ഇന്നെന്ത് വിഷു എന്നോർത്ത് പരിതപിക്കാൻ വരട്ടെ, ഇന്നും പഴമയുടെ നന്മ കൈവിടാതെ പഴയതിനെക്കാൾ നന്നായി വിഷു ആഘോഷിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ.
ഇന്നലെകളിലേക്ക്…..
സ്കൂളിലെ വാർഷികപ്പരീക്ഷ കഴിഞ്ഞതിൻ്റെ സന്തോഷത്തിൽ ആദ്യമെത്തുന്ന ആഘോഷമായതുകൊണ്ടു തന്നെ വിഷു ഒരു വലിയ ഉത്സവ പ്രതീതിയാണ് ഉണർത്തിയിരുന്നത്. മേടമാസത്തിൻ്റെ വരവറിയിച്ചുകൊണ്ട് പൂത്തു നിൽക്കുന്ന കൊന്നമരങ്ങൾ. വിഷുക്കാലമെത്തിയതിൻ്റെ വരവറിയിച്ചു കൊണ്ട് പാടുന്ന വിഷുപ്പക്ഷികൾ,പൂക്കളും, ഫലങ്ങളും, പച്ചക്കറികളും നന്നായി വിളഞ്ഞു നിന്ന് പ്രകൃതിയെപ്പോലും മനോഹരിയാക്കുന്നതുപോലെ.
വിഷുവിന് രണ്ട് ദിവസം മുന്നേ തന്നെ കണി കാണാനുള്ള ‘വെള്ളരി’ വാങ്ങി വയ്ക്കും. സ്വർണ്ണ വർണ്ണത്തിലുള്ള സുന്ദരിയായ അവളെ കാണുന്നതു തന്നെ ഈ വിഷുക്കാലത്താണ്. വിഷുവിൻ്റെ തലേന്നാണ് സംക്രാന്തി ( ഞങ്ങൾ ‘ശങ്കരാന്തി’ എന്നാണ് പറഞ്ഞിരുന്നത്.) അന്നേ ഓലപ്പടക്കം പൊട്ടിക്കുന്നത് തുടങ്ങും. ഓലപ്പടക്കത്തിന് തീ കൊളുത്താൻ പോലും എന്തൊരു പേടിയായിരുന്നു. ചന്ദനത്തിരി കത്തിച്ച് ദൂരെ മാറി നിന്ന് ഓലപ്പടക്കത്തിൻ്റെ തിരിയിൽ തൊടണം. തൊട്ടു തൊട്ടില്ല എന്നാകുമ്പോഴേക്കും പേടിച്ച് ഓടുമായിരുന്നു. ( കയ്യിൽ തന്നെ വച്ച് ഓലപ്പടക്കം പൊട്ടിക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു).
ഞങ്ങൾ കുട്ടികളോട് അമ്മ നേരത്തേ കിടന്നുറങ്ങാൻ പറയുമായിരുന്നു. അമ്മയായിരുന്നു കണി ഒരുക്കിയിരുന്നത്. ഒരോട്ടുരുളിയിൽ കൃഷ്ണ വിഗ്രഹം വച്ച് അതിൽ തന്നെ ഒട്ടുമിക്ക ഫലങ്ങളും പച്ചക്കറികളും തേങ്ങയും ചക്കയും ഒക്കെ നിറച്ച് വയ്ക്കും. വേറൊന്നിൽ പച്ചരി നിറച്ച് അതിൽ വാൽക്കണ്ണാടി, കോടിമുണ്ട്, രാമായണമോ മഹാഭാഗവതമോ ഏതെങ്കിലും ഒരു ഗ്രന്ഥവും വയ്ക്കുമായിരുന്നു, അതിന് മുന്നിലായി ഒരു തളികയിൽ കുറച്ച് നാണയങ്ങൾ, പഴത്തിനുള്ളിൽ കുത്തി വച്ചിരിക്കുന്ന ചന്ദനത്തിരികൾ, അതിന് മുന്നിലാണ് അഞ്ചു തിരിയിട്ട നിലവിളക്ക് വയ്ക്കുക.
അതിരാവിലെ അമ്മ ഞങ്ങളെ ഉണർത്തും. പിന്നിൽ നിന്ന് കണ്ണുപൊത്തിക്കൊണ്ട് അമ്മ നടത്തുന്ന വഴിയേ നടക്കും. ( എത്ര പരിചയം ഉള്ള വഴിയാണെങ്കിലും കണ്ണടച്ചാൽ ഒക്കെ തീർന്നു.) വിഷുക്കണിയുടെ മുന്നിലെത്തുമ്പോൾ അമ്മ കണ്ണിൽ നിന്നും കയ്യെടുക്കും. കണ്ണു തുറക്കുമ്പോൾ കാണുന്ന കാഴ്ച അത്രയ്ക്ക് മനോഹരമാണ്. അന്ധകാരത്തിനൊടുവിൽ നിലവിളക്കിൻ്റെ പ്രകാശത്തിൽ ചേതനയോടെയുള്ള കൃഷ്ണ വിഗ്രഹം. സമൃദ്ധിയുടെ അടയാളമായി നിറഞ്ഞിരിക്കുന്ന താലങ്ങൾ. കണ്ണും മനസും നിറയുന്ന കാഴ്ച.
പിന്നെയാണ് വിഷുക്കൈനീട്ടം കിട്ടുക, മുത്തശിയാണ് കൈനീട്ടം തരുന്നത്. ആ നാണയത്തിന് അന്ന് അതിൻ്റെ വിലയെക്കാൾ മൂല്യമുണ്ടായിരുന്നു. അതിന് ശേഷം തലേന്നത്തെ ബാക്കിയുള്ള പടക്കം പൊട്ടിക്കലായി, വിഷു സദ്യയായി, അങ്ങനെയൊരു വിഷുക്കാലവും കൂടി പടിയിറങ്ങുന്നു.
ഇന്നിപ്പൊ കാലം തെറ്റി പൂക്കുന്ന കൊന്നയും, മാറി വരുന്ന ഋതുക്കളുമൊക്കെയാണെങ്കിലും ഈ ലോകത്തിൻ്റെ ഏതു കോണിൽ ചെന്നാലും നമ്മൾ മലയാളികൾ വിഷുക്കണി ഒരുക്കുമെന്നതിൽ സംശയം വേണ്ട….
ദീപ ബിബീഷ് നായർ