മുംബൈ: പിറന്നാൾ ആഘോഷത്തിനായി നടത്തിയ യാത്ര ദാരുണാന്ത്യത്തിൽ കലാശിച്ചു. അമിതവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് നിരവധി തവണ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവതിയും സുഹൃത്തും മരിച്ചു. കോട്ടയം സ്വദേശികളായ കുടുംബത്തിന്റെ മകളായ ബാന്ദ്ര സ്വദേശിനി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
റബേക്കയുടെ 24-ാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര. മുംബൈ–വഡോദര ഹൈവേയിൽ ടിറ്റ്വാല ഭാഗത്തുനിന്ന് ബദ്‌ലാപുരിലേക്ക് പോകുന്നതിനിടെയാണ് ഞായറാഴ്ച പുലർച്ചെ അപകടമുണ്ടായത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഡിവൈഡറിൽ ഇടിച്ച വാഹനം റോഡിൽ പലതവണ മറിഞ്ഞതോടെ പൂർണമായും തകർന്നു.
അപകടത്തിന് തൊട്ടുമുൻപ് ചിത്രീകരിച്ചതായി കരുതുന്ന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ സ്പീഡോമീറ്ററിൽ മണിക്കൂറിൽ 251 കിലോമീറ്റർ വേഗം രേഖപ്പെടുത്തിയിരിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ ആധികാരികതയും അപകടവുമായി അതിനുള്ള ബന്ധവും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ബാന്ദ്ര വെസ്റ്റിലെ പാലി ഹിൽ റോഡിലുള്ള ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് റബേക്ക. സഹോദരി റേച്ചൽ.
സംസ്കാരച്ചടങ്ങുകൾ ഇന്ന് രാവിലെ വസതിയിൽ ആരംഭിച്ച് ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഈ അപകടം വീണ്ടും ഒരിക്കൽ കൂടി അമിതവേഗ ഡ്രൈവിംഗിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS
