- രാജൻ കിണറ്റിങ്കര
ഇന്നലെ പെയ്ത പെരുമഴയുടെ ആലസ്യത്തിലായിരുന്നു മുംബൈ ഇന്ന് ഉണർന്നെണീറ്റത്. രാവിലെ ജനാലയിലൂടെയും ബാൽക്കണിയിലൂടെയും പുറത്തേക്ക് നോക്കി മഴയുടെ കണക്കെടുപ്പിന് ശ്രമിച്ചവർ വരണ്ട് കിടക്കുന്ന റോഡ് കണ്ട് നിരാശരായി. ഒരു തുള്ളി മഴ പൊടിഞ്ഞിട്ടില്ല രാത്രിയിൽ .
മഴക്കാലമായാൽ വണ്ടികൾ വൈകിയോടുമെങ്കിലും മഴയെ ആഘോഷിക്കുന്നവരാണ് നഗരവാസികൾ. പണ്ടൊക്കെ മഴമൂലം ട്രാക്കിൽ വെള്ളം കയറി വണ്ടികൾ ബന്ദായാൽ വൈകുന്നേരംവരെ പ്ലാറ്റ്ഫോമിൽ ശീട്ട് കളിച്ചിരിക്കുന്നവർ ഉണ്ടായിരുന്നു. മൊബൈൽ ഇല്ലാത്ത കാലമായതിനാൽ വീട്ടിൽ നിന്ന് ചന്ദ്രേട്ടൻ എവിടെയാ എന്ന വിളി വരും എന്ന ഭയവുമില്ല. അന്നൊക്കെ റെയിൽവേ ഓവർ ബ്രിഡ്ജിലെ ജനങ്ങളെ നോക്കിയാണ് വണ്ടിയുടെ സമയം ഗണിച്ചിരുന്നത്. തിരക്കുണ്ടെങ്കിൽ ആരും പ്ലാറ്റ്‌ഫോമിൽ ഇറങ്ങില്ല.
നഗര മഴയിൽ നനഞ്ഞു കുതിർന്നൊരു ബാച്ചിലർ കാലം പ്ലാറ്റ്‌ഫോമിലും ഓവർ ബ്രിഡ്ജിലും പഴയ സൗഹൃദങ്ങളെ ഇപ്പോഴും തിരയുന്നുണ്ട്. മുംബൈ പഴയ മുംബൈയല്ലാതായിരിക്കുന്നു. കൃത്യനിഷ്ഠയില്ലാത്ത തൊഴിൽ സമയങ്ങളും കൃത്യനിഷ്ഠ മറന്ന ട്രെയിൻ സമയങ്ങളും മുംബൈക്ക് നഷ്ടപ്പെടുത്തിയത് സൗഹൃദങ്ങളുടെ വസന്തകാലമാണ്.
വീട്ടിൽ നിന്നിറങ്ങിയാൽ തോളിൽ ബാഗും തൂക്കി സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുന്നവരോട് ബഹുമാനവും സ്നേഹവുമായിരുന്നു. അവരാണ് ട്രെയിനുകൾ ഓടുന്നില്ലെന്ന ആദ്യ സിഗ്നൽ തരുന്നത്
സ്റ്റേഷന് തൊട്ടുള്ള തിലക് തീയേറ്ററിൽ നിന്ന് ജെയിംസ് ബോണ്ട് സിനിമകളും കണ്ട് 20 രൂപയ്ക്ക് മത്സ്യവും വാങ്ങി ആരെങ്കിലും ഒരാളുടെ വീട്ടിൽ ഒത്തുകൂടിയ ഒരു അല്ലലില്ലാ കാലം. U സർട്ടിഫിക്കറ്റ് സിനിമകളാണെങ്കിലും ബാച്ചിലർ മനസ്സുകളെ ആനന്ദിപ്പിക്കാനുള്ളത് എന്തെങ്കിലും ഏത് ഇംഗ്ലീഷ് സിനിമയിലും കാണുമെന്ന ധാരണയിൽ ഒരുപാട് മോണിംഗ് ഷോകൾ ഞങ്ങളുടെ പോക്കറ്റ് കാലിയാക്കിയിട്ടുണ്ട്.
വീട്ടിൽ നിന്നിറങ്ങിയാൽ തോളിൽ ബാഗും തൂക്കി സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുന്നവരോട് ബഹുമാനവും സ്നേഹവുമായിരുന്നു. അവരാണ് ട്രെയിനുകൾ ലേറ്റാണെന്നോ ഓടുന്നില്ലെന്നോ ഉള്ള ആദ്യ സിഗ്നൽ തരുന്നത്. ട്രെയിനൊക്കെ ടൈമിലാണ് എന്ന് പറയുന്നവർ ശത്രുക്കളായിരുന്നു അന്ന് ഞങ്ങൾക്ക് . ജോലിക്ക് പോകേണ്ട എന്ന് കരുതി നടക്കുന്ന ഞങ്ങളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ ആൾ ശത്രുവല്ലാതെ മറ്റാരാണ്?
മഴവരുന്നതും പോകുന്നതും ട്രെയിൻ വരുന്നതും പോകുന്നതും സൂര്യൻ അസ്തമിക്കുന്നതും ഒന്നും അറിയാതെ പ്ലാറ്റ്ഫോമിലെ ബഞ്ചിൽ റമ്മി കളിച്ച് ഇരിക്കുന്ന ചിലരും അന്നത്തെ സ്ഥിരം കാഴ്ചകളായിരുന്നു.
വണ്ടി നിന്നാലോ പാതി വഴിയിൽ കുടുങ്ങിയാലോ ആർക്കും വേവലാതിയില്ല. ഹൈ ടൈഡ് ഉള്ള ദിവസങ്ങളിൽ കോരിച്ചൊരിയുന്ന കാലവർഷത്തിൽ റെയിൽ പാളങ്ങൾക്ക് സമാന്തരമായി ഒഴുകുന്ന നദി, അതിൽ ചൂണ്ടയിട്ടും വലവീശിയും ചെറിയ തോണികളിൽ മീൻ പിടിക്കാൻ തുഴഞ്ഞു നീങ്ങുന്നവർ ഒരു പൊട്ടു പോലെ ദൂരെക്കാണാം.
ജോലിദിനങ്ങളും ഒഴിവു ദിനങ്ങളും ഒരുപോലെ ആഘോഷിച്ച പഴയ ബാച്ചിലർ കാലത്തിൻ്റെ പെരുമഴക്കോളിൽ സമയം തെറ്റി ഓടുന്ന വണ്ടികളുടെ ഇൻഡിഗേറ്ററിലേക്ക് നോക്കി അസ്വസ്ഥമാവുകയാണ് മനസ്സ്. ഏത് നിമിഷവും പോക്കറ്റിലെ മൊബൈൽ ചിലയ്ക്കാം, അതിലൂടെ ഒട്ടും സൗമ്യമല്ലാത്ത ഒരു ശബ്ദം കേൾക്കാം “ഇത്തനാ ലേറ്റ് ? തും കഹാ ഹൈ “

രാജൻ കിണറ്റിങ്കര – 91 73049 70326