ഥത എന്താന്ന് ചോദിക്കണ് കഷ്ടാട്ടോ. ഞാൻ പറഞ്ഞു

ജീവിതം കൈവിട്ട് പോകും എന്ന് തോന്നുമ്പോഴൊക്കെ ഞാൻ വന്നിട്ടില്ലേ. ഭഗവാൻ ആശ്വസിപ്പിച്ചു.

അതല്ല, ഇപ്പോൾ ഭഗവാൻ്റെ കാര്യത്തില് മാത്രാ ആളുകൾക്ക് ഒരു ഉറപ്പില്ലാത്തത്, അതിൽ ഞാനും പെട്ടു പോയിന്ന് മാത്രം .

സംശയങ്ങൾ കൂടുമ്പോൾ വിശ്വാസം കുറയുന്നു, പാൽപ്പായസം എന്ന വിശ്വാസത്തോടെ പാഷാണം കഴിച്ചാലും മരിക്കില്ല. അതല്ല, നല്ല പാലിലാവില്ലേ പാൽപായസം ഉണ്ടാക്കിയത് എന്ന സംശയത്തോടെ പായസം കുടിച്ചാൽ അത് വിഷത്തിൻ്റെ ഫലം തരും. അതാണ് വിശ്വാസത്തിൻ്റെ ശക്തി. ഭഗവാൻ പറഞ്ഞു.

നാട്ടിൽ ജീവിക്കുന്നവർ പറയുന്നത് പുറം നാട് സുഖാന്ന്, പുറത്തുള്ളവർക്ക് നാടെത്ര സുഖാണെന്നാ, ഞാൻ പറഞ്ഞു.

സുഖവും ദു:ഖവും ഒന്നും ആരും തരുന്നതല്ല, അത് സ്വയം ഉണ്ടാക്കണം. ഭഗവാൻ പറഞ്ഞു

പറയാനൊക്കെ എളുപ്പാ, സുഖവും ദുഃഖവും ദോശ ചുട്ടെടുക്കുക ഒന്നും അല്ലല്ലോ, സ്വയം ഉണ്ടാക്കാൻ. ഞാൻ തർക്കിച്ചു.

മനുഷ്യന് സുഖം എന്ന് പറയുന്നത് തന്നേക്കാൾ കഷ്ടത അനുഭവിക്കുന്നവരെ കാണുമ്പോഴും ദു:ഖം എന്നത് തന്നെക്കാൾ സുഖം അനുഭവിക്കുന്നവരെ കാണുമ്പോഴും ഉണ്ടാകുന്ന വികാരമാണ് . അതൊരു സ്ഥായിയായ ഭാവമല്ല. ഭഗവാൻ പറഞ്ഞു.

എന്ന് വച്ചാൽ ? എനിക്ക് മനസ്സിലായില്ല

കേട്ടിട്ടില്ലേ, രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ തന്നെ എന്ന് . സത്യത്തിൽ ഭവാനല്ല, സ്വന്തം ചിന്തകളും കർമ്മങ്ങളുമാണ് മനുഷ്യനെ ദരിദ്രനും ധനികനുമാക്കുന്നത്. ഭഗവാൻ വിശദമാക്കി.

അതല്ല, മഞ്ജുളാലിൽ പുതിയ ഗരുഡ പ്രതിഷ്ഠയൊക്കെ നടന്നില്ലേ, ഞാൻ ഫിലോസഫിയുടെ ചൂടൊന്നയക്കാൻ വേണ്ടി വിഷയം മാറ്റി.

അതെ, ചിറക് വിരിച്ച് നിൽക്കുന്ന ഗരുഡൻ വിശാലതയുടെ പ്രതീകമാണ്, തുറന്ന മനസ്സിൻ്റെ. വിശാലമായ ചിന്തകളുടെ, വിശാലമായ പ്രതീക്ഷകളുടെ, വിശാലമായ വിശ്വാസത്തിൻ്റെ . ഗരുഡൻ പറക്കുമ്പോൾ മാത്രമേ ചിറക് വിരിക്കാറുള്ളു, ഇത് ചിറക് വിരിച്ച് ഇരിക്കുന്ന ഗരുഡൻ മനുഷ്യന് നൽകുന്നത് വിശാലതയുടെ സന്ദേശമാണ് . പാർത്ഥന് പകരം എന്നെ കൈയിൽ കിട്ടിയ പോലെ ഭഗവാൻ തത്വജ്ഞാനങ്ങൾ ഉപദേശിച്ചു കൊണ്ടിരുന്നു.

ഇവിടുത്തെ ഓരോ അണുവിലും ജീവിതത്തിൻ്റെ സത്യങ്ങൾ ആലേഖനം ചെയ്ത പോലെ.. അതല്ലേ ,വഴി തെറ്റാതെ ഞാൻ ഇങോട്ട് തന്നെ ഓടി വരുന്നത്, ഞാൻ പറഞ്ഞു.

അതെ, ശ്രീകോവിലിന് മുന്നിലെ ഇടുങ്ങിയ വഴികൾ പോലും ദൈവത്തിലേക്കുള്ള വഴി എളുപ്പമല്ല എന്ന് ബോധ്യപ്പെടുത്താനാണ് . ഭഗവാൻ പറഞ്ഞു.

ഞാനെൻ്റെ വിഷമങ്ങൾ പറയാനാ വന്നത്, കുറെ സത്യപ്രഭാഷണങ്ങളിൽ അതെല്ലാം വിട്ടുപോയി, ഞാൻ പറഞ്ഞു.

ഈ പറഞ്ഞതൊക്കെ നിനക്കു കൂടിയല്ലേ, ഇപ്പോൾ മനസ്സിന് ശാന്തത തോന്നുന്നില്ലേ. ഭഗവാൻ ചോദിച്ചു.

