മഹാരാഷ്ട്രയിലെ മലയാളി സാഹിത്യപ്രേമികൾക്ക് ചിന്തയുടെ പുതിയ വാതായനങ്ങൾ തുറന്ന് ഡോംബിവ്‌ലി കേരളീയസമാജത്തിന്റെ തുഞ്ചൻസ്മാരക സാഹിത്യോത്സവം. സാഹിത്യം മനുഷ്യരെ ഹിംസയിൽ നിന്ന് മനുഷ്യത്വത്തിലേക്ക് നയിക്കേണ്ടതാണെന്ന് ഉദ്ഘാടന വേളയിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. സാഹിത്യത്തിന്റെയും സമൂഹത്തിന്റെയും ബന്ധങ്ങളെ ആഴത്തിൽ ചർച്ച ചെയ്ത സാഹിത്യോത്സവം എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായി.

ഡോംബിവ്‌ലി കേരളീയസമാജം സംഘടിപ്പിച്ച തുഞ്ചൻസ്മാരക സാഹിത്യോത്സവം പ്രമുഖ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പുതിയ കാലത്തെ വായനക്കാരുമായി സംവദിക്കുന്ന എഴുത്തുകാരനാണ് യഥാർത്ഥത്തിൽ കാലത്തിനൊപ്പം സഞ്ചരിക്കുന്നതെന്നും, പലപ്പോഴും കാലത്തിനുമുന്നിൽ സഞ്ചരിക്കുന്നവരാണ് എഴുത്തുകാരെന്നും ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മലയാളഭാഷയിലെ നവഭാവുകത്വത്തെക്കുറിച്ച് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പ്രഭാഷണം നടത്തി. സമാജത്തിന്റെ പ്രഥമ തുഞ്ചൻസ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്റെ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനാണ് സമ്മാനിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സമൂഹനിർമാണത്തിൽ സാഹിത്യത്തിന്റെ പങ്ക് എന്ന വിഷയത്തിൽ വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണവും ശ്രദ്ധേയമായി. സമകാലിക സാഹിത്യത്തിന്റെ ദിശകളും നഗരസാഹിത്യത്തിന്റെ പുതിയ പ്രവണതകളും വിലയിരുത്തിയ സെമിനാറിന് മാധ്യമപ്രവർത്തകൻ എം.ജി. അരുൺ നേതൃത്വം നൽകി.
നോവലിസ്റ്റ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സാഹിത്യചർച്ച എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശന ഉദ്ഘാടനം ചെയ്തു. അമ്പിളി കൃഷ്ണകുമാർ, ജോയ് ഗുരുവായൂർ നെല്ലുവായ്, അജിത് ശങ്കരൻ, ഇ. ഹരീന്ദ്രനാഥ് തുടങ്ങി നിരവധി സാഹിത്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

മുംബൈയിലെ മുതിർന്ന എഴുത്തുകാരൻ ബാലകൃഷ്ണനെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ പി.ആർ. കൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.
സാഹിത്യത്തിന്റെ സാമൂഹിക ഉത്തരവാദിത്തവും പുതിയ കാലത്തിന്റെ സാംസ്കാരിക വെല്ലുവിളികളും ചർച്ച ചെയ്ത തുഞ്ചൻസ്മാരക സാഹിത്യോത്സവം, മഹാരാഷ്ട്രയിലെ മലയാളി സാഹിത്യലോകത്തിന് പുതിയ ചർച്ചകൾക്കും ചിന്തകൾക്കും വേദിയായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS
