എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ശ്രദ്ധ നേടുമെന്ന് എം മുകുന്ദൻ; മുംബൈയിൽ സമ്മിശ്ര പ്രതികരണം

0

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദനാണ് അടുത്ത കാലത്തിറങ്ങിയ പല പുസ്തകങ്ങളും ശ്രദ്ധിക്കപ്പെട്ടത് സാഹിത്യേതര കരണങ്ങളാലാണെന്ന് അഭിപ്രായപ്പെട്ടത്. എഴുത്തുകാരി സുന്ദരിയാണെങ്കിലും പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന് മുകുന്ദൻ പറഞ്ഞു. വായനക്കാർ ഒട്ടേറെയുണ്ടെങ്കിലും നല്ല കൃതികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എം മുകുന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ചു മുംബൈ :

മാനസി, എഴുത്തുകാരി
സൃഷ്ടികർത്താവിന്റെ ശാരീരിക സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു പുസ്തകം കൂടുതൽ ശ്രദ്ധിക്കപ്പെടുകയോ വിൽക്കപ്പെടുകയോ ചെയ്യുന്നുവെങ്കിൽ അത് കാണിക്കുന്നത് ആ സമൂഹത്തിന്റെ ശോചനീയമായ മാനസികാവസ്ഥയെയും നിലവാരത്തെയുമാണ്. യഥാർത്ഥത്തിൽ അങ്ങനെ നടക്കുന്നോ എന്നറിഞ്ഞുകൂടാ . സ്ത്രീയുടെ പേരിൽ എഴുതിയാൽ പ്രസിദ്ധീകരിച്ചുകിട്ടും, കൂടുതൽ വായിക്കപ്പടും എന്ന ധാരണയിൽ പെൺ തൂലികാനാമത്തിൽ എഴുതുന്ന പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട് . (അന്ന് ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നില്ല ). അതിനാൽ പെണ്ണാണെന്ന് പറയാൻ പേര് ഉപയോഗിച്ചു . ഇതിന്റെ കാരണവും സമൂഹത്തിന്റെ മനസ്സിൽ സ്ത്രീയോടുള്ള സമീപനത്തിന്റെയും അതുൾക്കൊള്ളുന്ന മാനസിക നിലവാരത്തിന്റെയും സൂചനയാകണമല്ലോ . ( മാനസി ആണാണെന്നായിരുന്നു എന്റെ ധാരണ എന്നു പലരും എന്നെ കണ്ടുമുട്ടിയപ്പോൾ പറഞ്ഞിട്ടുണ്ട്! )

സ്വന്തം എഴുത്തിന്റെ കഴിവിൽ വിശ്വാസമില്ലാത്തവർ, മറ്റു പല രംഗങ്ങളിലുമെന്ന പോലെ, മികവില്ലാത്ത സ്വന്തം പ്രോഡക്റ്റ് മാർക്കെറ്റ് ചെയ്യാൻ പലവിധ സ്വാധീനങ്ങളും ( പദവി പണം. തുടങ്ങി സ്വീകർത്താവിനു വേണ്ടതെന്തും ) അവ ഉപയോഗപ്പെടുമെങ്കിൽ , സ്വീകർത്താവിൽ ചെലുത്തിയേക്കും . സ്ത്രീകൾക്ക് മാത്രമായി അതിൽ പ്രത്യേക പങ്കൊന്നുമില്ല. സ്ത്രീയുടെ കാര്യത്തിൽ അത് വ്യത്യസ്ത മാണെന്നുള്ള പൊതു ധാരണ സ്ത്രീശരീരത്തോട് ഇന്നും സമൂഹം പൊതുവെ വച്ചു പുലർത്തുന്ന കാഴ്ചപ്പാടിന്റ ബാക്കിപത്രമാണ്.
(പുരുഷ സൗന്ദര്യം വിൽക്കപ്പെടുന്ന സന്ദർഭങ്ങളിൽ, പരിഗണിക്കുന്ന സ്വീകർത്താക്കളിൽ അതാവാം ഉപയോഗയോഗ്യം ) ഇത്തരം ‘ കൈക്കൂലികൾ ‘ വാങ്ങി , അർഹതയില്ലാത്ത, മികവില്ലാത്ത, സൃഷ്ടികൾ സ്വന്തം താൽപര്യങ്ങൾ നടന്നു കിട്ടാൻ വേണ്ടി സമൂഹത്തിന്റെ മുന്നിൽ വയ്ക്കുന്നവരാണ് ( ആണായാലും പെണ്ണായാലും ) ഏറെ അപലപനീയർ . അത്തരം സാഹിത്യേതര പരിഗണനകളെ, സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുന്നവർ എന്നും തള്ളിക്കളഞ്ഞിട്ടുണ്ട് . വായന എന്തിനു , എങ്ങനെ എന്നുള്ള ചോദ്യങ്ങൾ ഇതിനോടൊപ്പം വരും .

