കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ‘രാജ്യസ്നേഹി’കളുടെ പൊങ്കാല!!.
പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു.
ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും രാജ്യത്തിൻറെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നുമാണ് നടന്റെ ഫേസ്ബുക് പോസ്റ്റ്.
ഇതിനോടാണ് ആയിരങ്ങൾ രോഷത്തോടെ പ്രതികരിച്ചിരിക്കുന്നത്. എമ്പുരാൻ ചിത്രത്തിലൂടെ തീവ്രവാദികളെ വെള്ള പൂശാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പലരും രോഷം പങ്ക് വച്ചത്. എമ്പുരാൻ മൂന്നാം ഭാഗത്തിൽ കാശ്മീരിൽ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ തീവ്രവാദികളെയും വെളിപ്പിച്ചെടുക്കാൻ മടിക്കില്ലെന്ന് തുടങ്ങിയ വലിയ രോഷ പ്രകടനങ്ങളാണ് പലരും നടത്തിയിരിക്കുന്നത്.
മോഹൻലാൽ കഴിഞ്ഞ കുറെ ദിവസങ്ങളായി പൂനെയിൽ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. പുനെയിലും മോഹൻലാലിനെതിരെ ആർ എസ് എസ് പ്രവർത്തകർ പ്രതിഷേധിക്കാൻ പദ്ധതിയിട്ടെങ്കിലും പ്രദേശത്തെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് തണുപ്പിച്ചത്.