പോയ വർഷത്തെ ഏറ്റവും മികച്ച ചിൽഡ്രൻസ് ഫിലിം ആയി തിരഞ്ഞെടുത്ത ‘കലാം സ്റ്റാൻഡേർഡ് 5 ബി’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഏഞ്ചലോ ക്രിസ്റ്റ്യാനോ മികച്ച ബാല നടനായി തിരഞ്ഞെടുത്തത്. ചിത്രത്തിൽ ബാല നടിയായി അഭിനയിച്ച ബേബി മെലീസയാണ് മികച്ച ബാല നടി.
മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രത്തിൽ ടോം ജേക്കബ്, കൂടാതെ മുംബൈ മലയാളിയായ നിമിഷ നായരും ജീവിതഗന്ധിയായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു.
ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തിപ്പെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിന്റെ സംസ്കാരവും രീതികളും തന്റെ മക്കളിലൂടെയും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ കഥ. എന്നാൽ ‘സിഎഎ’യുടെ വരവോടുകൂടി ഇവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് സിനിമ പ്രതിപാദിക്കുന്നത്.
ആൻമരിയ പ്രസന്റേഷൻസും ലാൽജി ക്രിയേഷൻസും ചേർന്ന് നിർമിച്ച ചിത്രത്തിൻറെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ, എഡിറ്റിങ്ങ്, സംവിധാനം ലിജോ മിത്രൻ മാത്യുവാണ് നിർവഹിച്ചത്.
കൈരളി ടിവിയിൽ ആംചി മുംബൈ പ്രക്ഷേപണം ചെയ്ത മുംബൈ ടാലെന്റ്സ് എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഏഞ്ചലോ ക്രിസ്റ്റ്യാനോ പിന്നീട് സംഗീതവും അഭിനയവുമായി സീരിയലുകളിലും സിനിമകളിലുമായി സജീവമാണ്