സൃഷ്ടി കർത്താവിന്റെ ഫോട്ടോ അച്ചടിക്കരുതെന്നു സാഹിത്യകാരന്മാർ / കാരികൾ തീരുമാനിച്ചാലോ? പാതി പരിഹാരമാകുമോ ആവോ !


എം ജി അരുൺ, മാധ്യമ പ്രവർത്തകൻ
ഏതു സാഹചര്യത്തിലാണ് മുകുന്ദൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല. എളുപ്പത്തിൽ ഖ്യാതി നേടാൻ കമ്പോളത്തിന് വേണ്ടി എഴുതപ്പെടുന്ന സാഹിത്യത്തെ കുറിച്ചാകാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. എന്നിരുന്നാലും ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം ഒഴിവാക്കാമായിരുന്നു. ഇതൊരു സ്ത്രീ വിരുദ്ധ പ്രസ്താവനയായി വ്യാഖ്യാനിക്കപ്പെടും. കാരണം പുരുഷന്റെ കാര്യത്തിലും ഈ വാദം ബാധകമാണല്ലോ. സുമുഖനായ ഒരാൾ പടച്ചു വിടുന്ന പുസ്തകം അത് കൊണ്ട് വിൽക്കപ്പെടുമെന്നോ സ്ത്രീകൾ കൂടുതൽ വായിക്കപ്പെടുമെന്നോ പറയുവാൻ പറ്റുമോ ? ആളുകളുടെ മുഖ ലക്ഷണങ്ങൾ വച്ച് കൊണ്ടുള്ള അവലോകനവും പ്രഖ്യാപനവും പ്രത്യേകിച്ച് വലിയ എഴുത്തുകാരിൽ നിന്നും ഉണ്ടാകാൻ പാടില്ല.


സുരേഷ് വർമ്മ – കഥാകാരൻ, പത്രപ്രവർത്തകൻ
പെണ്ണിന്റെ നഗ്നത പുറംചട്ടയാക്കുന്ന ചില മോശം പുസ്തകങ്ങളും വിറ്റഴിയുന്നുണ്ട്. സുന്ദരിമാരായ എഴുത്തുകാരിൽ ഭൂരിപക്ഷത്തിനും ആയിരക്കണക്കിന് ഓൺ ലൈൻ ഫോളോവേഴ്സ് ഉണ്ടാകും. പലപ്പോഴും അവരിലൂടെയാണ് പുസ്തകത്തിന്റെ വില്ലനയും പബ്ലിസിറ്റിയും പിയേഴ്സ് നിരൂപണങ്ങളുമൊക്കെ സംഘടിപ്പിക്കുന്നത്. ഒരു സുന്ദരിമങ്ക ഒരുമ്പെട്ടിറങ്ങിയാൽ പതിനായിരം പുസ്തകം വിൽക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, നല്ലവായനക്കാരന്റെ നെഞ്ചിലൊരിരിപ്പിടം നേടാൻ തലയിൽ ആൾ പാർപ്പുണ്ടാകണം. വിരൽ തുമ്പിൽ അക്ഷരവസന്തം പൂത്തുലയണം.


C.N. ബാലകൃഷ്ണൻ, മലയാളം മിഷൻ (മുംബൈ ) വൈസ് പ്രസിഡണ്ട്
ഇല്ല ….. എഴുത്തുകളെ വിലയിരുത്താതെ എഴുത്തുകാരിയെ മാത്രം നോക്കുന്നതിന്റെ പ്രശ്നമാണിത്…. മുകുന്ദന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. സ്ത്രീക്ക് നല്ലെഴുത്തുകൾ പറ്റില്ലെന്ന പുരുഷ പ്രാധാന്യ മനോഭാവം എം മുകുന്ദനിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.


