യന്ത്രവനിത സോഫിയയാണ് തന്റെ മനസിലിരുപ്പ് വെളിപ്പെടുത്തിയത്. ഇഷ്ടപ്പെട്ട നടൻ ആരാണെന്ന ചോദ്യത്തിന് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫിയക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഹൈദരാബാദില്‍ നടക്കുന്ന ഐടി ലോക കോണ്‍ഗ്രസിലെ റാപിഡ് ഫയർ സംവാദത്തിനിടെയാണ് ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ ഇഷ്ടനടന്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ ആണെന്ന് സോഫിയ വെളിപ്പെടുത്തിയത്.
ഇഷ്ടപ്പെട്ട സ്ഥലം ഹോങ്കോങ് ആണെന്ന് പറഞ്ഞ സോഫിയ താൻ സാധാരണ മനുഷ്യരെ പോലെ അസ്വസ്ഥയാകാറില്ലെന്നും വ്യക്തമാക്കി. മനുഷ്യരെപ്പോലെ സംസാരിക്കുവാനും, വികാരങ്ങള്‍ പ്രകടിപ്പിക്കുവാനും കഴിവുള്ള സോഫിയയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് തന്റെ ചില ഇഷ്ടങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ മാസം മുംബൈ ഐ ഐ ടിയിൽ വന്നതായിരുന്നു സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദർശനം.