വിഷുവിനെ വരവേൽക്കാനൊരുങ്ങി മുംബൈ നഗരം. മലയാളികൾക്ക് ഓണം പോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ പുതുവത്സരമായ വിഷുവും. കുട്ടികളുള്ള വീടുകളിൽ വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയും ജന്മനാടിന്റെ സംസ്കാരവും പൈതൃകവും ചേർത്ത് പിടിക്കുന്നവരാണ് മഹാ നഗരത്തിലെ മലയാളികൾ.
പൂവും പൂക്കളവും പോലെ തന്നെ ഒഴിച്ചു കൂടാനാവാത്തതാണ് മലയാളിക്ക് വിഷുവും വിഷുക്കണിയും കൈനീട്ടവും. ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളിക്ക് വിഷുക്കണിയൊരുക്കാതിരിക്കാനാവില്ല. മലയാളിയുടെ കാർഷിക സംസ്‌കാരത്തിനെ ഓർമപ്പെടുത്തുന്ന ഉത്സവമായതു കൊണ്ടുതന്നെ വിഷുക്കണിയിലും പ്രധാനം കാര്‍ഷിക വിഭവങ്ങള്‍ തന്നെ. മുംബൈയിലെ വഴിയോരങ്ങളും വേനലിൽ പൂക്കുന്ന കൊന്നപ്പൂവിന്‍റെ ശോഭയില്‍ തിളങ്ങുകയാണ്.
ഓരോ പ്രദേശത്തും ലഭ്യമായ ഫലങ്ങൾ, വസ്‌തുക്കൾ എന്നിവ കണിക്കാഴ്‌ചയിൽ ഇടം പിടിക്കും. കണിയൊരുക്കത്തിന് പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള മലയാളികൾ വസിക്കുന്ന നഗരത്തിൽ ആഘോഷങ്ങൾക്കും ഒരു പൊതു സ്വഭാവമുണ്ട്.
നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, സ്വർണ്ണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, മാമ്പഴം, കദളിപ്പഴം, വാൽക്കണ്ണാടി, കൃഷ്‌ണ വിഗ്രഹം, കണിക്കൊന്ന പൂവ്, എള്ളെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങൾ, സ്വർണ്ണം, കുങ്കുമം , കണ്മഷി, വെറ്റില, അടക്ക, ഓട്ടുകിണ്ടി, തുടങ്ങി കണിയൊരുക്കാനുള്ള സാമഗ്രഹികളുമായി മലയാളി കടകളെല്ലാം സജീവമായി കഴിഞ്ഞു.
മുംബൈയിൽ പല മലയാളിക്കടകളിലും അവശ്യ സാധനങ്ങൾ അടങ്ങിയ വിഷുക്കണി കിറ്റുകളും വിഷു സദ്യയും വരെ വിരൽത്തുമ്പിൽ ലഭ്യമാണ്. കല്യാൺ, അംബർനാഥ്, ഉല്ലാസനഗർ, താക്കുർളി, ഡോംബിവ്‌ലി, താനെ, മുളുണ്ട്, മാട്ടുംഗ, ചെമ്പൂർ, നവി മുംബൈ, അന്ധേരി, ബോറിവിളി, വസായ്, മീരാ റോഡ്, തുടങ്ങി മലയാളികൾ കൂടുതൽ വസിക്കുന്ന മേഖലകളിലെല്ലാം ക്ഷേത്രങ്ങളിലും സമാജങ്ങളിലുമായി വിഷു ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്.
വഴിയോരങ്ങളിൽ പൂത്തു നിൽക്കുന്ന കൊന്നപ്പൂക്കൾക്ക് മുംബൈയിൽ ഇനി പൊന്നുവിലയാകും.