ഗിരിജാവല്ലഭൻ, കഥാകാരൻ
എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്‍തകം ശ്രദ്ധിക്കപ്പെടുമെന്ന എം. മുകുന്ദന്‍റെ വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഫേസ് ബുക്ക്‌ എഴുത്തുകാരെക്കുറിച്ചാണെങ്കില്‍ ഇത് ഏറെക്കുറെ ശരിയാകാം. സുന്ദരിയായ തരുണിയുടെ ചിത്രം ഡി.പി ആയി ഇട്ട് കൊട്ടക്കണക്കിന്‌ ലൈക്കുകള്‍ വാരിക്കൂട്ടുന്ന പലരെയും നമുക്കറിയാമല്ലോ. അതുപോലെ തന്നെ സ്ത്രീകളുടെ പോസ്റ്റുകള്‍ക്ക് കമന്‍റും ലൈക്കും കൊടുക്കാന്‍ മത്സരിക്കുന്നവരാണ് മിക്ക ഫേസ് ബുക്ക് പുരുഷന്മാരും. പക്ഷേ അച്ചടിച്ചുവരുന്ന കൃതികളെക്കുറിച്ച് ഇത് പറയുന്നത് ശരിയല്ല. സ്വാര്‍ത്ഥ തല്‍പ്പരരായ ചില നിരൂപകര്‍ സുന്ദരികളുടെ രചനകളെ പുകഴ്ത്തിയെന്നു വരാം. അതൊക്കെ അല്പ്പായുസായിരിക്കും. അത് കൊണ്ട് ഒരു രചനയും ഉല്‍കൃഷ്ടമാവുകയില്ലല്ലോ. എഴുത്തുകാരിയുടെ സൌന്ദര്യം നോക്കി ഏതൊക്കെ കൃതികളാണ് കൊണ്ടാടപ്പെടുന്നതെന്ന് മുകുന്ദന്‍ എടുത്തു പറയണമായിരുന്നു.

അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്‍തകങ്ങളില്‍ പലതും സാഹിത്യേതരകാരണങ്ങളാലാണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന് കൂടി മുകുന്ദന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അതില്‍ കാര്യമില്ലാതില്ല.


വത്സൻ മൂർക്കോത്ത് . സാമൂഹിക പ്രവർത്തകൻ
ശ്രീ മുകുന്ദനെ പൊലെ ലബ്ദ പ്രതിഷ്ടനായ ഒരു എഴുത്തുകാരനിൽ നിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടാവരുതായിരുന്നു. സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അപക്വമാണ്. ഏത് കൃതിയെക്കുറിച്ചാണ് അദ്ദേഹം എഴുതിയതെന്ന് വ്യക്തമല്ല. ഏത് സന്ദർഭത്തിലായാലും തികച്ചും അപക്വമായ പ്രസ്താവന …


രാജൻ കിണറ്റിങ്കര, കവി, കാർട്ടൂണിസ്റ്റ്
ശ്രീ മുകുന്ദനെ പോലെയുള്ളവർ ഇത്തരം ഒരു അഭിപ്രായപ്രകടനം നടത്താൻ പാടില്ലായിരുന്നു. വായനക്കാരൻ എഴുത്തിന്റെ സൗന്ദര്യമാണ് ആസ്വദിക്കുന്നത്. എഴുത്തുകാരിയുടെ മുഖമല്ല. സ്വന്തം പടം വയ്ക്കാതെ വരുന്ന എത്ര സ്ത്രീ രചനകൾ അക്ഷര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഈ അഭിപ്രായപ്രകടനം ബാലിശമായിപ്പോയി. ഫെയ്സ് ബുക്ക് പോലുള്ള നവ മാധ്യമങ്ങളിൽ സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്തവർ രചനകൾ വായിക്കാതെ മുഖം നോക്കി ഇഷ്ടപ്പെടുന്ന ഒരു പ്രവണതയുണ്ട്. പക്ഷെ കാമ്പില്ലാത്ത ഒരു പുസ്തകം ശ്രദ്ധ നേടാൻ എഴുത്തുകാരി സുന്ദരിയായാൽ മതി എന്ന പ്രസ്ഥാവന തീർത്തും സ്വീകാര്യമല്ല.


