പൻവേൽ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കും. പൻവേൽ വിരൂപാക്ഷ ഹാളിൽ വിപുലമായ പരിപാടികളോടെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മന്നനെ വരവേൽക്കും. തുടർന്ന് സമാജം കുടുംബാംഗങ്ങൾ ചേർന്നവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
സാംസ്കാരിക സമ്മേളനത്തിൽ കവിയും മുംബൈയിലെ മുതിർന്ന സാംസ്‌കാരിക പ്രവർത്തകനുമായ ജി വിശ്വനാഥൻ, പ്രമുഖ നർത്തകിയും എഴുത്തുകാരിയുമായ നിഷ ഗിൽബർട്ട്, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് റഫീഖ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. മികച്ച മലയാളം അധ്യാപികയായി കേരള സർക്കാർ തിരഞ്ഞെടുത്ത നിഷ പ്രകാശിനെ ചടങ്ങിൽ ആദരിക്കുമെന്ന് സെക്രട്ടറി സണ്ണി മാത്യു അറിയിച്ചു.
പൂക്കള മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്കുള്ള സമ്മാന വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കുമെന്ന് ജനറൽ കൺവീനർ സതീഷ് നായർ അറിയിച്ചു.
സോമരാജൻ, കെ എ ജോസഫ്, സന്ധ്യ വിനോദ് (വനിതാ വിഭാഗം), ജോളി തോമസ് എന്നിവർ ഏകോപനം നിർവഹിക്കും.
