മൂന്ന് പതിറ്റാണ്ടായി മഹാനഗരവുമായി ബന്ധമുണ്ടെന്നും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നഗരമാണ് മുംബൈയെന്നും ആശാ ശരത് ഓർത്തെടുക്കുന്നു. മുംബൈയിൽ മുളുണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ സോസൈറ്റിയുടെ രജത ജൂബിലി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നടിയും നർത്തകിയുമായ ആശ ശരത്
താനും ഒരു പ്രവാസിയാണെന്നും ദുബായ് പോലെ തനിക്കിപ്പോൾ ഏറെ പ്രിയപ്പെട്ടതാണ് മുംബൈ നഗരമെന്നും ആശ ശരത് മനസ്സ് തുറന്നു.
മുപ്പത് വർഷത്തെ ബന്ധമാണ് തനിക്ക് മുംബൈ നഗരവുമായിട്ടുള്ളതെന്നും നാസിക്കിലുള്ള ഭർത്താവിന്റെ വീട്ടിൽ പോകുവാൻ മാത്രമാണ് ഈ വഴി പോയിരുന്നതെന്നും ആശ പറഞ്ഞു. വല്ലപ്പോഴുമാണ് മുംബൈയിൽ കറങ്ങി ഷോപ്പിംഗ് നടത്തിയിരുന്നതെന്നും ആശ ശരത് പറയുന്നു.
“എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. എന്റെ ജീവൻ തുടിക്കുന്നത് മുംബൈയിലാണ്” ആശയുടെ വാക്കുകൾ കരഘോഷത്തോടെയാണ് നിറഞ്ഞ സദസ്സ് ഏറ്റെടുത്തത്
“എന്റെ മകൾ ഉത്തര വിവാഹിതയായ ശേഷം ജീവിക്കുന്നത് മുംബൈയിലാണ്. ദുബായ് പോലെ കേരളം പോലെ എനിക്ക് പ്രിയപ്പെട്ടതായി മാറി മുംബൈയും”. ആശ ശരത് പറയുന്നു .
മുംബൈയിൽ വരുവാനുള്ള അവസരങ്ങളൊന്നും താനിപ്പോൾ പാഴാക്കാറില്ലെന്നും മുംബൈയിൽ ഒരു പ്രോഗ്രാം ഉണ്ടെന്നറിഞ്ഞാൽ ഓടിയെത്താൻ ഇഷ്ടമാണെന്നും ആശ വ്യക്തമാക്കി, കുടുംബത്തോടൊപ്പം ചിലവിടാൻ കിട്ടുന്ന സമയങ്ങൾ തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും നടി കൂട്ടിച്ചേർത്തു
അമ്മ കലാമണ്ഡലം സുമതിയാണ് തന്നെ നൃത്തം പഠിപ്പിച്ചതും ജീവിക്കാൻ പഠിപ്പിച്ചതെന്നും ആശ പറഞ്ഞു. ദുബൈയിൽ ആദ്യം ചെയ്ത ജോലി റേഡിയോ ഏഷ്യയിൽ. ഒരു പാട് മലയാളം സംസാരിക്കാനും പാട്ടുകൾ കേൾക്കാനും കഴിഞ്ഞുവെന്നതാണ് കൂടുതൽ സന്തോഷം പകർന്നത്. അക്കാലത്താണ് ദാസേട്ടനും ചിത്ര ചേച്ചിയുമായി സംവദിക്കാനും ഇഷ്ടങ്ങൾ പങ്കിടാനും കഴിഞ്ഞത്.
“ഡാൻസ് ക്ലാസും ജോലിയുമായി കടന്നു പോകുന്നതിനിടയിൽ ഒരു രസത്തിന് വേണ്ടി മാത്രമാണ് കുങ്കുമപ്പൂവ് എന്ന ടെലിവിഷൻ സീരിയലിൽ പ്രൊഫ ജയന്തിയുടെ കണ്ണട എടുത്തു വച്ചത്. അതായിരുന്നു തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമിടുന്നതും പിന്നീട് ദൃശ്യം, ഫ്രൈഡേ, ആന്റണി തുടങ്ങിയ ചിത്രങ്ങളിലൂടെ നിങ്ങളുടെയെല്ലാം സ്നേഹം സമ്പാദിക്കാൻ കഴിഞ്ഞതും ” ആശ ശരത് പറഞ്ഞു.
മുംബൈയിൽ മുളുണ്ട് കാളിദാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മകൾ ഉത്തരയും കുടുംബവും ഒന്നിച്ചായിരുന്നു ആശാ ശരത് പങ്കെടുത്തത്.