എം അയ്യനേത്ത് , എഴുത്തുകാരൻ
ഒരർത്ഥത്തിൽ ശരിയാണ്. മൂല്യമുള്ള വാക്കുകൾ ഇല്ലങ്കിലും മുഖചിത്രം കവർച്ചി ചിത്രമാണങ്കിൽ മില്ലാത്ത എഴുത്തുകൾ പോലും ഗംഭീരമാണന്ന് പറയുന്നവരാണ് ഇന്ന് സമൂഹത്തിലുള്ളത്


ഡിംപിൾ ഗിരീഷ് , നർത്തകി, എഴുത്തുകാരി
ഏത് ഭാഷയിലും സുന്ദരി എന്ന വിവക്ഷയിലല്ല പ്രതിഭ എന്ന അർത്ഥത്തിൽ മാത്രമേ എഴുത്തുകാർ അടയാളപ്പെട്ടിട്ടുള്ളു. അത് ആണായാലും പെണ്ണായാലും. ശ്രീ എം മുകുന്ദൻ പറഞ്ഞ പ്രാധാന്യമുള്ള പല കാര്യങ്ങൾക്കിടയിലെ ഈയൊരു ചെറിയ വാചകം എടുത്തു പറഞ്ഞു വിവാദം ആക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നിയത്. എം മുകുന്ദൻ ഒരു സ്ത്രീ വിരുദ്ധനല്ല എന്ന് അദേഹത്തിന്റെ എഴുത്തുകളിൽ വ്യക്തമാണ്. അദ്ദേഹത്തിന്റെ കഥകൾ നോക്കൂ ദളിത് യുവതിയുടെ കദന കഥ,വേശ്യകളെ നിങ്ങൾക്കൊരമ്പലം ഒക്കെ. സ്ത്രീകളെ മഹത്വവൽക്കരിക്കുകയാണ് ചെയ്തിട്ടുള്ളത് എല്ലായ്പോഴും. അനാവശ്യ വിവാദം എന്നേ പറയാനുള്ളൂ.


മുരളീധരൻ വലിയവീട്ടിൽ , എഴുത്തുകാരൻ
എഴുത്തുകാരി സുന്ദരി ആണെങ്കിൽ അവരുടെ സൗന്ദര്യം തീർച്ചയായും ശ്രദ്ധിക്കപ്പെടും അല്ലാതെ എഴുത്ത് ശ്രദ്ധിക്കപ്പെടണം എന്നില്ല മറിച്ച് ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അവർ അപമാനിക്കുന്നത് പ്രബുദ്ധരായ വായനക്കാരെയാണ്. എഴുത്തുകാരിയെ കൊണ്ട് സിനിമയിൽ അഭിനയിപ്പിക്കുകയല്ലല്ലോ വായനക്കാർ ചെയ്യുന്നത്.


ഗിരിജ ഉദയൻ – കവി
സാഹിത്യലോകത്ത് ആസ്വാദകരുടെ മന० കവർന്ന മുകുന്ദൻ എന്ന എഴുത്തുകാരനിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല. പെണ്ണെഴുത്ത് എന്ന് പറഞ്ഞ് തരം താഴ്ത്താനാണ് പുരുഷകേസരികൾ ആഗ്രഹിക്കുന്നത്. നിലവാരമുള്ളതിന് വിവേചനമില്ലാതെ അനുവാചകരുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു. സ്ത്രീ എന്തെഴുതിയാലും അവളുടെ ജീവിതമാണെന്ന് വിചാരിക്കുന്നവരു० ഉണ്ട്. പ്രണയകവിത എഴുതിയാൽ ആരെയോ പ്രണയിക്കുന്നു എന്നു കരുതുന്നവരു० കുറവല്ല. സൌന്ദര്യംകൊണ്ട് മാത്രം എഴുത്ത് ആരും വായിക്കില്ല. നിലവാരവു० വേണം.


ദേവൻ തറപ്പിൽ – എഴുത്തുകാരൻ, ബ്ലോഗർ
അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. എന്നാൽ സത്യമില്ലാതില്ല. സ്ത്രീകൾ എന്ത് പറഞ്ഞാലും അത് വലിയവായിൽ കൂവിക്കൊണ്ട് നടക്കുന്ന ഒരു സമൂഹം വളർന്ന് വരുന്നുണ്ട്. അതുകൊണ്ട് അത്തരക്കാരെ പ്രമോട്ട് ചെയ്യാനും ഗ്രൂപ്പുകളുണ്ട്.സമൂഹമാധ്യമങ്ങളിൽ പുരുഷന്മാർ നല്ലൊരു കവിതയോ ലേഖനമോ ഇട്ടാൽ പ്രതികരിക്കാത്തവർ, സ്ത്രീകൾ ഗുഡ് മോർണിംഗ് ഇട്ടാൽ ആയിരം ലൈക് കൊടുക്കും. കമ്പിൽ തുണി ചുറ്റി പ്രൊഫൈലിൽ കണ്ടാൽ മതി ഇപ്പറയുന്ന മഹാന്മാർക്ക്. അവരാണ് ഇവർക്ക് പ്രചോദനം. പ്രണയ ലേഖനങ്ങൾ എഴുതി പൂണ്ടു വിളയാടുന്നവർ ഒരുപാടുണ്ട്. സത്യം ഒരുപാട് അകലെയാണ്. സാഹിത്യത്തിലുപരി സ്ത്രീകളെ സുഖിപ്പിക്കലാണ് ഇത്തരക്കാരുടെ പ്രവർത്തനം. പട്ടിയ്ക്ക് ഒരു മുഴം മുൻപേ എറിയണം എന്ന് പറയുമ്പോലെ, സ്ത്രീകളുടെ എഴുത്താണെങ്കിൽ ഇവർ ചക്കയിൽ ഈച്ച പൊതിയുന്ന രീതിയിൽ എഴുത്തിനെ വലയം ചെയ്യും. സിവിക് ചന്ദ്രൻ നെരൂളിൽ വന്നപ്പോൾ പറഞ്ഞത് സ്ത്രീകളുടെ എഴുത്താണ് മെച്ചമെന്ന്. ഇത്തരം ഹെൻപെക്കുകളാണ് എഴുത്തിന്റെ ഘാതകർ…


ഇന്ദിര കുമുദ്, എഴുത്തുകാരി

മുകുന്ദ ഹരേ….

ഒരു പോസ്റ്റ് ഇടണം
(പുസ്തകം ഇറക്കാനും മാത്രം സൗന്ദര്യം ഇല്ലാഞ്ഞിട്ടാട്ടോ)
ഉള്ള സൗകര്യത്തിൽ സോറി സൗന്ദര്യത്തിൽ എല്ലാരുംകൂടിയങ്ങ് വായിച്ചു വളരുമല്ലോ?

നമ്മുടെ പോസ്റ്റിന്റെ പേര് മുകുന്ദട്ടാ സുമിത്ര വിളിക്കുന്നു.. അതാ അങ്ങോട്ടുനോക്കൂ.. അങ്ങകലെ വെള്ളിയാങ്കല്ലിൽ പാറിക്കളിക്കുന്ന സുന്ദരിത്തുമ്പി സുമിത്ര..അതിന്റ തുമ്പി കയ്യിൽ അതെഴുതിയ പുതിയ പുസ്തകം… നോവലാണോ.. കഥയാണോ.. അതോ കവിതയാണോ…?എന്ത് കുന്തമെങ്കിലും ആകട്ടെ.. സൗന്ദര്യമുള്ളതുകൊണ്ട് വിറ്റുപോകും… മുകുന്ദന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല


വിജയ മേനോൻ, എഴുത്തുകാരി
ഒരിക്കലും ഈ പ്രസ്ഥാവനയോട് യോജിക്കാൻ കഴിയുന്നില്ല. സൌന്ദര്യമില്ലാത്ത സ്ത്രീകളുടെ പുസ്തകം എന്താ വിറ്റുപോകുന്നില്ലേ? എഴുത്തിന് നിലവാരമുണ്ടെങ്കിൽ വായനക്കാർ വായിക്കും എന്നത് ഉറപ്പാണ്


രാജേഷ്  ഐരോളി
മുകുന്ദന്റെ  ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയുന്നില്ല. സാഹിത്യത്തിന് പിന്നെ വിലയില്ലാതാകും.  സൃഷ്ടികൾ ഉടലെടുക്കുന്നത് മനസ്സിലാണ്, അല്ലാതെ ശാരീരിക സൗന്ദര്യത്തിൽ നിന്നല്ല.


സന്ദീപ്, താക്കുർളി
വാക്കുകളെ അടർത്തിയെടുത്ത് വിവാദമാക്കാനുള്ള ശ്രമമായി മാത്രമാണ് തോന്നുന്നത്. ആരുടെ പുസ്തകം എന്ന് നോക്കി മാത്രം രചനകളെ സ്വീകരിക്കുന്ന തെറ്റായ പ്രവണത അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. കോർപ്പറേറ്റുകളായ പ്രസാദകർ ഈ രംഗം കയ്യടക്കുന്നതിന്റെ ഭീഷണികളെ കുറിച്ചാണ് അദ്ധേഹം കൂടുതൽ സംസാരിക്കുന്നത്. അതിനിടയിൽ മുഖം ആഘോഷിക്കപ്പെടാത്ത ഒട്ടനവധി നല്ല കൃതികൾ അവഗണിക്കപ്പെടുന്നു. നല്ലൊരു വിമർശനം ചർച്ചക്കായി വക്കുമ്പോൾ എം. മുകുന്ദനെ പോലുള്ള സാഹിത്യകാരന്മാർ കുറേക്കൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. സ്ത്രീ – പുരുഷ ഭേദമില്ലാതെ കച്ചവട തന്ത്രം അറിയുന്നവർ വിജയിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്.


സന്തോഷ് പല്ലശ്ശന, കവി
മറ്റേതൊരു മേഖലയിലും എന്ന പോലെ സാഹിത്യത്തിൽ “സ്ത്രീ സൗന്ദര്യം” ചെറുതെങ്കിലും ഒരു ഘടകമാണ്! അതിന് സ്ത്രീകളെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം?. അവരെന്തു പിഴച്ചു! സൗന്ദര്യരാധകരായ ( ചില സ്ത്രീ ലമ്പടന്മാരും ) എല്ലാ മേഖലയിലുമുണ്ടല്ലൊ. സ്ത്രീകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളടക്കം പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ പ്രമോട്ടു ചെയ്യാൻ പുരുഷന്മാർ തന്നെയാണ് മത്സരിക്കുന്നത്.

ഇതിന്റെ ശരിതെറ്റുകൾ എന്തു തന്നെയായാലും ഇതൊന്നും സാഹിത്യത്തിലെ അടിസ്ഥാന പ്രശ്നങ്ങളല്ല. സൗന്ദര്യം കൊണ്ടു മാത്രം വിപണനം ചെയ്യപ്പെടാൻ കഴിയുന്ന ചരക്കുകളല്ല സാഹിത്യ കൃതികൾ. അങ്ങിനെയായിരുന്നുവെങ്കിൽ കാവ്യ മാധവൻ മലയാളത്തിലെ ഒന്നാം നമ്പർ കവയത്രിയായി മാറുമായിരുന്നുവല്ലൊ. അവർ ഒരു കാവ്യസമാഹാരം ഇറക്കിയിരുന്നുവല്ലൊ.

മുകുന്ദൻ വളരെ ഉപരിപ്ലവമായി ഒരു നിരീക്ഷണം അവതരിപ്പിച്ചുവെന്നെയുള്ളു. സുന്ദരി കുട്ടികൾ പരിഭവിക്കുകയൊന്നും വേണ്ട. എന്നു വെച്ച് ഈ പ്രസ്ഥാവനയോട് പ്രതികരിക്കുന്ന – പരിഭവിക്കുന്ന എല്ലാംവരും ചുന്ദരി കുട്ടികളാണ് എന്ന് കരുതരുത്.


LEAVE A REPLY

Please enter your comment!
Please enter your name here