മനസ്സും ഹൃദയവും മരവിച്ചവരെപ്പോലും കരയിക്കുന്ന ഒരു ചിത്രം നമ്മുടെ മന:സാക്ഷിയെ കുത്തി നോവിച്ചു കൊണ്ടിരിക്കുകയാണ്. നീറ്റൽ പടർത്തുന്ന 26 വ്യത്യസ്ത ചിത്രങ്ങളിൽ 6 ദിവസം കൊണ്ട് പ്രിയതമനെ നഷ്ടപ്പെട്ട ഒരു ഹതഭാഗ്യയുടെ കണ്ണീർ കാശ്മീർ താഴ് വാരങ്ങളിൽ നിന്ന് നമ്മുടെ കാൽച്ചുവട്ടിലേക്ക് ഒഴുകി എത്തുകയാണ്, നിസ്സഹായയായ ഒരു സ്ത്രീയുടെ രോദനം നമ്മുടെ കാതുകളിലേക്ക് ചോദ്യങ്ങളുടെ ചുടലക്കാറ്റായി തുളഞ്ഞ് കയറുകയാണ്. വെടിയേറ്റ് വീണ ഭർത്താവിൻ്റെ കൈകൾ മടിയിൽ വച്ച് ഇരിക്കുന്ന ആ യുവതിയുടെ ചിത്രം നമ്മളെ നിരന്തരം അനിശ്ചിതമായ ജീവിതത്തിൻ്റെ അർത്ഥശൂന്യതയെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ശാന്തിയുടെ മേലാപ്പണിഞ്ഞ ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് ജീവിതത്തിലെ കുറച്ച് നിമിഷങ്ങൾ ആഘോഷമാക്കാൻ പോയവർ, ഭാര്യയുടേയും കുട്ടികളുടെയും മുന്നിൽ വച്ച് തോക്കിനിരയാകേണ്ടി വന്ന അവരുടെ ദുര്യോഗത്തെ എത് വാക്കുകൾ കൊണ്ട് നമ്മൾ സമാശ്വസിപ്പിക്കും? സൂര്യൻ പടിഞ്ഞാറ് മയങ്ങാൻ പോകുന്ന കുങ്കുമപ്പാടങ്ങളും കടുക് പാടങ്ങളും സൗന്ദര്യം പകർന്ന താഴ് വാരത്തിൻ്റെ സമയമെത്തും മുന്നേ അസ്തമിച്ച കറുത്ത സൂര്യനെ എന്ത് പേരിട്ട് വിളിക്കും?
ഭാരതത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പേർ, അത്രയോ അധിലധികമോ പരിക്കേറ്റ് ആശുപത്രികളിൽ . അവരെടുത്തത് 26 ജീവനല്ല, 26 കുടുംബങ്ങളുടെ ജീവിതമാണ്, അവരുടെ സ്വപ്നങളാണ്, അവരുടെ ഭാവിയുടെ നെടുംതൂണിനെയാണ് വെട്ടിമുറിച്ചത്. അവരുടെ കുട്ടികൾ രാത്രി ഞെട്ടി ഉണരുന്നത് കൺമുന്നിൽ പിടഞ്ഞു വീണ അവരുടെ അച്ഛനെ സ്വപ്നം കണ്ടാണ് . എന്ത് പറഞ്ഞാശ്വസിപ്പിക്കും നാമവരെ ?
ആയുധം കൈയിലുള്ളവന് മന: സാക്ഷിയോ മനുഷ്യത്വമോ കാണില്ല , നശികരണം മാത്രമാണവർക്ക് ലക്ഷ്യം. നിരപരാധികളേയും നിസ്സഹായരേയും കൊന്നാണ് അവർ വിജയം ആഘോഷിക്കുന്നത്. ഭീരുത്വത്തിൻ്റെ ചലിക്കുന്ന ആൾ രൂപങ്ങൾ ആണവർ. സ്നേഹം, സഹനം, സഹിഷ്ണുത, കരുണ, ദയ ഇവയെല്ലാം അവർക്ക് വെറുക്കപ്പെട്ട വികാരങ്ങളാണ്. ഒരു വേദവും അവരിൽ മാനസാന്തരം ഉണ്ടാക്കില്ല.
മരണം പിന്തുടരുന്ന ജീവിതത്തിൻ്റെ ഉച്ച മയക്കങ്ങളിൽ ഏത് നിമിഷവും നിലയ്ക്കാവുന്ന ഹൃദയമിടിപ്പിൻ്റെ അർദ്ധ വിരാമങ്ങളിൽ ചില ചിത്രങ്ങൾ ക്യാൻവാസുകളും ഛായക്കൂട്ടുകളുമില്ലാതെ മനസ്സിൽ തെളിഞ്ഞു കൊണ്ടിരിക്കും. ശാന്തിയുടെ വെൺ പ്രാവുകൾ പറന്നകലും മുമ്പ് വിതുമ്പുന്ന ആ ഛായാചിത്രത്തിൽ കണ്ണീരാൽ ഒരിറ്റ് ദാഹജലം.
രാജൻ കിണറ്റിങ്കര