അതല്ല, ഇന്ന് കണ്ണനെന്താ വേഷം മാറി ബ്രാഹ്മണവേഷത്തിൽ? ഞാനൊരു സംശയം ചോദിച്ചു.

ഭഗവാന് ആരേയും ഉപദേശിക്കാൻ പറ്റില്ല, ഉപദേശങളൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതല്ലേ, എന്തിന് പാർത്ഥന് ഗീതോപദേശം നൽകാൻ കഴിഞ്ഞത് പോലും ഞാൻ തേരാളി ആയതു കൊണ്ടല്ലേ.

ഇത്രയും പറഞ്ഞ് കൈയിലെ മയിൽപ്പീലി എൻ്റെ മുഖത്തോട് ചേർത്ത് കണ്ണൻ ശ്രീകോവിലിലേക്ക് തിരിച്ചു പോകുമ്പോൾ അമ്പലമണികൾ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു, പടിഞ്ഞാറെ ഗോപുരനടയിൽ നിന്നും ഒരു ശംഖുനാദമുയർന്നു. അദൃശ്യമായ കരങ്ങളാൽ ഗോപുര നട തുറക്കുകയും അടയുകയും ചെയ്യുമ്പോൾ ശിലാവിഗ്രഹം ദീപാലംകൃതമായി പുഞ്ചിരി പൊഴിച്ചു.

ശൂന്യമായ സ്വപ്നത്തിൻ്റെ അനിർവചനീയ ആലസ്യത്തിൽ എൻ്റെ മിഴികൾ നിറഞ്ഞൊഴുകി, ഉറങ്ങാതെ കണ്ണന് കാവൽ നിൽക്കുന്ന പാറാവുകാരെ മറയ്ക്കാൻ ശ്രമിച്ച് തിരിഞ്ഞു നടക്കുമ്പോൾ ഞാനെൻ്റെ തുളുമ്പിയ മിഴികളിൽ നിന്ന് അടർന്ന മുത്തുമണികളിൽ ഒരു കാളിയ മർദ്ദനം കണ്ടു.

രാജൻ കിണറ്റിങ്കര

Latest articles

കെ കെ എസ് സമാജ സംഗമം; വെല്ലുവിളികൾ ദൃഢനിശ്ചയത്തോടെ നേരിടാൻ മലയാളി സമാജങ്ങൾ

കേരളീയ കേന്ദ്ര സംഘടന വാഷി കേരള ഹൗസിൽ സംഘടിപ്പിച്ച സമാജങ്ങളുടെ സംഗമത്തിൽ നടന്ന സംവാദങ്ങൾ ശ്രദ്ധേയമായി. മാർച്ച് മുപ്പതാം...

അയ്യപ്പ സേവാ സംഘം പനവേൽ പൈങ്കുനി ഉത്രം ആഘോഷിക്കുന്നു.

പനവേൽ ക്ഷേത്രത്തിൽ ഏപ്രിൽ 11 ന് ശ്രീ അയ്യപ്പ സ്വാമിയുടെ പിറർന്നാൾ ആയ പൈങ്കുനി ഉത്രം വിപുലമായി ആഘോഷിക്കുന്നു. അന്നേ...

മുംബൈയിൽ പുതിയ നാടകവുമായി പ്രതിഭ തീയേറ്റർ

മുംബൈയിൽ പുതിയ നാടകം പ്രഖ്യാപിച്ച് പ്രതിഭാ തീയേറ്റർ. സുനിൽ ഞാറക്കൽ രചന നിർവഹിച്ച അയൽവീട് എന്ന നാടകത്തിന്റെ പൂജ...

വെസ്റ്റേൺ മേഖലയിലെ റെയിൽവേ യാത്രാ പ്രശ്ന പരിഹാരത്തിന് ഫെയ്മ നിവേദനം നൽകി.

മുംബൈയിൽ വെസ്റ്റേൺ മേഖലയിൽ ഉൾപ്പെടുന്ന ദഹാണു മുതൽ ബാന്ദ്ര വരെയുള്ള മലയാളികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം തേടിയാണ് ഫെയ്മ...
spot_img

More like this

കെ കെ എസ് സമാജ സംഗമം; വെല്ലുവിളികൾ ദൃഢനിശ്ചയത്തോടെ നേരിടാൻ മലയാളി സമാജങ്ങൾ

കേരളീയ കേന്ദ്ര സംഘടന വാഷി കേരള ഹൗസിൽ സംഘടിപ്പിച്ച സമാജങ്ങളുടെ സംഗമത്തിൽ നടന്ന സംവാദങ്ങൾ ശ്രദ്ധേയമായി. മാർച്ച് മുപ്പതാം...

അയ്യപ്പ സേവാ സംഘം പനവേൽ പൈങ്കുനി ഉത്രം ആഘോഷിക്കുന്നു.

പനവേൽ ക്ഷേത്രത്തിൽ ഏപ്രിൽ 11 ന് ശ്രീ അയ്യപ്പ സ്വാമിയുടെ പിറർന്നാൾ ആയ പൈങ്കുനി ഉത്രം വിപുലമായി ആഘോഷിക്കുന്നു. അന്നേ...

മുംബൈയിൽ പുതിയ നാടകവുമായി പ്രതിഭ തീയേറ്റർ

മുംബൈയിൽ പുതിയ നാടകം പ്രഖ്യാപിച്ച് പ്രതിഭാ തീയേറ്റർ. സുനിൽ ഞാറക്കൽ രചന നിർവഹിച്ച അയൽവീട് എന്ന നാടകത്തിന്റെ പൂജ...