ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ഗ്രൂപ്പുകളിലായി 1,500-ഓളം കലാകാരന്മാർ അണിനിരന്ന 16 മണിക്കൂർ തുടർച്ചയായ പ്രകടനങ്ങൾക്ക് ഗുംഗ്രൂ സീസൺ 5 വേദിയായപ്പോൾ സംഘാടക സിന്ധു നായർക്ക് ഇത് നേട്ടങ്ങളുടെ മറ്റൊരു നാഴികക്കല്ലായി.
നവി മുംബൈ വാഷി സിഡ്കോ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ നൃത്തോത്സവത്തിൽ ഇക്കുറി വിദേശത്ത് നിന്നുള്ള കലാകാരന്മാരും പങ്കെടുത്തു.
പാരമ്പര്യങ്ങളിൽ വേരൂന്നിയ ഇന്ത്യയുടെ വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ ഒരേ വേദിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകയായ സിന്ധു നായർ വ്യക്തമാക്കി.

ഭരതനാട്യം, കഥക്, ഒഡീസി, കുച്ചിപ്പുടി, മോഹിനിയാട്ടം, യക്ഷഗാനം തുടങ്ങിയ ശാസ്ത്രീയനൃത്തങ്ങൾ കൂടാതെ നാടോടി നൃത്തങ്ങളിൽ ഗുജറാത്തി, തിരുവാതിരക്കളി, ഗന്ധൽ, തെലുങ്ക് നൃത്തം, സബൽപുരി, കശ്മീരി, ലാവണി തുടങ്ങിയ നൃത്തരൂപങ്ങളും അരങ്ങേറി. കൂടാതെ ബോളിവുഡ് നൃത്തം, സെമി ക്ലാസിക്കൽ, കണ്ടംപററി, ഫ്യൂഷൻ തുടങ്ങിയ നൃത്തരൂപങ്ങളും വേദിയെ ത്രസിപ്പിച്ചു.
തികച്ചും സൗജന്യമായി നടത്തുന്ന നൃത്തോത്സവം IFTCA (Indian Film & Television Choreographers Association), AIAA (AllIndia Artist Association), Simla കൂടാതെ നിരവധി സാംസ്‌കാരിക സംഘടനകളുടെയും സ്പോൺസർമാരുടെയും പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നതെന്ന് സിന്ധു നായർ പറഞ്ഞു. .
“നവി മുംബൈയെ അടുത്ത സാംസ്കാരിക ഹബ്ബായി മാറ്റുക എന്നതാണ് ലക്ഷ്യം. നമ്മുടെ കലാകാരന്മാരുടെ ആത്മാവിനും അവർ മുന്നോട്ടുകൊണ്ടുപോകുന്ന പാരമ്പര്യങ്ങൾക്കും നൽകിയ സമർപ്പണമാണ് ഈ നൃത്തോത്സവം.” സിന്ധു പറയുന്നു.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യവസായികൾ തുടങ്ങി കലാസ്വാദകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ നീണ്ട നൃത്ത പരിപാടികൾ. for more pictures of the event, click here