ബംഗാളി സാഹിത്യത്തിന്റെ അമൂല്യസൃഷ്ടികളെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തിയ പ്രശസ്ത വിവർത്തക ലീലാ സർക്കാർ ആദരവിന്റെ നിറവിൽ. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ലീലാ സർക്കാരിനെ ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ആദരിച്ചു.
ബംഗാളി സാഹിത്യത്തിലെ ക്ലാസിക് കൃതികളെ മലയാളത്തിലേക്കും മലയാള സാഹിത്യത്തെ ബംഗാളിയിലേക്കും എത്തിച്ച സാഹിത്യസേവനത്തിന് അംഗീകാരമായാണ് ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ലീലാ സർക്കാരിനെ ആദരിച്ചത്.

ഡിറ്റക്ടീവ് ബോംകേഷ് ബക്ഷി ഉൾപ്പെടെ നൂറ്റിപത്തിലധികം ബംഗാളി കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ലീലാ സർക്കാർ, രണ്ട് ഭാഷകൾക്കിടയിൽ സാഹിത്യത്തിന്റെ ശക്തമായ പാലം പണിത വ്യക്തിത്വമാണ്.
നെരൂൾ സമാജം ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം നോവലിസ്റ്റ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
“എന്റെ അടുത്ത കുടുംബാംഗത്തെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.” ബാലകൃഷ്ണൻ പറഞ്ഞു.
‘മലയാളസാഹിത്യത്തിന് പരിഭാഷയുടെ സംഭാവന’ എന്ന വിഷയത്തിൽ എഴുത്തുകാരൻ എസ്. ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ലീലാ സർക്കാരിന്റെ വിവർത്തനങ്ങളിലൂടെയാണ് തന്റെ തലമുറയിലെ നിരവധി എഴുത്തുകാർ ബംഗാളി സാഹിത്യത്തെ പരിചയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യത്തിലെ ബൈബിളിന്റെ സ്വാധീനം ഹരീഷ് ചൂണ്ടിക്കാട്ടി
ലീലാ സർക്കാരിന്റെ സാഹിത്യജീവിതവും വിവർത്തനസപര്യയും എഴുത്തുകാരൻ സി.പി. കൃഷ്ണകുമാർ സദസ്സിന് പരിചയപ്പെടുത്തി.
മാതൃഭൂമി മുംബൈ ബ്യൂറോ ചീഫ് എൻ. ശ്രീജിത്ത് ആശംസകൾ നേർന്നു. ലീലാ സർക്കാരിന്റെ വിവർത്തനത്തിലൂടെ പുറത്തുവന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
സമാജം ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞു. സമാജം ലൈബ്രറിയിൽ ലീലാ സർക്കാരിന്റെ കൃതികൾക്ക് മാത്രമായി പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സമാജം പ്രസിഡന്റ് കെ.എ. കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. പി.ആർ. സഞ്ജയ് പരിപാടികൾ നിയന്ത്രിച്ചു.
തൊണ്ണൂറാം വയസ്സ് പിന്നിട്ടിട്ടും സാഹിത്യലോകത്തിന് പ്രചോദനമായി തുടരുന്ന ലീലാ സർക്കാരിനുള്ള ഈ ആദരം, വിവർത്തന സാഹിത്യത്തിന്റെ മഹത്തായ സംഭാവനകൾക്ക് നൽകിയ അംഗീകാരമായി മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS
