മുംബൈ മലയാളി യുവാവ് ജെസ്സൻ ജോസ് നേതൃത്വം നൽകുന്ന സ്‌പോർട്സ് എൻജിഒ ഇതിനകം അഞ്ഞൂറിലധികം കുട്ടികൾക്കാണ് ആശ്രയവും പ്രതീക്ഷയും നൽകിയത്.
മുംബൈയിൽ ക്യാരക്ടർ ബിൽഡിങ് സെഷനിൽ പരിശീലനം നടന്നു കൊണ്ടിരിക്കുമ്പോഴാണ് വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് പരീക്ഷ പാസ്സായ വാർത്തയെത്തിയത്. എന്നാൽ, പരിശീലനം നടത്തി കൊണ്ടിരിക്കുന്ന കുട്ടികൾക്ക് വലിയ വിജയത്തിന്റെ സന്തോഷം മാർക്കിൽ ആയിരുന്നില്ല അവരുടെയെല്ലാം വാക്കുകളിലായിരുന്നു.
“എന്റെ ചേരിയിൽ ആളുകൾ എപ്പോഴും എന്നെ അവഹേളിക്കുമായിരുന്നു. അവഗണകൾ സഹിച്ചാണ് ജീവിച്ചത്. എന്നാൽ ഇപ്പോൾ അവരെല്ലാം കുട്ടികളോട് തന്നെ പോലെയാകണമെന്ന് പറയുമ്പോൾ എന്നെ സ്ഥിരോത്സാഹിയാക്കിയ ഈ സംഘടനയോട് വലിയ കടപ്പാടുണ്ട്” വാക്കുകൾ പൂർത്തിയാക്കാതെ ആൺകുട്ടി വിതുമ്പി, കേട്ട് നിന്ന പരിശീലകരുടെയും കണ്ണുകളിൽ ഈറനണിഞ്ഞു.
“സാർ, ഞങ്ങളുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. എന്നാൽ പിതൃസ്ഥാനത്ത് നിന്ന് ഞങ്ങളെ വിജയത്തിന്റെ വഴിയിലേക്ക് നയിച്ച് ശക്തി പകർന്നത് സാറാണ് ” വിജയത്തിളക്കത്തിൽ പെൺകുട്ടി സംസാരിച്ചതും സ്‌പോർട്സ് എൻജിഒ നേടിക്കൊടുത്ത സ്വീകാര്യതയും , ആത്മവിശ്വാസവുമാണ്.
സ്‌പോർട്സ് എൻജിഒ SMI യിൽ, കുട്ടികളെ കളിക്കാൻ മാത്രമല്ല, ജീവിതം നയിക്കാൻ കൂടി പരിശീലിപ്പിക്കുന്നു. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിലൂടെ അവഗണിക്കപ്പെട്ട കുട്ടികളിൽ പരിവർത്തനം പകർന്ന് നൽകുന്നു.
മുംബൈയിലെ ചേരികൾ, ചുവന്ന തെരുവുകൾ, സർക്കാർ ഷെൽട്ടർ ഹോമുകളിൽ നിന്നുള്ളവരെല്ലാമാണ് ഇവിടെയെത്തി പുതുജീവിതം കെട്ടിപ്പടുക്കുന്നത്.